തീവണ്ടികളില്‍ റാഗിംങ്ങ്‌: കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി

Sunday 3 July 2011 10:46 pm IST

കാസര്‍കോട്‌: മംഗലാപുരത്ത്‌ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ തീവണ്ടികളില്‍ റാഗിംഗ്‌ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ കെ എന്‍ സതീഷും, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകനും അറിയിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിളിച്ചുകൂട്ടിയ സ്റ്റുഡണ്റ്റ്സ്‌ ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ്‌ കളക്ടറും എസ്‌ പി യും ഈ കാര്യം അറിയിച്ചത്‌. തീവണ്ടികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മര്‍ദ്ദനങ്ങളെ കുറിച്ച്‌ യോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ വിശദീകരിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സമീപമുളള ബസ്‌ സ്റ്റോപ്പുകളില്‍ ഓരോ പോലീസുകാരും നിയോഗിക്കുമെന്ന്‌ എസ്‌ പി അറിയിച്ചു. വിദ്യാര്‍ത്ഥികളെ സുഗമമായി ബസ്സുകളില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും, നിയന്ത്രിക്കാനും, ബസ്‌ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുളള പ്രശ്നങ്ങള്‍ യഥാസമയം ഇടപെട്ട്‌ പരിഹരിക്കാനുമാണ്‌ പോലീസുകാരെ നിയോഗിക്കുന്നത്‌. നിലവിലുളള ഹോം ഗാര്‍ഡുകള്‍ക്ക്‌ പുറമെയാണ്‌ പോലീസുകാരെ നിയോഗിക്കുക. സ്കൂള്‍ കുട്ടികള്‍ അച്ചടക്കത്തോടെ ബസ്‌ കയറി യാത്ര ചെയ്യാനും, റോഡ്‌ സുരക്ഷാ നിയമങ്ങള്‍ പാലിക്കാനുമായി എല്ലാ സ്കൂളുകളിലും റോഡ്‌ സുരക്ഷാ കമ്മിറ്റികള്‍ രൂപീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്റ്ററി സ്കൂളുകളില്‍ ഉടന്‍തന്നെ റോഡ്‌ സുരക്ഷാ നിയമങ്ങള്‍ സംബന്ധിച്ചു ബോധവല്‍ക്കരണ ക്ളാസ്സുകള്‍ സംഘടിപ്പിക്കും. കെഎസ്‌ആര്‍ടിസി ചന്ദ്രഗിരി റൂട്ടില്‍ കാസര്‍കോട്‌-കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ യാത്ര പോകുന്ന കുട്ടികള്‍ക്ക്‌ സൌജന്യ നിരിക്കിലുളള യാത്രാ പാസ്‌ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാണ്ട്‌ ൩൦൦൦ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ റൂട്ടില്‍ പാസ്‌ നല്‍കും. എന്നാല്‍ ദേശസല്‍ക്കരിക്കാത്ത റൂട്ടുകളില്‍ സൌജന്യ നിരക്കില്‍ പാസ്‌ അനുവദിക്കാന്‍ നിര്‍വ്വാഹമില്ല. കാസര്‍കോട്‌ താലൂക്ക്‌ ബസ്‌ ഉടമാസംഘം ഈ വര്‍ഷം ൨൫,൦൦൦ - ഓളം പാസുകള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാന്‍ പറ്റാത്ത സാഹചര്യമാണുളളത്‌. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ൬൦൦ സര്‍വ്വീസുകള്‍ നടത്തിയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത്‌ ൪൦൦ ആയി ചുരുങ്ങിയിട്ടുണ്ട്‌. ഓരോ ബസ്സിലും ൧൦൦-൧൫൦ വിദ്യാര്‍ത്ഥികള്‍ ഇടിച്ചുകയറുന്ന സ്ഥിതിയാണുളളത്‌. കെ എസ്‌ ആര്‍ ടി സി സ്റ്റുഡണ്റ്റ്സ്‌ ഓണ്‍ലി ബസ്സുകള്‍ ആരംഭിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. കാസര്‍കോട്‌ നിന്നും മധൂരിലേക്കും സീതാംഗോളിയിലേക്കും സ്വകാര്യ ബസ്സുടമകള്‍ സ്റ്റുഡണ്റ്റ്സ്‌ ഓണ്‍ലി ബസ്സുകള്‍ നടത്തുന്നതില്‍ യോഗം ബസ്സുടമകളെ അഭിനന്ദിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകന്‍, ആര്‍ ടി ഒ. എസ്‌ എന്‍ നാരായണന്‍ പോറ്റി, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളായ കെ സതീഷ്‌, എ ശിവപ്രസാദ്‌, റിജുല്‍, പ്രയേഷ്‌ ആര്‍ നായക്‌, ബസ്സുടമ സംഘടനാ ഭാരവാഹികളായ എം ബാലകൃഷ്ണന്‍ നമ്പ്യാര്‍, സി എ മുഹമ്മദ്‌ കുഞ്ഞി, പി എം ശ്രീപതി, തുടങ്ങിയവര്‍ പങ്കെടുത്തു.