ഷിബിന്‍ വധം: മൂന്നും നാലും സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞു

Friday 4 March 2016 11:23 am IST

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.കെ. ഷിബിനെ കൊലപ്പെടുത്തിയ സംഘത്തെ മൂന്നും നാലും സാക്ഷികളും തിരിച്ചറിഞ്ഞു. പ്രതികള്‍ അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മാറാട് പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് മൂന്നാം സാക്ഷി രഖില്‍, നാലാം സാക്ഷി ലിനീഷ് എന്നിവര്‍ പ്രതികളെ തിരിച്ചറിഞ്ഞത്. ലീഗ് സംഘത്തിന്റെ അക്രമത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. അമ്രകത്തില്‍ നേരിട്ട് പങ്കെടുത്ത മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍ (36), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസമദ്-25) എന്നിവരെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. അക്രമത്തിന് ഉപയോഗിച്ച മഴു, വാള്‍, ടോര്‍ച്ച്, കത്തി, കമ്പിവടി എന്നിവയും, പാഷന്‍പ്ലസ്, പള്‍സര്‍ ബൈക്കുകളും യമഹ സ്‌കൂട്ടറും സാക്ഷികള്‍ തിരിച്ചറിഞ്ഞു. കൂടാതെ സംഭവ സമയത്ത് സാക്ഷികള്‍ ധരിച്ച ചെരിപ്പും വസ്ത്രവും തിരിച്ചറിഞ്ഞിട്ടുണ്ട്. നാലാം സാക്ഷി ലിനീഷിന്റെയും മൂന്നാം സാക്ഷി രഖിലിന്റെയും ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് അഞ്ചാം സാക്ഷി വിജീഷ്, ആറാം സാക്ഷി അനീഷ് എന്നിവരുടെ വിചാരണ നടക്കും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍, അഡ്വ. ബിനുമോന്‍ സെബാസ്റ്റ്യന്‍, അഡ്വ. ഡി. അരുണ്‍ബോസ് എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.