2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ യു പി എ സര്‍ക്കാരിന്റെ സുപ്രധാന ജനസേവന പദ്ധതിയായി ഉയര്‍ത്തികാട്ടിക്കൊണ്ട് തിരക്ക് പിടിച്ചു പാസ്സാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതി ഇത്ര കാലമായിട്ടും നടപ്പിലാക്കാത്ത സംസ്ഥാനം കേരളമാണെന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍, ഇത്രയും നാള് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ചിന്തിച്ചു പോയി. 2014 മെയില്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ 11 സംസ്ഥാനങ്ങളില്‍ ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കി. കോണ്ഗ്രസ്സു ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കേണ്ട ഉത്തരവാദിത്തം പദ്ധതിപാസ്സാക്കിയ കോണ്ഗ്രസ്സിനില്ലേ ? പദ്ധതികള്‍ വിഭാവനം ചെയ്യുക മാത്രമല്ല, അത് ഫലപ്രദമായി നടപ്പിലാക്കുവാനുമുളള മനസ്സുണ്ടാവണം സര്‍ക്കാരുകള്‍ക്ക് എന്ന് ഈ വിഷയത്തിലെ അനാസ്ഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പദ്ധതികള്‍ പലതും ആസൂത്രണം ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പില്‍ എങ്ങനെ അത് വോട്ടാക്കി മാറ്റാം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ആയതു കൊണ്ടാണ് അറുപതു വര്‍ഷം കഴിഞ്ഞിട്ടും നമുക്കൊരു സ്വയം പര്യാപ്ത വികസിത സമൂഹമായി മാറാന്‍ കഴിയാത്തത്. കേരളം ഉത്പാദനരംഗത്തു വളരെ പിന്നോക്കം നില്ക്കുന്ന ഒരു സംസ്ഥാനമാണു. അനുദിനം ഭക്ഷണത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത കൂടിവരികയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യ വിതരണം, ഭക്ഷ്യ സംഭരണം എന്നീ മേഖലകളില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ ആധുനികവത്കരണം നടത്താന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് കൊണ്ടാണു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനു വലിയ സഹായമാകേണ്ടതായ ഈ പദ്ധതി ഇത് വരെ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്തത്. ആറന്മുള വിമാനത്താവളം പോലുള്ള പദ്ധതികള്‍ക്കായി പാടശേഖരങ്ങള്‍ നശിപ്പിക്കുകയും പാടം നികത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍ അടിസ്ഥാന ജനതയുടെ മൗലിക അവകാശങ്ങള്‍ക്ക് കുറച്ചു കൂടെ പ്രാധാന്യം നല്‍കേണ്ടതായുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുമ്പോളും വാഗ്ദാനങ്ങള്‍ നല്കുകയല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള ശുഷ്ക്കാന്തി ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാവാത്തത് കൊണ്ടാണ് 2014 ഒക്ടോബറില്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട ഈ പദ്ധതി ഇത് വരെയും നടപ്പില്‍ വരുത്തുവാന്‍ കഴിയാത്തതു. പ്രധാനമന്ത്രി ഇന്ന് പറഞ്ഞത് പോലെ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് കേരള സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: