യാത്രക്കാരെ വലച്ച് കൊച്ചിയില്‍ സ്വകാര്യ ബസ് പണിമുടക്ക്

Friday 4 March 2016 3:20 pm IST

കൊച്ചി: സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളുടെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച സൂചനാ സമരം ജില്ലയില്‍ ആരംഭിച്ചു. പണിമുടക്ക് തുടങ്ങിയതോടെ സ്വകാര്യ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് ഏറെ വലഞ്ഞത്. സ്‌കൂള്‍ പരീക്ഷ നടക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ത്ഥികളാണ് ഏറെ ബുദ്ധിമുട്ടിയത്. ബസ് പണിമുടക്ക് കണക്കിലെടുത്ത് ഒന്നുമുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സി.ബി.എസ്.സി അവസാന വര്‍ഷ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്നത്. തിങ്ങിനിറഞ്ഞ കെ.എസ്. ആര്‍.ടി.സി ബസുകളാണ് ജനങ്ങള്‍ക്ക് ആശ്രയമായത്. സംസ്ഥാനതലത്തില്‍ ബസുടമകളും തൊഴിലാളികളും തൊഴില്‍ മന്ത്രിയും ചേര്‍ന്ന് ചര്‍ച്ച നടത്തി അംഗീകരിച്ച മിനിമം കൂലി ജില്ലയില്‍ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സൂചനാ സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ഇന്ന് രാവിലെ എറണാകുളം ടൗണ്‍ ഹാളിന് സമീപത്തു നിന്നും പ്രതിഷേധ പ്രകടനം നടത്തി. സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കെ.സ്.ആര്‍.ടി.സി ബസുകള്‍ അധിക സര്‍വീസ് നടത്തുന്നുണ്ട്. തൊഴിലാളികളുടെ ആവശ്യംസര്‍ക്കാര്‍ ഉത്തരവ് പ്രകാരം എട്ട് മണിക്കൂര്‍ ജോലിചെയ്യുന്ന ്രൈഡവര്‍ക്ക് 17,625 രൂപയും കണ്ടക്ടര്‍ക്ക് 17,125 രൂപയും ക്ലീനര്‍ക്ക് 16,625 രൂപയും മാസം നല്‍കണം. എട്ട് മണിക്കൂറിന് ശേഷമുള്ള അധിക ജോലിക്ക് ഒന്നര മണിക്കൂറിന്റെ അധിക കൂലി നല്‍കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചില്ല. 15 മണിക്കൂര്‍ വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ 11 മണിക്കൂര്‍ കണക്കാക്കി ശമ്പളം നല്‍കാമെന്ന നിലപാടാണ് ബസുടമകള്‍ സ്വീകരിച്ചത്. ഇതംഗീകരിക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറായില്ല.തുടര്‍ന്ന് സംഘടന ഇന്ന് സൂചനാ സമരം പ്രഖ്യാപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.