ഫിലിം ആർക്കൈവ്‌സ് മുൻഡയറക്ടർ പി. കെ. നായർ അന്തരിച്ചു

Friday 4 March 2016 8:40 pm IST

മുംബൈ: ഭാരതത്തിന്റെ ചലച്ചിത്ര ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാഷണൽ ഫിലിം ആർക്കൈവ്‌സ് മുൻ ഡയറക്ടർ പി. കെ. നായർ(83) പൂനെയിൽ അന്തരിച്ചു. സംസ്‌കാരം പിന്നീട്. തിരുവനന്തപുരത്തുകാരനായ പരമേശ് കൃഷ്ണൻ നായരെന്ന പി. കെ. നായർ ചലച്ചിത്ര പുരാവസ്തു സംരക്ഷകനെന്ന പേരിൽ ഭാരതത്തിനു പുറത്തും പ്രശസ്തനാണ്. സിനിമാഗുരുവായി വിശേഷിപ്പിക്കപ്പെടുന്ന പി. കെ. പ്രഭാഷകൻ, ചലച്ചിത്ര പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വലിയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ ജീവിതം നാഷണൽ ഫിലിം ആർക്കൈവ്‌സിനുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു. സിനിമാമോഹവുമായി ആദ്യം പികെ എത്തിയത് ബോംബെയിലാണ്. ഒരിടവേളയ്ക്കുശേഷം പൂനയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. 1964ൽനാഷണൽ ഫിലിം ആർക്കൈവ്‌സ് സ്ഥാപിച്ചപ്പോൾ അവിടെ അസിസ്റ്റന്റ് ക്യൂറേറ്ററായി ചേർന്നു. അതോടുകൂടി ഭാരതത്തിന്റെ ചലച്ചിത്ര പുരാവസ്തുശേഖരവും സംരക്ഷണവും തുടങ്ങുകയായിരുന്നു. 8000 വിദേശചിത്രങ്ങളുൾപ്പെടെ 12000 സിനിമകളുടെ വലിയ ശേഖരമാണ് തുടർന്നുണ്ടായത്. വിവിധ യാത്രകളിലും അന്വേഷണങ്ങളിലൂടെയുമാണ് അദ്ദേഹം അപൂർവ സിനിമകളുൾപ്പെടെയുള്ള നിധി സ്വരൂപിച്ചത് ഇതിൽ 1950 കൾക്കുമുമ്പുള്ള സിനിമകളും ബർഗ്മാൻ, കുറസോവ, ആൻദ്രേ വൈദ, ജാൻസ്‌കോ, സനൂസി, ഡിസീക്ക, ഫെല്ലിനി തുടങ്ങിയ ലോകാചാര്യന്മാരുടെതും ഉൾപ്പെടും. ശിവേന്ദ്രസിങ് ദുൻഗാപൂർ 2012ൽ സെല്ലുലോയ്ഡ് മാൻ എന്ന ഡോക്യുമെന്ററി എടുത്തതോടെ ആപേരിലും പി.കെ നായർ അറിയപ്പെട്ടു. പരേതയായ രാധയാണു ഭാര്യ. മക്കൾ- ബീന, ബിജു നായർ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.