പള്ളിപ്പുറത്തെ അക്രമം; ഏഴു സിപിഎമ്മുകാര്‍ അറസ്റ്റില്‍

Friday 4 March 2016 9:02 pm IST

ചേര്‍ത്തല: പള്ളിപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോച്ചേരി വിമല്‍ദേവ് (28), മൂളംകുഴിവെളി വൈശാഖ്(20), ഏഴാം വാര്‍ഡില്‍ മേനോന്‍കാട്ടി നികര്‍ത്തില്‍ സുബിന്‍(21), കരിക്കാട്ട് സുജിത്ത്(29), മേനോന്‍കാട്ടില്‍ ചിറ സുനില്‍കുമാര്‍(33), തുമ്പയില്‍ പറമ്പില്‍ ദിലീപ്കുമാര്‍(37), എട്ടാം വാര്‍ഡില്‍ കെആര്‍ പുരം അരുണാലയത്തില്‍ അരുണ്‍പ്രകാശ്(22) എന്നിവരെയാണ് സിഐ ടോമി സെബാസ്റ്റിയന്‍, എസ്‌ഐ എ.ഡി. സൈജു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഏതാനും പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 18 നായിരുന്നു സംഭവം. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തച്ചാറയില്‍ ഗോപാലകൃഷ്ണപിള്ള, ആറാം വാര്‍ഡില്‍ ചക്കനാട്ട് വെളി രാജപ്പന്‍, ഏഴാം വാര്‍ഡില്‍ കളത്തിങ്കല്‍വെളി അശോകന്‍, 15-ാം വാര്‍ഡില്‍ കെ.ആര്‍ പുരം കോനാട്ട് വെളി മുരളീധരകുറുപ്പ് എന്നിവരുടെ വീടുകളും മുരളീധരക്കുറുപ്പിന്റെ പെയിന്റ് കടയുമാണ് ആക്രമിക്കപ്പെട്ടത്. പള്ളിപ്പുറം തവണക്കടവില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബു ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഷിബുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് പ്രദേശത്ത് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആക്രമണത്തിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ നാല് സിപിഎം അക്രമികളെ പോലീസ് അറ്‌സ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അരൂര്‍ എംഎല്‍എ എ. എം. ആരിഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലെത്തിയ പാര്‍ട്ടി ഗുണ്ടകള്‍ ഉപരോധം നടത്തി പ്രതികളെ മോചിപ്പിക്കുകയായിരുന്നു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്നിരിക്കെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച ഡിവൈഎസ്പിയുടെ നടപടി പോലീസ് സേനയ്ക്കുള്ളില്‍ പോലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.