ഏഷ്യാകപ്പ്: ഇന്ത്യ-ബംഗ്ലാദേശ് കലാശപ്പോരാട്ടം നാളെ

Friday 4 March 2016 10:32 pm IST

മിര്‍പൂര്‍: പതിമൂന്നാമത് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നാളെ. ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും. 2010-ല്‍ കിരീടം നേടിയശേഷം ആദ്യമായാണ് ടീം ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇത്തവണ ആറാം കിരീടമാണ് ഇന്ത്യന്‍ ലക്ഷ്യം. 1984, 1988, 1990-91, 1995 വര്‍ഷങ്ങളിലും ഇന്ത്യക്കാണ് കിരീടം. മൂന്ന് തവണ റണ്ണേഴ്‌സുമായി. 1997, 2004, 2008 എന്നീ വര്‍ഷങ്ങളില്‍. ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകപ്പിന് മുന്നോടിയായി ഏഷ്യാകപ്പ് കിരീടം നേടി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. രണ്ടാം തവണയാണ് ബംഗ്ലാദേശ് ഫൈനലില്‍ എത്തുന്നത്. 2012-ല്‍ ആദ്യ ഫൈനല്‍ കളിച്ചെങ്കിലുംപാക്കിസ്ഥാനോട് പരാജയപ്പെട്ട് റണ്ണേഴ്‌സപ്പാവാനായിരുന്നു അവരുടെ വിധി. ഇത്തവണ സ്വന്തം മണ്ണില്‍ ആരാധകരുടെ പിന്തുണയോടെ കളിച്ച് ആദ്യ കിരീടം നേടുക എന്നതാണ് അവരുടെ ആഗ്രഹം. അതിന് മറികടക്കേണ്ടത് കരുത്തരായ ഇന്ത്യന്‍ താര നിരയേയും. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഒരൊറ്റ കളിപോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യയുടെ പടയോട്ടത്തില്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ എന്നീ ടീമുകളാണ് തോല്‍വിയറിഞ്ഞത്. അതേസമയം ബംഗ്ലാദേശ് ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ഇന്ത്യയോടായിരുന്നു തോല്‍വി. അതും ആദ്യ മത്സരത്തില്‍. പിന്നീട് ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ കരുത്തരെയും യുഎഇയെയും ബംഗ്ലാ കടുവകള്‍ പരാജയപ്പെടുത്തി ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തി. അതേസമയം, ആതിഥേയരായ ബംഗ്ലദേശുമായുള്ള ഫൈനല്‍ മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ ധോണി. യുഎഇക്കെതിരായ മത്സരത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ധോണി ഇത് പറഞ്ഞത്. ആതിഥേയ ടീമുകള്‍ക്ക് പരിചിതമായ സാഹചര്യങ്ങളിലാകും എപ്പോഴും മത്സരങ്ങള്‍ നടക്കുക. അതുകൊണ്ട് തന്നെ ആതിഥേയരെ തോല്‍പ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല, അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാക്കിയ ടീം കൂടിയാണ് ബംഗ്ലദേശ്. മികച്ചൊരു ഫൈനല്‍ മല്‍സരമായിരിക്കും നടക്കുകയെന്നും ധോണി അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.