വരള്‍ച്ച: അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍

Saturday 5 March 2016 7:36 pm IST

കൊല്ലം: വരള്‍ച്ച നേരിടാനായി അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട അറ്റകുറ്റപ്പണികള്‍, ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ എന്നിവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വരള്‍ച്ച രൂക്ഷമായ ഓരോ വില്ലേജുകളിലെയും സ്ഥിതി അവലോകനം ചെയ്തു. വരള്‍ച്ച സംബന്ധിച്ച സ്ഥിതിവിവരം, അവശ്യം വേണ്ട പ്രവൃത്തിയുടെ വിവരം തുടങ്ങിയവ സംബന്ധിച്ച് വില്ലേജ് ഓഫീസുകളില്‍ നിന്നും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീരദേശ വില്ലേജുകളില്‍ വെള്ളംലഭ്യമല്ലാത്ത ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. വരള്‍ച്ച നേരിടാനായി കെഐപി കനാലുകള്‍ തുറന്നുകഴിഞ്ഞു. കനാലുകളിലൂടെ വെള്ളം പൂര്‍ണതോതിലെത്തുമ്പോള്‍ ഇരുകരകളിലുമുള്ള കിണറുകളില്‍ ആവശ്യത്തിനുള്ള വെള്ളം ലഭ്യമാകുമെന്ന് കളക്ടര്‍ അറിയിച്ചു. ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കൊല്ലം നഗരത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും ജലമെത്തിക്കാനാകും. നഗരത്തിലെ കുടിവെള്ള ക്ഷാമം ഇതിലൂടെ പരിഹരിക്കാനാകും. അപ്പോള്‍ ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ശാസ്താകോട്ടയില്‍ നിന്നുള്ള വെള്ളം എത്തിക്കാന്‍ കഴിയും. ചെറിയ തുകക്കുള്ള അറ്റകുറ്റപ്പണികളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കി വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ കളക്ടര്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജല അതോറിറ്റി, ഭൂഗര്‍ഭജലം, റവന്യൂ എന്നീ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.