കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി; യുഡിഎഫിന് തിരിച്ചടി

Saturday 5 March 2016 8:45 pm IST

കോട്ടയം: കേരള കോണ്‍ഗ്രസിലെ വിമതവിഭാഗം കൂട്ടരാജിക്ക് ഒരുങ്ങിയതോടെ തെരഞ്ഞെടുപ്പ് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്നണിക്കുള്ളില്‍ത്തന്നെ ആശങ്ക. തെക്കന്‍കേരളത്തിലെ രാഷ്ട്രീയ പ്രതിഭാസമായ പാര്‍ട്ടിയില്‍നിന്നും കൊഴിഞ്ഞുപോയ നേതാക്കളില്‍ ഏറെയും മദ്ധ്യ തിരുവിതാംകൂറുകാരാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജിനും ആന്റണി രാജുവിനും പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ മുന്‍ രാജ്യസഭാ എംപി വക്കച്ചന്‍ മറ്റത്തില്‍, എ.സി. ജോസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മൈക്കിള്‍ ജയിംസ്, കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കൊച്ചുപുരയ്ക്കല്‍, കണ്ണൂരില്‍നിന്നുള്ള സംസ്ഥാന ഭാരവാഹികളായ അഡ്വ. എ.ജെ. ജോസഫ്, അഡ്വ. മാത്യു വീരപ്പള്ളി തുടങ്ങിയ നേതാക്കളും പാര്‍ട്ടിവിട്ടു. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ മാത്രം ജനപ്രതിനിധികളുള്ള പാര്‍ട്ടിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 9 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. പി.സി. ജോര്‍ജ്ജ് രാജിവച്ചതോടെ എംഎല്‍എമാരുടെ എണ്ണം 8 ആയി കുറഞ്ഞു. ഇതില്‍ നാല് പേരും കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്. ജില്ലയിലെ ആകെയുള്ള 9 മണ്ഡലങ്ങളില്‍ ഏഴും കയ്യടക്കിയ യുഡിഎഫിന് കേരളകോണ്‍ഗ്രസിലെ വിഭാഗീയത കനത്ത തിരിച്ചടിയാകും. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ലീഡറുമായ കെ.എം. മാണിയുടെ പുത്രന്‍ ജോസ് കെ മാണിയെ പിന്തുടര്‍ച്ചക്കാരനായി കൊണ്ടുവരാനുള്ള നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിട്ടുള്ളത്. കെ.എം. ജോര്‍ജ്ജിനെ മന്ത്രിയാക്കേണ്ട രാഷട്രീയ സാഹചര്യം ഉടലെടുത്തപ്പോള്‍ ഒരാള്‍ക്ക് ഒരുപദവി എന്ന നിയമം കൊണ്ടുവന്ന മാണി പിന്നീട് പദവികള്‍ എല്ലാം കൈക്കലാക്കിയെന്ന ആരോപണമാണ് മുഖ്യമായും ഉയരുന്നത്. പാര്‍ട്ടിക്കുള്ളിലെ പിളര്‍പ്പ് പാര്‍ട്ടിക്ക് എംഎല്‍എമാരുള്ള പാലാ, ചങ്ങനാശ്ശേരി മണ്ഡലങ്ങളെയാണ് കാര്യമായി ബാധിക്കാന്‍ ഇടയുള്ളത്. പി.സി. ജോര്‍ജ്ജ് പാര്‍ട്ടി വിട്ട് ഇടതുചേരിയില്‍ അണിനിരന്നതിന് പിന്നാലെയാണ് പാലായില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി വക്കച്ചന്‍ മറ്റത്തിലും പാര്‍ട്ടിവിട്ടത്. കഴിഞ്ഞതവണ 5259 എന്ന നേരിയ ഭൂരിപക്ഷത്തില്‍ വിജയം കണ്ട കെ.എം. മാണിയുടെ ജനവിധിയും ചിലപ്പോള്‍ എതിരായേക്കാം. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഏറെയുള്ള ചങ്ങനാശ്ശേരിയിലും ഇക്കുറി മത്സരം കനക്കാന്‍ ഇടയാകും. സിറ്റിംഗ് എംഎല്‍എ ആയ സി.എഫ് തോമസ് മത്സരത്തില്‍നിന്ന് പിന്മാറേണ്ട കാലംകഴിഞ്ഞെന്ന് സഹോദരന്‍ ഷാജന്‍ വര്‍ഗീസ് പരസ്യമായി പറഞ്ഞതും ജോബ് മൈക്കിള്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതും പ്രശ്‌നം രൂക്ഷമാക്കും. 2011-ല്‍ സിഎഫ് ഇവിടെ ജയിച്ചത് വെറും 2554 വോട്ടുകള്‍ക്കാണ്. വിഭാഗീയത മറന്ന് 2011-ല്‍ ഇരുവിഭാഗവും ഒത്തുചേര്‍ന്നപ്പോള്‍ ജില്ല യുഡിഎഫിനൊപ്പം നിന്നു. ശക്തമായ വിഭാഗീയത വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് കരുത്തേകും. പാര്‍ട്ടിയില്‍നിന്നും രാജിവച്ച മൈക്കിള്‍ ജയിംസ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ അതിരമ്പുഴ നിവാസിയാണ്. കോട്ടയത്ത് കഴിഞ്ഞ തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 711 വോട്ടിനാണ് ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് വിട്ടവര്‍ക്ക് ഈ മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെന്നതാണ്് ഇത്തവണയും തിരുവഞ്ചൂരിന് പ്രതീക്ഷ പകരുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച ഇടതുമുന്നണിക്ക് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഇത്തവണ ആത്മവിശ്വാസം കൂട്ടും. കെ.എം.ജോര്‍ജിന്റെ മകനെന്ന നിലയില്‍ ഫ്രാന്‍സിസ് ജോര്‍ജിനോട് ജില്ലയിലെ മുതിര്‍ന്ന കേരള കോണ്‍ഗ്രസുകാര്‍ക്ക് വൈകാരിക അടുപ്പവുമുണ്ട്. ഇതെല്ലാം കേരള കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.