ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളീയരെ പുറംകാലിന് തൊഴിക്കുന്നു-കുമ്മനം

Saturday 5 March 2016 3:46 pm IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പോകുന്ന പോക്കില്‍ കേരളീയരെ പുറംകാലിന് തൊഴിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തി കൃഷിഭൂമിയും കായലും നികത്താന്‍ അനുമതി നല്‍കിയത് അതിന്റെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ധൃതി പിടിച്ച് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി നിലവും കായലും നികത്താന്‍ ഉത്തരവിട്ടത് കേരളത്തിലെ പരിസ്ഥിതി സ്‌നേഹികളെയും നാടിന്റെ നന്മ ആഗ്രഹിക്കുന്നവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം വിട്ടൊഴിയും മുമ്പ് കൊള്ള ലാഭം ലക്ഷ്യമിട്ട് പരിസ്ഥിതി സന്തുലനം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടി തികഞ്ഞ ജനദ്രോഹമാണ്. സര്‍ക്കാരിന്റെ ഹീനമായ ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബാക്കിയുള്ള രണ്ടര ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ കൂടി നികത്തി കേരളത്തെ മരുഭൂമിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തോട് സഹകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്ന കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാനാകാത്തവിധം കൃഷിഭൂമി മണ്ണിട്ടുനികത്തുകയാണ്. ഇതിലൂടെ കേരളം വന്‍ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ചെന്നെത്തും. കേന്ദ്രപദ്ധതികളിലൂടെ ലഭിക്കുന്ന വന്‍ തുകകള്‍ നേടിയെടുക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണ് സ്വീകരിച്ചത്. ഭക്ഷ്യപ്രതിസന്ധി മാത്രമല്ല കുടിവെള്ള ക്ഷാമം, പാരിസ്ഥിതിക സന്തുലനം തകര്‍ക്കല്‍ തുടങ്ങി വിനാശകരമായ അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. അന്നം, വെള്ളം, ഭൂമി എന്നിവയ്ക്കുവേണ്ടി ജനങ്ങളെ ബോധവത്കരിച്ച് സര്‍ക്കാരിനെതിരെ അണിനിരത്താന്‍ ബിജെപി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.