മൈക്രോഫിനാന്‍സ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്നരമാസം

Saturday 5 March 2016 9:18 pm IST

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രജിസ്റ്റര്‍ ചെയ്ത മൈക്രോഫിനാന്‍സ് ക്രമക്കേട് കേസില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഒന്നരമാസം സമയം അനുവദിച്ചു. ഏപ്രില്‍ 24ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലാക്കാട് സമയം അനുവദിച്ചത്. കേസ് വീണ്ടും 24ന് പരിഗണിക്കും. മൈക്രോഫിനാന്‍സിംഗില്‍ ക്രമക്കേടുണ്ടെന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പരാതികളുയര്‍ന്നിട്ടുണ്ട്. അതിനാല്‍ വിവിധ ജില്ലകളില്‍ നിന്ന് തെളിവുശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്നരമാസത്തെ സമയം അനുവദിക്കുകയായിരുന്നു. മൈക്രോഫിനാന്‍സില്‍ 2003 മുതല്‍ 2015 വരെ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. വെള്ളാപ്പള്ളി നടേശനെ കൂടാതെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. സോമന്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബ്, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.