നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sunday 6 March 2016 12:07 pm IST

മലപ്പുറം: നാളെ മഹാശിവരാത്രി. ജില്ലയിലെ ശിവേക്ഷത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും വിവിധകലാപരിപാടികളും നടക്കും. പ്രധാനശിവക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമശിവഭക്തരുടെ പകലന്തിയോളം നീളുന്ന ഉറക്കമൊഴിച്ചുള്ള പുണ്യവ്രതം. ഭജനങ്ങളാല്‍ ദേവലോകത്തെ രാജതുല്യനായി ജീവിക്കാന്‍ കഴിഞ്ഞേക്കാമെന്ന പരമ്പരാഗത വിശ്വാസത്തില്‍ ജനകോടികള്‍ ഇന്നും ശിവരാത്രി വ്രതം ആചരിക്കുന്നു. ലോകസംഹാരശേഷിയുള്ള കാളകൂടം എന്ന മഹാവിഷം ഭൂമണ്ഡലത്തില്‍ പതിക്കാതിരിക്കാന്‍ ലോക സംരക്ഷണഭാവത്തില്‍ മഹാദേവഭാവത്തില്‍ സ്വയം പാനം ചെയ്യുന്നു. മഹാദേവന്റെ നാശം തടയാന്‍ പാര്‍വ്വതി ദേവി തന്റെ പതിയായ ശിവന്റെ ഗളനാളം അമര്‍ത്തിപ്പിടിക്കുകയും കാളകൂടവിഷം ശിവന്റെ വായിലൂടെ പുറത്ത് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് അമര്‍ത്തിപ്പിടിക്കുകയും ഒടുവില്‍ ഉഗ്രവിഷം ശിവന്റെ കണ്ഠത്തില്‍ ഉറച്ചുകൂടി നീലനിറമായി അങ്ങനെ നീലകണ്ഠനായി. കാളകൂടം വിഷം പാനം ചെയ്ത ശിവന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പാര്‍വ്വതിദേവി പ്രാര്‍ത്ഥനയോടെ ഭജിച്ച ദിവസമാണ് മഹാശിവരാത്രി. മുണ്ടുപറമ്പ് ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമുള്ള പൂജയായ അര്‍ദ്ധരാത്രി പൂജയും വിവിധ കലാപരിപാടികളും നടക്കും. മലപ്പുറം തൃപുരാന്തകക്ഷേത്രം, പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തളിമഹാദേവക്ഷേത്രം, മലപ്പുറം കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രം, മഞ്ചേരി ഇരുപത്തിരണ്ടാം മൈല്‍ ശ്രീകരിയാംപറമ്പത്ത് ശിവക്ഷേത്രം, കോട്ടുപ്പറ്റ ശ്രീഓരനാടത്ത് ശിവ-നരസിംഹ മൂര്‍ത്തീക്ഷേത്രം, തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രം, തൃത്തല്ലൂര്‍ ശ്രീകണ്ണന്തളി മഹാശിവക്ഷേത്രം, അങ്ങാടിപ്പുറം റാവറമണ്ണ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം, പുത്തൂര്‍ ശിവക്ഷേത്രം, തിരൂര്‍ക്കാട് ശിവക്ഷേത്രം, പൊന്ന്യാര്‍കുര്‍ശ്ശി കളത്തില്‍ ശിവക്ഷേത്രം, തിരൂരങ്ങാടി തൃക്കുളം ശിവക്ഷേത്രം, കക്കാട് തൃപുരാന്തക ക്ഷേത്രം, പാപ്പനൂര്‍ ശിവക്ഷേത്രം, പെരുവള്ളൂര്‍ പന്നിയത്ത്മാട് ശിവപാര്‍വ്വതി ക്ഷേത്രം, കാരച്ചെന മഹാദേവക്ഷേത്രം, കൊടുവായൂര്‍ സുബ്രഹ്മണ്യക്ഷേത്രം, മുന്നിയൂര്‍ കൊല്ലന്‍പുറായ അയ്യപ്പക്ഷേത്രം, പുന്നപ്പാല ശിവക്ഷേത്രം, വണ്ടൂര്‍ ശിവക്ഷേ്രത്രം, പൂക്കോട്ടുംപാടം ശിവക്ഷേത്രം, തൃക്കണ്ണൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകളും വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വണ്ടൂര്‍: കൊടശ്ശേരി ശ്രീശങ്കരസേവാശ്രമത്തില്‍ ശിവരാത്രി ദിവസം ഉദയം മുതല്‍ പിറ്റേദിവസം ഉദയം വരെ അഖണ്ഡനാമ യജ്ഞം നടക്കും. ബ്രഹ്മചാരിമാരായ ശങ്കരചൈതന്യ, ബുദ്ധചൈതന്യ, മുക്തചൈതന്യ, മാതാ ശിവപ്രിയാനന്ദ സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കും. തേഞ്ഞിപ്പലം: ചൊവ്വയില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് അഖണ്ഡനാമജപം, പ്രസാദ ഊട്ട് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ധര്‍മ്മപാഠശാല കണ്‍വീനര്‍ ഡോ.എം.നാരായണന്‍ ഭട്ടതിരിപ്പാട് പ്രഭാഷണം നടത്തും. നാളെ മഹാഗണപതിഹോമം, ഭജന, അഖണ്ഡശിവനാമജപം, തയാമ്പകസ നാടന്‍പാട്ട് എന്നിവയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.