തെരുവു നായശല്യം രൂക്ഷം; കടിയേറ്റ ആടുകള്‍ ചത്തു

Sunday 6 March 2016 8:44 pm IST

ചേര്‍ത്തല: തെരുവുനായ ശല്യം രൂക്ഷമായി, ജനങ്ങള്‍ ഭീതിയില്‍. നായയുടെ കടിയേറ്റ് രണ്ട് ആടുകള്‍ ചത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആശാലയത്തില്‍ അശോകന്റെ ആടുകളാണ് നായയുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇരുപത്തി അയ്യായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രദേശത്ത് നായ ശല്യം രൂക്ഷമായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോഴി, താറാവ്, ആട്, പശു ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നായയുടെ കടിയേറ്റത്. അകമ്പള്ളി വെളി കാര്‍ത്തികേയന്റെ പത്തോളം താറാവുകളും, മണി നിവാസില്‍ സരസമ്മയുടെ കോഴികളും തെരുവുനായ്ക്കള്‍ കൊന്നുതിന്നു. രാപകല്‍ വ്യത്യാസമില്ലാതെ കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ പ്രദേശത്താകെ ഭീതി പരത്തുകയാണ്. പ്രഭാത സവാരിക്കു പോകുന്നവരും, ഇരുചക്രവാഹനയാത്രികരുമാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നത്. രാത്രികാലങ്ങളില്‍ റോഡിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന നായ്ക്കളുടെ ആക്രമണത്തില്‍ ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. വാഹനമെത്തുമ്പോള്‍ നായ്ക്കള്‍ റോഡിന് കുറുകെ ചാടുന്നതും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു്. വീടുകളില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് നായശല്യം പെരുകുന്നതിന് കാരണമായിട്ടുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങളും, പൊതു സ്ഥലങ്ങളും നായകള്‍ കയ്യടക്കിയിരിക്കുകയാണ്. വന്ധ്യംകരണം നടത്തി വംശവര്‍ധനവ് തടയുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കാകുകയാണ്. നായയുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള പ്രതിരോധവാക്‌സിന്റെ അഭാവം മൂലം ചികിത്സ തേടി സ്വകാര്യ ആശുപത്രികളെയും, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളെയും ആശ്രയിക്കണ്ട സ്ഥിതിയാണ്. നായയുടെ കടിയേറ്റാല്‍ ആന്റിറാബിസ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പകരം നല്‍കുന്ന മരുന്നിന് ഇരുപതിനായിരം രൂപയിലധികം വിലനല്‍കണം. ആക്രമണകാരികളായ തെരുവുനായകളെ നിര്‍മാര്‍ജനം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.