എസ്എസ്എല്‍സി ബാലപീഡനമോ?

Monday 7 March 2016 11:38 am IST

കേരളം കനത്തചൂടില്‍ വെന്തുരുകുകയാണ്. കുടിവെള്ളംപോലും അപ്രാപ്യമാവുന്ന രീതിയില്‍ വേനല്‍ കനക്കുന്നു. തൊഴിലാളികള്‍ക്കുപോലും സര്‍ക്കാര്‍ 12 മണി മുതല്‍ മൂന്ന് മണിവരെ കൊടുംചൂടില്‍നിന്നും രക്ഷപ്പെടാന്‍ അവധി നല്‍കുന്നു. ഈ സാഹചര്യത്തില്‍ നട്ടുച്ചക്ക് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിമാറ്റേണ്ട ആവശ്യകതക്ക് ഗൗരവം കൈവരുകയാണ്. കേരളത്തിലെ മാധ്യമങ്ങളും രക്ഷിതാക്കളും അഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളും വളരെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒന്നാണ് എസ്എസ്എല്‍സി പൊതുപരീക്ഷ. ഈ പരീക്ഷ നേരത്തെ നടന്നിരുന്നത് രാവിലെയായിരുന്നു. ഏതാണ്ട് 10 വര്‍ഷംമുമ്പ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായതിന്റെ പേരില്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുവാനും പോലീസ് അകമ്പടിയോടെ സ്‌കൂളില്‍ എത്തിക്കാനും തുടങ്ങിയതോടെയാണ് പരീക്ഷ ഉച്ചസമയത്തേക്ക് മാറ്റിയത്. ഈ മാറ്റം ബാലപീഡനമായി മാറിയിരിക്കുന്നു. എന്നാല്‍ എന്തിനും ഏതിനും ഇടപെടുന്ന ബാലാവകാശ കമ്മീഷന്‍ ഇതു കണ്ടതായി നടിക്കുന്നില്ല. കേരളത്തിലെ ആയിരത്തി അഞ്ഞൂറിലധികംവരുന്ന ഗവ.എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷ തുടങ്ങുന്നത് കത്തിനില്‍ക്കുന്ന വേനല്‍ മാസമായ മാര്‍ച്ചില്‍. ഈവര്‍ഷം മാര്‍ച്ച് ഒമ്പതിന് തുടങ്ങി മാര്‍ച്ച് 23 നാണ് അവസാനിക്കുന്നത്. ഈ പരീക്ഷ തുടങ്ങുന്ന സമയം നട്ടുച്ചക്ക് 1.30നാണ്. പരീക്ഷ എഴുതേണ്ട കുട്ടികള്‍ മിക്കവാറും നടന്നാണ് സ്‌കൂളില്‍ എത്തുന്നത്. പരീക്ഷാക്കാലമായതിനാല്‍ മിക്കവാറും സ്‌കൂളുകളിലും എസ്എസ്എല്‍സി കുട്ടികള്‍ക്ക് മാത്രമായി സ്‌കൂള്‍ ബസ് ഓടിക്കാറില്ല. അതുകൊണ്ടുതന്നെ അഞ്ച് ലക്ഷത്തോളം വരുന്ന കുട്ടികള്‍ കൊടുംവെയിലില്‍ വാടിത്തളര്‍ന്നാണ് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ എത്തുന്നത്. ഏകദേശം 12 മണിയോടെയാണ് കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങുക. ഉച്ചഭക്ഷണംപോലും കഴിക്കാതെയാണ് പലരും ഇറങ്ങുന്നത്. കൊടുംവേനലില്‍ വിയര്‍ത്തൊലിച്ച് തളര്‍ന്ന് സ്‌കൂളില്‍ എത്തുമ്പോള്‍ ഒരുമണിയാകും. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ ശാരീരികമായി തളര്‍ന്നിട്ടുണ്ടാകും. ഒന്നരമണിക്ക് പരീക്ഷാഹാളില്‍ കയറണം. പരീക്ഷാഹാളിലും കടുത്ത ചൂടാണ്. ഫാനോ മറ്റ് സൗകര്യങ്ങളോ ഭൂരിപക്ഷം സ്‌കൂളുകളിലും ഉണ്ടാകില്ല. ഒന്നരമണിക്ക് പരീക്ഷാഹാളില്‍ കയറുന്ന വിദ്യാര്‍ത്ഥിക്ക് 80 മാര്‍ക്കിന്റെ പരീക്ഷയുള്ള മൂന്ന് ദിവസങ്ങളില്‍ (എസ്എസ്, കണക്ക്, ഇംഗ്ലീഷ്) 4.30 വരെ മൂന്ന് മണിക്കൂര്‍ സമയം ചിലവഴിക്കണം. 1.30 ന് ക്ലാസില്‍ കയറണം. 1.45 ന് ചോദ്യപേപ്പര്‍ നല്‍കും. രണ്ട് മണിവരെ 15 മിനിട്ട് കൂള്‍ ടൈം. രണ്ട് മണിമുതല്‍ 4.30 വരെ പരീക്ഷയും. ഈ കുട്ടികളുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. 40 മാര്‍ക്കിന്റെ പരീക്ഷയുള്ള ദിവസങ്ങളിലും ഇതേ ക്രമത്തില്‍ രണ്ട് മണിക്കൂര്‍ ചിലവഴിക്കണം. ഫലത്തില്‍ കൊടുംവെയിലിലും ചൂടിലും വാടിത്തളര്‍ന്ന് പരീക്ഷ എഴുതുന്ന കുട്ടിക്ക് എസ്എസ്എല്‍സി പരീക്ഷ ഒരു പീഡനമാവും എന്നുറപ്പാണ്. മാത്രവുമല്ല, ഒരു മുഴുവന്‍ ദിവസവും ഫലത്തില്‍ നഷ്ടമാവുകയും ചെയ്യും. എന്തുകൊണ്ട് പരീക്ഷ രാവിലെ നടത്തണം മുകളില്‍ പറഞ്ഞ കാരണങ്ങള്‍കൊണ്ടുതന്നെ എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30ന് നടത്തുന്ന സാഹചര്യമുണ്ടാവണം. പരീക്ഷ കഴിഞ്ഞ കുട്ടികള്‍ക്ക് ഉച്ചയോടെ വീട്ടിലെത്താം. കടുത്ത ചൂടില്‍നിന്നും രക്ഷനേടുകയും ചെയ്യാം. രാവിലെ പരീക്ഷ നടത്തണമെന്ന് എന്‍ടിയു കഴിഞ്ഞ അഞ്ച് വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അതിന് മറുപടിയായി പറയുന്ന ന്യായം വിചിത്രമാണ്. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറിലാണ് സൂക്ഷിക്കുന്നത്. സ്‌കൂളില്‍നിന്നും രാവിലെ പോയി ബാങ്ക് ലോക്കറില്‍നിന്നും ചോദ്യപേപ്പര്‍ ശേഖരിച്ച് പോലീസ് അകമ്പടിയോടെ സ്‌കൂളില്‍ എത്തുമ്പോഴേക്കും ഉച്ചയാകും. അതുകൊണ്ടാണ് പരീക്ഷ ഉച്ചക്ക് നടക്കുന്നത് എന്നാണ്. ഈ ന്യായീകരണത്തിന് യാതൊരു പ്രസക്തിയുമില്ല. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ എന്തിന് ലോക്കറില്‍ സൂക്ഷിക്കണം? മുമ്പ് എസ്എസ്എല്‍സിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനു പരിഹാരം എന്നനിലക്കാണ് ഇത് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പിയോടെ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇന്ന് എസ്എസ്എല്‍സി പരീക്ഷ പ്ലസ് വണ്‍ പ്രവേശനം നേടാനുള്ള ഒരു പരീക്ഷമാത്രമാണ്. ഒന്നിന്റെയും അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി അല്ല. മറിച്ച് പ്ലസ് ടു പരീക്ഷയാണുതാനും. ഏതാണ്ട് നൂറ് ശതമാനം പേരെയും ജയിപ്പിക്കുന്ന ഒരു പരീക്ഷ കൂടിയാണ് എസ്എസ്എല്‍സി. ഇനി ആരെങ്കിലും പരാജയപ്പെട്ടാല്‍ അവരെ ജയിപ്പിക്കാന്‍ സേ (സേവ് എ ഇയര്‍) പരീക്ഷ നടത്തുന്നുണ്ടുതാനും. ഈ ഒരു പരീക്ഷയെയാണ് മാധ്യമങ്ങളും മറ്റും കൊട്ടിഘോഷിച്ച് ഒരു വലിയ സംഭവമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അദ്ധ്യാപകരിലും ആശങ്കയുണ്ടാക്കുന്നത്. ഏതോ ഒരു വര്‍ഷം ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ പ്രധാനാധ്യാപകരെയും ഓഫീസ് സ്റ്റാഫിനെയും അദ്ധ്യാപകരെയും വിശ്വാസത്തിലെടുക്കാതെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച്, പോലീസ് അകമ്പടിയോടെ സ്‌കൂളില്‍ എത്തിച്ച്, പരീക്ഷ ഉച്ചക്ക് നടത്തി കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ സാംഗത്യമാണ് ആര്‍ക്കും മനസ്സിലാകാത്തത്. എസ്എസ്എല്‍സി ചോദ്യക്കടലാസ് സ്‌കൂളില്‍ നേരിട്ടെത്തിച്ച് പരീക്ഷ രാവിലെ നടത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയോ? കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ ജയിക്കുന്ന ഭൂരിപക്ഷം കുട്ടികളും പ്ലസ് വണ്‍ ചേര്‍ന്നുപഠിക്കുന്നുണ്ട്. 99 ശതമാനം ഹൈസ്‌കൂളുകളിലും പ്ലസ് വണ്‍ അനുവദിച്ചിട്ടുണ്ട്. ഇന്ന് മിക്കവാറും എല്ലാ ജോലികള്‍ക്കുമുള്ള അടിസ്ഥാന പരീക്ഷ പ്ലസ്ടു പരീക്ഷയിലെ വിജയമാണ്. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് ചേരാനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടുവാണ്. നിയമപഠനത്തിനും ബിരുദത്തിനും ചേരാനുമുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്. എഞ്ചിനീയറിങ് പ്രവേശനത്തിന് 50 ശതമാനം എന്‍ട്രന്‍സ് പരീക്ഷയില്‍ ലഭിച്ചമാര്‍ക്കും 50 ശതമാനം പ്ലസു ടു പരീക്ഷക്ക് ലഭിച്ച മാര്‍ക്കും പരിഗണിച്ചാണ് പ്രവേശന പട്ടിക തയ്യാറാക്കുന്നത്. ഇങ്ങനെ എല്ലാംകൊണ്ടും എസ്എസ്എല്‍സി പരീക്ഷയെക്കാള്‍ ഏറ്റവും ഗൗരവമേറിയ പരീക്ഷയാണ് പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷാനടത്തിപ്പില്‍ കാണിക്കുന്ന ശുഷ്‌കാന്തി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ നടത്തിപ്പില്‍ ഇല്ല എന്നുകാണുമ്പോഴാണ് എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിലെ പൊള്ളത്തരം മനസ്സിലാവുന്നത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ രാവിലെയാണ് നടക്കുന്നത്. ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നില്ല, പോലീസ് അകമ്പടിയോടെ സ്‌കൂളില്‍ എത്തിക്കുന്നില്ല. മാധ്യമങ്ങള്‍ ഇതിനെ ഗൗരവത്തില്‍ എടുക്കുന്നുമില്ല. ഈ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിക്കുകയാണ്. യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ ചോദ്യപേപ്പര്‍പോലും കോളേജുകളില്‍ നേരിട്ട് എത്തിച്ചാണ് പരീക്ഷ നടത്തുന്നത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്ക് സൂപ്പര്‍വിഷനുപോലും നിയോഗിക്കുന്നത് പലപ്പോഴും യുപി, എല്‍പി അദ്ധ്യാപകരെയാണ്. ഇത്രയും സൂചിപ്പിച്ചത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് കൊടുക്കുന്ന ഗൗരവം, അതിലും കൂടുതല്‍ ശ്രദ്ധപതിയേണ്ടത് പ്ലസ് ടു പരീക്ഷക്ക് നല്‍കുന്നില്ല എന്നുപറയാനാണ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും വാഹനങ്ങളില്‍ സ്‌കൂളില്‍ നേരിട്ടെത്തുന്ന മുതിര്‍ന്ന കുട്ടികളാണ്. ഇവരുടെ പരീക്ഷ ഉച്ചക്ക് നടത്തുകയും എസ്എസ്എല്‍സി ചോദ്യക്കടലാസ് സ്‌കൂളില്‍ നേരിട്ടെത്തിച്ച് ഈ പരീക്ഷ രാവിലെ നടത്തുകയും ചെയ്യുന്നുവെന്ന ആവശ്യത്തിന് പ്രസക്തി ഏറുകയാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് പ്ലസ് വണ്‍, പ്ലസ് ടു ചോദ്യക്കടലാസുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ എത്തിക്കുന്നില്ല എന്ന ചോദ്യവും ഇതില്‍ എന്തെങ്കിലും കള്ളക്കളിയുണ്ടോ എന്ന ചോദ്യവും പ്രസക്തമാവുന്നത്. എസ്എസ്എല്‍സി പാഠഭാഗങ്ങളിലെ അമിതഭാരവും അശാസ്ത്രീയമായ ടൈംടേബിളും വിദ്യാര്‍ത്ഥി പീഡനമാവുകയാണ്. ഉദാഹരണത്തിന് ഇപ്പോള്‍ എസ്എസ്എല്‍സിക്ക് സാമൂഹ്യശാസ്ത്രം 80 മാര്‍ക്കിന്റെ ഒരു പേപ്പര്‍ മാത്രമാണ്. ചരിത്രം, ഭൂമി ശാസ്ത്രം, സാമ്പത്തികശാസ്ത്രം, പൗരധര്‍മം തുടങ്ങി നാല് ഭാഗങ്ങളിലായി 24 പാഠങ്ങളാണ് എസ്എസ്എല്‍സിക്ക് പഠിക്കുവാനുള്ളത്. ഇത് മുഴുവന്‍ ഒരുവര്‍ഷംകൊണ്ട് പഠിപ്പിച്ചു തീര്‍ക്കാന്‍ അദ്ധ്യാപകര്‍ക്കോ, പഠിച്ചുതീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ കഴിയുന്നില്ല. മാത്രവുമല്ല, എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാന ശരാശരിയില്‍ ഏറ്റവും കുറവ് മാര്‍ക്ക് സാമൂഹ്യശാസ്ത്രത്തിനാണ് എന്നതും ശ്രദ്ധേയമാണ്. കുട്ടികള്‍ക്ക് മാനവിക വിഷയങ്ങളോട് താല്‍പ്പര്യം കുറയാനും ഇത് കാരണമാവുന്നുണ്ട്. ഇതിന് പരിഹാരമായി സാമൂഹ്യശാസ്ത്രം പുസ്തകം ചരിത്രവും പൗരധര്‍മവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും എന്നിങ്ങനെ 40 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാക്കി മാറ്റണമെന്ന എന്‍ടിയുവിന്റെ നിര്‍ദ്ദേശം കരിക്കുലം കമ്മറ്റി അംഗീകരിച്ചുവെങ്കിലും ഈ വര്‍ഷം നടപ്പില്‍ വരുത്തിയിട്ടില്ല. സിബിഎസ്ഇ പരീക്ഷകള്‍ക്കുപോലും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കിടയില്‍ ഒഴിവ് നല്‍കാറുണ്ട്. ഓരോ പരീക്ഷ കഴിഞ്ഞാലും രണ്ടോ മൂന്നോ ദിവസം അടുത്ത പരീക്ഷക്കുമുമ്പ് ലഭിക്കാറുണ്ട്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷാ ടൈംടേബിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേടിസ്വപ്‌നമാണ്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് പരീക്ഷ നടക്കുന്നത്. മാത്രവുമല്ല 80 മാര്‍ക്കിന്റെ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രയാസം അനുഭവപ്പെടുന്ന രണ്ട് പേപ്പറുകളായ കണക്കും സാമൂഹ്യ ശാസ്ത്രവും അടുത്തടുത്ത ദിവസങ്ങളിലാണ് നടത്തുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും പഠിക്കാന്‍ സമയം കിട്ടാത്തതിനും കാരണമാവുകയാണ്. 80 മാര്‍ക്കിന്റെ പരീക്ഷകള്‍ക്കിടയിലെങ്കിലും ചുരുങ്ങിയത് ഓരോ ദിവസങ്ങളെങ്കിലും ഒഴിവ് നല്‍കണമെന്ന ആവശ്യംപോലും പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ പരീക്ഷകള്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് 'ഒരു പരീക്ഷണ'മായി മാറുകയാണ്. ഈ വിഷയത്തില്‍ അധികാരികള്‍ കണ്ണുതുറക്കേണ്ടതാണ്. മുകളില്‍ പറഞ്ഞത് വിദ്യാര്‍ത്ഥി പീഡനമാണെങ്കില്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ അദ്ധ്യാപക പീഡനത്തിന്റെ നേര്‍ക്കാഴ്ചയാണ്. കേരളത്തില്‍ നാല് മേഖലകളിലായി 60 ഓളം കേന്ദ്രങ്ങളില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ അദ്ധ്യാപകര്‍ക്ക് പേടിസ്വപ്‌നമാണ്. ഏപ്രില്‍ ആദ്യവാരം തുടങ്ങി മൂന്നാം വാരത്തോടെ അവസാനിക്കുന്ന ഈ ക്യാമ്പുകളും നടക്കുന്നത് കത്തുന്ന വേനലിലാണ്. ഇതേസമയത്തുതന്നെയാണ് ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകളും നടക്കുന്നത്. ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ നടക്കുന്ന ഈ ക്യാമ്പുകളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാറില്ല. കുടിവെള്ളമോ ഫാനോ പ്രാഥമികസൗകര്യങ്ങളോ ഇല്ലാതെയാണ് പല ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. പാലക്കാട് പോലുള്ള കൊടുംചൂടുള്ള സ്ഥലങ്ങളില്‍ എയര്‍ കൂളര്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഈ കൊടുംചൂടില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൂല്യനിര്‍ണയം നടത്തുന്ന അദ്ധ്യാപകരുടെ മാനസികാവസ്ഥ മൂല്യനിര്‍ണയത്തെ പ്രതികൂലമായി ബാധിക്കും. ഇതിനൊക്കെപുറമെയാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ റെക്കാര്‍ഡ് വേഗത്തില്‍ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു എന്ന് മേനിപറയാന്‍ ഒരുദിവസം രണ്ട് കെട്ടില്‍ കൂടുതല്‍ പേപ്പര്‍ നോക്കാന്‍ അദ്ധ്യാപകരെ നിര്‍ബന്ധിക്കുന്നത്. ആവശ്യത്തിന് സമയമെടുത്ത് ശാന്തമായ മനസ്സോടെ നിയമപ്രകാരം രണ്ട് കെട്ട് പേപ്പറാണ് ക്യാമ്പില്‍ ഒരദ്ധ്യാപകന്‍ നോക്കേണ്ടത്. ഇങ്ങനെ ധൃതിപിടിച്ച് ഫലം പ്രഖ്യാപിക്കാന്‍ നടത്തിയ ശ്രമമാണ് കഴിഞ്ഞവര്‍ഷത്തെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനും അബദ്ധപഞ്ചാംഗമായി മാറിയതും പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ചതും. വളരെ ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ട പരീക്ഷകളെയും മൂല്യനിര്‍ണയത്തെയും ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തതിന്റെ പരിണത ഫലങ്ങളാണ് ഇന്ന് വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍. ദീര്‍ഘവീക്ഷണത്തോടെ ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തി വിദ്യാഭ്യാസ വകുപ്പിനെ നയിച്ചാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ. വിദ്യാഭ്യാസ മേഖലയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും വിദ്യാര്‍ത്ഥികളും ഒന്നിച്ചണിനിരക്കേണ്ട സമയം സംജാതമായിരിക്കുന്നു. ഇനിയുള്ള നാളുകള്‍ ഇതിനായി പോരാടാന്‍ കേരളീയ സമൂഹത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.