ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

Monday 7 March 2016 12:36 am IST

കണ്ണൂര്‍: ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി. ജില്ലയിലെ നൂറു കണക്കിന്‌ ക്ഷേത്രങ്ങളില്‍ ഇന്ന്‌ ശിവരാത്രി ആഘോഷങ്ങള്‍ നടക്കും. പ്രത്യേക പൂജകള്‍, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, വിവിധ കലാപരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. തളിപ്പറമ്പ്‌ രാജരാജേശ്വരി ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, ചിറക്കല്‍ ശിവേശ്വരം, വടേശ്വരം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിരവധി ഭക്തര്‍ ഇന്ന്‌ ദര്‍ശനത്തിനായി എത്തും. നിര്‍മലഗിരി രാമപുരം ശ്രീ ശിവവിഷ്‌ണു ക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിവിധ പൂജകള്‍, പുരാണ പാരായണം, വൈകുന്നേരം ചുറ്റുവിളക്ക്‌, സമൂഹ പ്രദക്ഷിണം, രാത്രി 7.30 ന്‌ പി.എസ്‌.മോഹനന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവ നടക്കും. അഴീക്കോട്‌ തെക്കുഭാഗം കടപ്പുറം ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ വൈകുന്നേരം 6.30 ന്‌ താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടു കൂടി തിരുവായുധം എഴുന്നള്ളത്ത്‌, രാത്രി 9.30 ന്‌ ശാക്തേയ പൂജ, 10.30 ന്‌ മഹാശിവരാത്രി പൂജ, 11 ന്‌ ഗാനമേള എന്നിവയുണ്ടായിരിക്കും. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ പ്രത്യേക പൂജകളും മറ്റും നടക്കും. മട്ടന്നൂര്‍ കയനി, തിരുവനായി, വാസുപുരം ശ്രീ ശിവവിഷ്‌ണു ക്ഷേത്രത്തില്‍ ഇന്ന്‌ വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷിക്കും. രാവിലെ 6 മണിക്ക്‌ അഷ്‌ടദ്രവ്യ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, വൈകുന്നേരം 6 മണിക്ക്‌ ലക്ഷംദീപം സമര്‍പ്പണം, 7.30 ന്‌ പ്രഭാഷണം എന്നിവ നടക്കും. മയ്യില്‍ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ രാവിലെ 10 മണിക്ക്‌ ഷാജി കരിപ്പത്തിന്റെ പ്രഭാഷണം, രാവിലെ മുതല്‍ വിവിധ പൂജകള്‍, ശിവസഹസ്രനാമ പാരായണം തുടങ്ങിയവ നടക്കും. കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ വൈകുന്നേരം 6 മണിക്ക്‌ സമൂഹ ദീപാര്‍ച്ചന, രാത്രി 10.30ന്‌ ശിവപൂജാര്‍ച്ചന, തുടര്‍ന്ന്‌ അഭിഷേകം, രാത്രി 1 മണിക്ക്‌ ശാസ്‌ത്രീയ നൃത്തപരിപാടി എന്നിവ നടക്കും. ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ പുലര്‍ച്ചെ 4 മണിക്ക്‌ പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന്‌ വിവിധ പൂജകള്‍, 9 ന്‌ സഹസ്രനാമാര്‍ച്ചന, വൈകുന്നേരം 6 മുതല്‍ 7 വരെ ഭജനസന്ധ്യ, രാത്രി 7 ന്‌ സാംസ്‌കാരിക സമ്മേളനം, 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 1 മണിക്ക്‌ കഥാപ്രസംഗം എന്നിവ നടക്കും. ഇരിട്ടി കിഴൂര്‍ ശ്രീ മഹാവിഷ്‌ണു ക്ഷേത്രം, മഹാദേവക്ഷേത്രം, വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം, പയ്യാവൂര്‍ ക്ഷേത്രം, ആലക്കോട്‌ അരങ്ങം ക്ഷേത്രം, ഇരിക്കൂര്‍ ശ്രീ മാമാനിക്കുന്ന്‌ മഹാദേവി ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, ആലക്കോട്‌ അരങ്ങം മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ നടക്കും. പാട്യം പുതിയതെരു ശ്രീ ചിറക്കക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ പുല്ലഞ്ചേരി ഇല്ലത്ത്‌ മാധവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ക്ക്‌ ശേഷം വൈകുന്നേരം 6 മണിക്ക്‌ ആദ്ധ്യാത്മിക സദസ്സ്‌ സിനിമാ സീരിയല്‍ നടന്‍ ഇല്ലിക്കെട്ട്‌ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. അന്താരാഷ്‌ട്ര കൃഷ്‌ണാപബോധ സമിതി ആചാര്യന്‍ രാമാനന്ദ ദാസ്‌ ഉഡുപ്പി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കുട്ടികളുടെ നൃത്തനൃത്യങ്ങളും കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിക്കുന്ന കല്യാള സൗഗന്ധികം ഓട്ടന്‍തുള്ളലും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.