അമ്പതുകഴിഞ്ഞവര്‍ യുവനേതാവു ചമയുന്നു: സ്മൃതി ഇറാനി

Monday 7 March 2016 1:43 am IST

വൃന്ദാവന്‍: അമ്പതുകഴിഞ്ഞവരാണ് യുവനേതാവെന്ന് ചമഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പേരുപറയാതെ രാഹുല്‍ ഗാന്ധിയ്ക്കുള്ള വിമര്‍ശനമായിരുന്നു ഇത്. യുവമോര്‍ച്ചയുടെ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സ്മൃതി. രാഹുല്‍ ഗാന്ധി പത്തുവര്‍ഷമായി എംപിയായി തുടരുന്നത് അദ്ദേഹത്തിന്റെ അമ്മയുടെ ആശീര്‍വാദംകൊണ്ടു മാത്രമാണെന്നു പറഞ്ഞ മന്ത്രി സ്മൃതി, മണ്ഡലമായ അമേഠിയില്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ദളിത് കുട്ടിയെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയപ്പോഴും കേരളത്തില്‍ യുവമോര്‍ച്ച നേതാവായിരുന്ന അദ്ധ്യാപകനെ ക്ലാസ് മുറിയില്‍ പിഞ്ചുവിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് 1999-ല്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോഴും അക്ഷരം മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ രാജ്യത്തെ വിഭജിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുകയാണെന്നു വിമര്‍ശിച്ചു. രാജ്യസ്‌നേഹം എനിക്ക് രക്തത്തിലലിഞ്ഞതാണ്, അല്ലാതെ ചില ഗാന്ധിമാരെ പോലെ പറഞ്ഞുനടക്കാനുള്ളതല്ല, ഞാന്‍ ഒരു വേദിയിലും അതു പ്രസംഗിച്ചു പ്രചരിപ്പിക്കാറില്ല, എന്റെ രാജ്യസ്‌നേഹം എന്റെ പ്രവൃത്തിയാണ്, സ്മൃതി ഇറാനി പറഞ്ഞു. രാജ്യസ്‌നേഹത്തെക്കുറിച്ചു പറയുന്ന ഈ നേതാക്കള്‍ ഭരിച്ച കാലത്ത് യുപിഎ സര്‍ക്കാര്‍ യുജിസിയുടെ ഒരു വിദ്യാഭ്യാസ പദ്ധതി റദ്ദാക്കി. പ്രതിരോധ വകുപ്പിലുള്ളവര്‍ക്ക് ജോലിയോടൊപ്പം ഡിഗ്രി സമ്പാദിക്കാവുന്ന പഠന പദ്ധതിയായിരുന്നു ഇത്. യുപിഎ റദ്ദാക്കി. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മന്ത്രിയെന്ന നിലയില്‍ ഞാന്‍ അതു പുനസ്ഥാപിച്ചു. 45,000 വ്യോമസേനാ ജീവനക്കാര്‍ക്ക് ആനുകൂല്യം കിട്ടും. 2.73 ലക്ഷം സൈനികര്‍ക്ക് നേട്ടമുണ്ടാകും, മന്ത്രി വിശദീകരിച്ചു. 'മന്ത്രിയെന്ന നിലയില്‍ ഞാന്‍ എന്റെ ജോലി ചെയ്തു. പക്ഷേ, അത് ഒരു കാര്യത്തിനു തെളിവാണ്, കോണ്‍ഗ്രസുകാര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല, പക്ഷേ, ഏതവസരം വന്നാലും ബിജെപി നിങ്ങള്‍ക്കൊപ്പമുണ്ടാകും,' സ്മൃതി ഇറാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.