മെത്രാന്‍ കായല്‍ പദ്ധതി വിവാദത്തിലേക്ക്

Monday 7 March 2016 4:19 am IST

കോട്ടയം: ടൂറിസം പദ്ധതിക്കായി കുമരകം മെത്രാന്‍ കായല്‍ നികത്താനുള്ള സര്‍ക്കാര്‍ അനുമതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നെല്‍വയല്‍-നീര്‍ത്തട നിയമത്തിന്റെ ലംഘനത്തിന് വഴിവെയ്ക്കുന്ന റവന്യൂവകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുമരകം പഞ്ചായത്തിന്റെ തെക്ക് വേമ്പനാട് കായലിനോട് ചേര്‍ന്നുള്ള 417 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരമാണ് മെത്രാന്‍കായല്‍. ഇതില്‍ 378 ഏക്കര്‍ നികത്താനുള്ള ഉത്തരമാണ് വിവാദമായത്. റെക്കന്‍ഡോ ഡെവലപ്പേഴ്‌സ് ലിമിറ്റഡിനും അനുബന്ധകമ്പനികള്‍ക്കും അനുകൂലമായ നിലപാടാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് റവന്യൂവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. ടൂറിസം രംഗത്ത് 1000 കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്ന വാദം അംഗീകരിച്ചാണ് വിവാദപദ്ധതിക്ക് അംഗീകാരം നല്‍കിയത്. മെത്രാന്‍കായലില്‍ 378 ഏക്കര്‍ കൃഷിഭൂമിയാണ് വന്‍ വില നല്‍കി റെക്കിന്‍ഡോ ഡെവലപ്പേഴ്‌സും മറ്റ് കമ്പനികളും വാങ്ങിക്കൂട്ടിയത്. 2007 ലാണ് വന്‍ ഭൂമികയ്യേറ്റം കുമരകത്ത് അരങ്ങേറിയത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള ഈ പാടശേഖരം 2007നുശേഷം തരിശിട്ടിരിക്കുകയാണ്. ഇവിടെ ഒരു കൃഷിക്ക് ഉത്പാദിപ്പിച്ചിരുന്നത് 10500 ക്വിന്റല്‍ നെല്ലാണ്. കൂടാതെ അന്നുള്ള കണക്കനുസരിച്ച് 22165 സുസ്ഥിര തൊഴില്‍ദിനങ്ങളും നഷ്ടമായി. ഇതില്‍ 85 ശതമാനം തൊഴില്‍ നഷ്ടവും സ്ത്രീകള്‍ക്കാണ് സംഭവിച്ചത്. മെത്രാന്‍ കായല്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതിലൂടെ ഗുരുതരമായ പാരിസ്ഥിതിക ഭീഷണികളും പ്രദേശം നേരിടും. കായല്‍ നികത്താന്‍ മണ്ണെടുക്കുന്ന സ്ഥലത്തെ ആവാസവ്യവസ്ഥകളെയും ബാധിക്കപ്പെടും. കുട്ടനാട്ടില്‍ വര്‍ഷകാലത്ത് ഉണ്ടാകുന്ന പ്രളയജലത്തെ നിയന്ത്രിക്കുന്നതിന് ഈ പാടശേഖരങ്ങള്‍ക്ക് പ്രധാന പങ്കാണുള്ളത്. സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള തണ്ണീര്‍ത്തടമാണ് വേമ്പനാട്-കോള്‍ പ്രദേശം. ഒരേക്കര്‍ പാടശേഖരം ഏതാണ്ട് രണ്ടരലക്ഷം രൂപയുടെ പാരിസ്ഥിതിക സേവനങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുന്നതായാണ് കണക്ക്. അപ്പോള്‍ 400-ല്‍ അധികം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മെത്രാന്‍ കായല്‍ നല്‍കുന്ന പാരിസ്ഥിതിക സേവനങ്ങള്‍ വളരെ വലുതാണ്. കൂടാതെ ഈ പ്രദേശം ഇംപോര്‍ട്ടന്റ് ബേര്‍ഡ് ഏരിയയില്‍പ്പെടുന്നതാണ്. നിരവധി നീര്‍പറവകള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ ഇവയുടെ ആവാസകേന്ദ്രം കൂടിയാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്കായി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. പാടശേഖരം വാങ്ങിക്കൂട്ടിയശേഷം ഉടമസ്ഥര്‍ അത് തരിശിട്ടപ്പോള്‍ പ്രാദേശികതല നിരീക്ഷണ സമിതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൃഷിക്ക് താത്പര്യം ഇല്ലെന്നും ഒരു ടൂറിസം പ്രോജക്ടാണ് ലക്ഷ്യമെന്നും ഉടമകള്‍ വ്യക്തമാക്കി. ഇതോടെ പ്രതിഷേധവും സമരമുഖവും മെത്രാന്‍ കായലില്‍ രൂപപ്പെട്ടു. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പും പല വകുപ്പുകള്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാത്തതും കാരണം പദ്ധതിയുടെ അനുമതി നീണ്ടുപോകുകയായിരുന്നു. ഇപ്പോള്‍ വിവാദ പദ്ധതിക്ക് അനുമതി നല്‍കിയതിലൂടെ വന്‍ പ്രതിഷേധമാകും സര്‍ക്കാരിന് നേരിടേണ്ടിവരിക. ആറന്മുള വിമാനത്താവള പദ്ധതിക്കുശേഷം വീണ്ടും പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയാണ് സര്‍ക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.