സംരക്ഷണഭിത്തിയില്ല; പാലത്തില്‍ അപകടം പതിവായി

Monday 7 March 2016 4:15 pm IST

പൂച്ചാക്കല്‍: പൂച്ചാക്കല്‍ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. 18 വര്‍ഷം കഴിഞ്ഞിട്ടും പാലത്തിന്റെ ഇരുകരകളിലെ അപ്രോച്ച് റോഡില്‍ സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ പാലത്തിന്റെ അപ്രോച്ച് റോഡില്‍നിന്ന് മാരുതിക്കാര്‍ താഴെ വീണ് വാഹനമോടിച്ചിരുന്ന പാണാവള്ളി സബ്‌രജിസ്ട്രാര്‍ കെ.എ. സിദ്ധിക്കിന് പരിക്കേറ്റു. പുത്തനങ്ങാടിയില്‍നിന്നും ജോലിസ്ഥലമായ പാണാവള്ളി സബ്‌രജിസ്ട്രാര്‍ ഓഫീസിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. വാഹനത്തിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കഴിഞ്ഞവര്‍ഷം ഇതേമാസത്തില്‍ സമാനരീതിയില്‍ രണ്ടു അപകടങ്ങള്‍ ഉണ്ടായി. സ്വകാര്യബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. പാലത്തിന്റെ ഇരുകരകളിലേയും റോഡിനു അരക്കിലോമീറ്ററോളം നീളവും താഴെനിന്ന് അഞ്ച് മീറ്ററോളം ഉയരമുണ്ട്. ഇവിടെ സംരക്ഷണ ഭിത്തി ഇല്ലാത്തതിനാല്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ താഴേയ്ക്ക് വീഴുവാന്‍ സാധ്യത കൂടുതലാണ്. 1998ലാണ് പൂച്ചാക്കല്‍ പുതിയ പാലം യാഥാര്‍ഥ്യമായത്. പഴയപാലത്തിനു ബലക്ഷയം സംഭവിച്ചുതുടങ്ങിയപ്പോഴാണ് പുതിയ പാലത്തിനായി പദ്ധതികള്‍ വന്നത്. പുതിയ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന ഇരുവശങ്ങളിലും മണലോടുകൂടിയ വലിയ കുന്നുകളായിരുന്നു. കുന്നിനു മുകളിലൂടേയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. മറ്റു വാഹനങ്ങളെ കൂടാതെ പുതിയ പാലത്തിലൂടെ ദിനംപ്രതി 60ഓളം സ്വകാര്യ ബസുകളും 12 ഓളം കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. നിര്‍മാണം കഴിഞ്ഞ് 18 വര്‍ഷം കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിര്‍മിയ്ക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.