പണം തട്ടിപ്പ്: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

Monday 7 March 2016 8:56 pm IST

തിരുവല്ല: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ പണം തട്ടിയ കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അസമില്‍ നിന്നും ക്രൈംബ്രഞ്ച് അറസ്റ്റ് ചെയ്തു. ഇടയാറന്മുള മുട്ടത്ത് വെള്ളോപ്പളളില്‍ ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ ആറാട്ടുപുഴ മോഹന്‍വില്ലയില്‍ ജോണ്‍ നൈനാന്‍ (58) നെയാണ് അസമിലെ ഹാത്തിഗാവ് എന്ന സ്ഥലത്തുനിന്നും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഒളിവില്‍ പോയ ഇയാളുടെ ഭാര്യയെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണ പണയ ഇടപാടിന്റെ പേരില്‍ ആരംഭിച്ച സ്ഥാപനം 24 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഡെപ്പോസിറ്റായി വാങ്ങിയ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും പണയമായി സ്വീകരിച്ച സ്വര്‍ണ്ണം കൂടുതല്‍ തുകയ്ക്ക് മറ്റ് ബാങ്കുകളില്‍ പണയം വെച്ച് ഇടപാടുകാരെ കബളിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ജി.എസ.് സനല്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.