യുണൈറ്റഡിന് തോല്‍വി; ലിവര്‍പൂളിന് ജയം

Monday 7 March 2016 9:17 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. കളിയുടെ മുക്കാല്‍ പങ്കും 10 പേരുമായി കളിക്കേണ്ടിവന്ന യുണൈറ്റഡ് വെസ്റ്റ്‌ബ്രോംവിച്ചിനോടാണ് പരാജയമേറ്റുവാങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡിനെ വെസ്റ്റ്‌ബ്രോം അട്ടിമറിച്ചത്. 26-ാം മിനിറ്റില്‍ സൂപ്പര്‍ താരം ജുവാന്‍ മാട്ടയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. കളിയില്‍ മുന്‍തുക്കം യുണൈറ്റഡിനായിരുന്നെങ്കിലും മാട്ട ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവരുടെ കളിയില്‍ അത് നിഴലിച്ചു. മാട്ട പുറത്തായതോടെ യുവസൂപ്പര്‍താരമായി മാറിക്കൊണ്ടിരിക്കുന്ന റാഷ്‌ഫോര്‍ഡിനും ഹെരേരക്കും മുന്നേറ്റനിരയില്‍ പന്ത്കിട്ടാന്‍ ബുദ്ധിമുട്ടാവുകയും ചെയ്തു. ഒരാള്‍ കൂടുതലുള്ളതിന്റെ ആനുകൂല്യം മുതലെടുത്ത് വെസ്റ്റ്‌ബ്രോം താരങ്ങള്‍ എതിര്‍നിരയിലേക്ക് ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തിയതോടെ മാഞ്ചസ്റ്ററിന് പ്രതിരോധത്തിന് ഊന്നല്‍ നല്‍കേണ്ടിയും വന്നു. തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ കളിയുടെ 66-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ നെഞ്ചകം പിളര്‍ന്ന ഗോള്‍ വന്നു. ബോക്‌സിന് മധ്യത്തില്‍ നിന്ന് സലോമന്‍ റണ്‍ഡന്‍ പായിച്ച ഷോട്ടാണ് യുണൈറ്റഡ് വലയില്‍ കയറിയത്. വിജയത്തോടെ 29 കളികളില്‍ നിന്ന് 39 പോയിന്റുമായി വെസ്റ്റ് ബ്രോംവിച്ച് 11-ാം സ്ഥാനത്തേക്ക് മുന്നേറി. 47 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്തുതന്നെയാണ്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ലിവര്‍പൂള്‍ രണ്ടെണ്ണം അടിച്ച് വിജയം വരിച്ചത്. 48-ാം മിനിറ്റില്‍ ജോ ലെഡ്‌ലി ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചു. പിന്നീട് 62-ാം മിനറ്റില്‍ ജെയിംസ് മില്‍നര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ പാലസ് വിജയം ഉറപ്പിച്ചു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ ആഞ്ഞടിച്ച ലിവര്‍പൂള്‍ 72-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ സമനില പിടിച്ചു. പിന്നീട് ഇഞ്ചുറിസമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്രിസ്റ്റിയന്‍ ബെന്റക്കെ ടീമിന്റെ വിജയഗോളും സ്വന്തമാക്കി. വിജയത്തോടെ 44 പോയിന്റുമായി ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് കയറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.