കര്‍ഷകരെ വഞ്ചിക്കുന്നതിലും 'സോളാര്‍' മോഡല്‍ ഒത്തുതീര്‍പ്പ്

Monday 7 March 2016 10:44 pm IST

ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞടുപ്പിലെ പ്രകടനപത്രികയില്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ കബളിപ്പിച്ച കോണ്‍ഗ്രസ് വീണ്ടും അതേ വാഗ്ദാനവുമായി രംഗത്തെത്തി. സോളാര്‍ തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മുമായി ഒത്തുകളിച്ച കോണ്‍ഗ്രസിന്റെ മറ്റൊരു ചതിയായി മാറിയിരിക്കുകയാണ് ആര്‍ ബ്‌ളോക്ക് ഭൂമി തട്ടിപ്പിലെ വാഗ്ദാന ലംഘനം. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്ക് ഭൂമാഫിയയുമായി ഒത്തുകളിച്ച് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത ഭൂമി മടക്കി നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനമാണ് കബളിപ്പിക്കലായി മാറിയത്. 217 കര്‍ഷകരുടെ ഭൂമി വിഎസ് പക്ഷക്കാരായ സിപിഎം നേതാക്കളും ടൂറിസം മാഫിയകളുമായി ഒത്തുകളിച്ച് തട്ടിയെടുത്തതാണ് ആര്‍ ബ്‌ളോക്ക് ഭൂമി തട്ടിപ്പെന്ന് പിന്നീട് അറിയപ്പെട്ടത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്നു കര്‍ഷകഭൂമി തട്ടിയെടുത്തവരെ ജയിലിലടക്കുമെന്നും, ഭൂമി കര്‍ഷകര്‍ക്ക് മറിച്ചു നല്‍കുമെന്നത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല. വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ അട്ടിമറിക്കുകയൂം ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള കുട്ടനാട്ടിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ഷകരില്‍ നിന്ന് ലേലത്തിലൂടെ ഏറ്റെടുത്ത് മറിച്ചുവിറ്റ ആര്‍ ബ്ലോക്കിലെ 151 ഏക്കര്‍ കൃഷിഭൂമി തിരികെ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ജില്ലാകളക്ടര്‍ എന്‍. പത്മകുമാര്‍ റവന്യൂ സെക്രട്ടറിക്ക് 2014 ജൂണ്‍ 30ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭൂമി മടക്കി നല്‍കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കര്‍ഷകസ്‌നേഹം പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പും മാഫിയകളോടുള്ള വിധേയത്വവും തുറന്നുകാട്ടുന്നതാണ് ആര്‍ ബ്ലോക്കിലെ കര്‍ഷക ഭൂമി തട്ടിപ്പ്. പാര്‍ട്ടിയില്‍ അച്യുതാനന്ദന്റെ സ്വന്തം ഗ്രൂപ്പുകാരാണ് ഇവിടെ തട്ടിപ്പിന് നേതൃത്വം നല്‍കിയത്. 1973ല്‍ കായല്‍ രാജാവ് മുരിക്കനില്‍ നിന്ന് ആര്‍ ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 151.33 ഏക്കര്‍ ഭൂമി 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് പിന്നീട് പതിച്ചു നല്‍കി. തുടര്‍ന്ന് സിപിഎമ്മുകാര്‍ ഭരണം കയ്യാളുന്ന കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിചെയ്യാനും വീടുവയ്ക്കാനും ധനസഹായപദ്ധതിയുടെ പേരില്‍ പട്ടയം വാങ്ങി വായ്പ നല്‍കി. കൃഷിനാശവും മറ്റും കാരണം ഒരാളൊഴികെ മറ്റാര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ഇതോടെ ബാങ്ക് ഭൂമി ജപ്തിചെയ്യുകയും ബാങ്കിന്റെ പേരില്‍ തന്നെ ലേലം കൊള്ളുകയും ചെയ്തു. പിന്നീട് സ്വകാര്യ വ്യക്തിക്ക് ഈ ഭൂമി ബാങ്ക് മറിച്ചു വിറ്റു. സംഭവം വിവാദമായതോടെ ഭരണസമിതി പിരിച്ചുവിട്ട് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തുകയായിരുന്നു. ബാങ്കിന്റെ നടപടി പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിരുന്നു. 216 കര്‍ഷകരില്‍ നിന്ന് ഭൂമി ലേലത്തില്‍ വാങ്ങിയതിലൂടെ കേരള ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്നതില്‍ അധികം ഭൂമി ബാങ്കിന്റെ കൈവശമെത്തി. അധിക ഭൂമി കൈവശം വച്ചതിന് ബാങ്കിനെതിരെ കേസെടുക്കണം. ചട്ടവിരുദ്ധമായി വസ്തുവിറ്റ നടപടി റദ്ദാക്കണം. കര്‍ഷകരില്‍ നിന്ന് ബാങ്ക് ലേലംകൊണ്ട ഭൂമി വില്‍ക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് നല്‍കുന്നതിനു മുമ്പുതന്നെ ബാങ്ക് ടെണ്ടര്‍ നടപടി സ്വീകരിച്ചതും ഓരോ വായ്പക്കാരനെയും പ്രത്യേകം പരിഗണിക്കാതെ ഒരുമിച്ച് ഭൂമി ലേലം ചെയ്തതും നിയമവിരുദ്ധമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തിയ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് തട്ടിപ്പുകാരെ സംരക്ഷിച്ചവര്‍ ഇപ്പോള്‍ മുതലക്കണ്ണീരുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത പ്രകടനപത്രികയിലും അക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് യുഡിഎഫിന്റെ 'വാഗ്ദാനം'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.