പാര്‍ക്കില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

Monday 7 March 2016 10:44 pm IST

കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ താമസിക്കുന്ന വിദേശ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ടെക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് നെല്ലനാട് സബര്‍മതി ലൈനില്‍ രാഹുല്‍ ഭവനില്‍ രാഹുലി(24) നെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.

രാഹുല്‍

എംബിഎക്കാരനായ രാഹുല്‍ ഏതാനും നാളുകളായി ക്ലബ് ഹൗസില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയാണ്. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ഗവേഷണവുമായി ബന്ധപ്പെട്ടെത്തിയ അഞ്ചോളം വിദേശ സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് ഇവിടെയാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതില്‍ നാല് അമേരിക്കന്‍ സ്വദേശിനികളായ വിദ്യാര്‍ഥിനികളും ഒരു നൈജീരിയന്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുമുണ്ട്. ഒരു സെമസ്റ്ററിലെ മൂന്ന് മാസം ഏതെങ്കിലും വിദേശ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യണമെന്നുളളതുകൊണ്ട് ഇവര്‍ കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ ഇവിടെ താമസത്തിന് എത്തിയതുമുതല്‍ രാഹുല്‍ ഇവരുമായി പരിചയം സ്ഥാപിച്ചിരുന്നു.
മദ്യലഹരിയിലായിരുന്ന രാഹുല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഇതിലൊരു വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന മുറിയുടെ കതക് തുറക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥിനി തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് രാഹുല്‍ 30 തവണ വിദ്യാര്‍ഥിനിയെ വിളിക്കുകയും ഫോണെടുക്കാത്തതിനാല്‍ കസേര കൊണ്ടു വന്ന് കതക് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കതക് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനല്‍ തല്ലി ത്തകര്‍ത്ത് അകത്ത് കടന്ന പ്രതി വിദ്യാര്‍ഥിനിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭയചകിതരായ വിദ്യാര്‍ഥിനിയും സഹപാഠികളും പോലീസിനെ അറിയിക്കുയായിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തി ടെക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ ഗവേഷണത്തിനും മറ്റ് പഠന ആവശ്യങ്ങള്‍ക്കുമായി വരുന്ന വിദേശ വിദ്യാര്‍ഥിനികളെ താമസിപ്പിക്കാറുണ്ട്. എന്നാല്‍ രാജ്യത്തെതന്നെ തന്ത്രപ്രധാന കേന്ദ്രമായ ഇവിടെ ജീവനക്കാരെ നിയമിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്ന ആക്ഷേപം ഉയരുന്നുണ്ട്.
ഇവിടുത്തെ സുരക്ഷയ്ക്കായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരിക്കുന്നതും പരിശോധനകള്‍ കൂടാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ്. ഒരു പ്രമുഖ ഗുണ്ടാ വധക്കേസിലെ പ്രധാനിയുള്‍െപ്പടെ ഇവിടെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ജീവനക്കാരെ നിയമിക്കുമ്പോള്‍ ജോലി കൊടുക്കുന്നതിനു മുമ്പുള്ള പരിശോധനകളുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഇവിടത്തെ സുരക്ഷ പോലീസിനെ ഏല്‍പിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്. കഴക്കൂട്ടം സൈബര്‍ സിറ്റി എസിപി. അനില്‍ കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐമാരായ ജി. സുനില്‍, ടി. സീതാറാം, നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.