കോട്ടയം നഗരം ചീഞ്ഞുനാറുന്നു

Monday 7 March 2016 10:48 pm IST

കോട്ടയം: മാലിന്യ സംസ്‌കരണം നിലച്ച കോട്ടയം നഗരസഭാ പ്രദേശത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്നു. സംഭരണ കേന്ദ്രങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വഴിവക്കിലും പുഴയോരത്തും കുഴിച്ചുമൂടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴിവക്കുകളില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. വടവാതൂരിലെ നഗരസഭാ ഡംബിംഗ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ ഇപ്പോള്‍ മാലിന്യ സംസ്്കരണത്തിന് വേറെ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കോടിമത, നാഗമ്പടം പുത്തനങ്ങാടി എന്നിവിടങ്ങളില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതോന്നുംതന്നെ പ്രവര്‍ത്തിക്കുന്നില്ല. പുത്തനങ്ങാടിയില്‍ ചെറിയതോതില്‍ ജൈവമാലിന്യങ്ങള്‍ മാത്രം സംഭരിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ള ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. കോടിമതയിലെ സംസ്‌കാരണ പ്ലാന്റിന് ആവശ്യമായ ജലലഭ്യത ഇല്ലെന്ന കാരണത്താല്‍ ഇതിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. നാഗമ്പടത്ത് സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപം സ്ഥാപിച്ചിട്ടുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നൂണ്ടെന്ന് അധികൃതര്‍ പറയുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു സംസ്‌കരണവും നടക്കാറില്ല. പ്ലാന്റിന് സമീപത്തായി പൊതുസ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ വിവിധതരം പ്ലാന്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല. നഗരത്തിലെ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ കുറച്ചതും വിനയായിട്ടുണ്ട്. മാലിന്യം എവിടെ തള്ളണം എന്നറിയാത്ത ജനങ്ങളാണ് വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നത്. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോടിമതയിലെ പുഴയുടെ തീരത്തും, ചന്തക്കടവ് റോഡ്, നാഗമ്പടം നഗരസഭാ മൈതാനത്തുമാണ് കുഴിച്ചുമൂടുന്നത്. ആറ്റുതീരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത് ജലമലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. ഒരു കിലോമീറ്ററോളം വരുന്ന കോടിമത-ചന്തക്കടവ് റോഡിന് ഇരുവശങ്ങളും താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെയാണ് മാലിന്യങ്ങല്‍ കൂടുതലായി കുഴിച്ചുമൂടുന്നത്. ഇതാണ് ഇവിടെ മാലിന്യം വലിച്ചെറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഇങ്ങനെ എറിയുന്ന മാലിന്യത്തിന് മേല്‍ വാഹനങ്ങളില്‍ മണ്ണെത്തിച്ച് മൂടുകയാണ് പതിവ്. പച്ചക്കറി ചന്തയിലെ അവശിഷ്ടങ്ങളും വഴിവക്കില്‍ നിരന്ന് കിടക്കുന്നുണ്ട്. മീന്‍ചന്തയിലെ അഴുകിയ അവശിഷ്ടങ്ങളാകട്ടെ സമീപത്തെ തോട്ടിലാണ് തള്ളുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമാവും വിധം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞുനാറുമ്പോഴും സംസ്‌കരണ പ്ലാന്റുകള്‍ പ്രാവര്‍ത്തിമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.