ലിബിയയില്‍ നാറ്റോ ആക്രമണം ; 12 മരണം

Friday 17 June 2011 10:20 am IST

ട്രിപ്പോളി: ലിബിയയില്‍ ബസിനു മുകളില്‍ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ട്രിപ്പോളിക്ക് 120 കിലോമീറ്റര്‍ അകലെ കിക്‌ല നഗരത്തിന്റെ പ്രവേശന കവാടത്തിലാണ് ബസിന് മേല്‍ ബോംബു പതിച്ചതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ സേനയുടെ മിസൈല്‍ ലക്ഷ്യം തെറ്റി ബസില്‍ പതിക്കുകയായിരുന്നു. ട്രിപ്പോളിയിലും പരിസര പ്രദേശങ്ങളിലും നാറ്റോ ആക്രമണം തുടരുകയാണ്. ഗദ്ദാഫിയുടെ വസതി സ്ഥിതി ചെയ്യുന്ന ബാബ് അല്‍ ആസീസിയ മേഖലകളില്‍ നാറ്റോ സൈന്യം ആറു തവണ മിസൈല്‍ വര്‍ഷിച്ചു. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പശ്ചിമ മേഖലകളില്‍ തമ്പടിച്ചിട്ടുളള വിമതര്‍ ഗദ്ദാഫിയുടെ ശക്തികേന്ദ്രങ്ങളായ ചില പട്ടണങ്ങള്‍ കൂടി പിടിച്ചിട്ടുണ്ട്. അതേസമയം പ്രശ്‌നപരിഹാരത്തിനായി വിമതരുമായി ഗദ്ദാഫി സേന നേരിട്ടു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.