ഹനുമദ്-സീതാ സംവാദം

Tuesday 8 March 2016 8:16 pm IST

വായുപുത്രന്‍ പറഞ്ഞതുകേട്ട് സീതാദേവി ചോദിച്ചു.''വളരെ വ്യക്തമായ പദങ്ങളാല്‍ നിന്നെപ്പോലെയിങ്ങനെ സംസാരിക്കുന്നവര്‍ കുറവാണ്. രാമചന്ദ്രന്റെ ദാസനാണു നീയെന്നു പറഞ്ഞു. വാനരന്മാരുമായി മനുഷ്യര്‍ക്ക് മൈത്രിയുണ്ടായതെങ്ങനെ? തിരുമനസ്സില്‍ എന്നോടു വലിയ പ്രേമമുണ്ടെന്ന് നീ പറഞ്ഞതിനു കാരണവും പറയുക. '' ഈ ചോദ്യം കേട്ട് ഹനുമാന്‍ സീത പോയതിനുശേഷമുള്ള സംഭവങ്ങള്‍ വിവരിക്കുന്നു. രാമന്‍ മാനിന്റെ വേഷത്തിലെത്തിയ മാരീചനെ വധിച്ചു. ദേവിയെ തിരഞ്ഞുവരുമ്പോള്‍ ചിറകറ്റു കിടന്ന ജടായുവില്‍നിന്ന് സംഭവങ്ങള്‍ മനസ്സിലാക്കി. പിന്നെ വനത്തിലൂടെ ദേവിയെ അേന്വഷിച്ചു നടക്കുമ്പോള്‍ കബന്ധനു മോക്ഷം കൊടുത്തു. ശബരിയുടെ ആശ്രമത്തിലെത്തി അവള്‍ക്ക് ദര്‍ശനവും പരമഗതിയും നല്‍കി. അവിടെനിന്നും ഋഷ്യമൂകാചലത്തിലെത്തിയപ്പോള്‍ ഞാന്‍ ബ്രഹ്മചാരിവേഷത്തിലെത്തി സ്വീകരിച്ചുകൊണ്ടുപോയി സുഗ്രീവനുമായി സഖ്യം ചെയ്യിച്ചു. ഇന്ദ്രപുത്രനായ ബാലിയെ വധിച്ച് സൂര്യപുത്രനെ വാനരരാജാവാക്കി സുഗ്രീവന്‍ ദേവിയെ അനേ്വഷിച്ചു കണ്ടുപിടിക്കാന്‍ ഓരോ ദിക്കിലേക്കും ഓരോ ലക്ഷംപേരെ നിയോഗിച്ചു. യാത്രപുറപ്പെടാന്‍ നേരത്ത് രാമന്‍ എന്നോടു പറഞ്ഞു: ''പവനന്ദന, നീ സീതയോട് എന്റേയും ലക്ഷ്മണന്റെ കുശലം പറയണം എന്നെ പരിചയപ്പെടുത്താനും ദേവിക്കു വിശ്വാസം വരാനുമായി നാമാക്ഷരം കൊത്തിയ മോതിരം അടയാളമായി തന്നുവിട്ടു.'' ഇതുപറഞ്ഞ് തന്റെ ശിരസ്സില്‍ സൂക്ഷിച്ചിരുന്ന മുദ്രമോതിരമെടുത്ത് ആദരപൂര്‍വം സമര്‍പ്പിച്ചു. നമസ്‌കരിച്ച് കൈകൂപ്പി മാറിനിന്നു. മോതിരം കണ്ട് സീത ആനന്ദബാഷ്പം തൂകി. അതിനെ സ്വന്തം ശിരസ്സിലും കണ്ണിലും വച്ചു. എന്നിട്ട് പറഞ്ഞു: '' കപിവര, നിങ്ങളിപ്പോള്‍ എന്റെ പ്രാണദാതാവാണ്. എനിക്കു പ്രിയം ചെയ്തവനാണ്. നിങ്ങള്‍ മഹാബുദ്ധിമാനും രാമനു പ്രിയങ്കരനുമാണ്. അങ്ങനെയല്ലാത്തൊരാളെ പ്രിയന്‍ എന്റെയടുത്തേക്ക് അയക്കില്ല. എന്റെ ആപത്തുകള്‍ നീ കണ്ടല്ലോ. എന്നോടു ദയതോന്നത്തക്കവണ്ണം നീയെല്ലാം രാമനോടു പറയണം. എനിക്ക് രണ്ടുമാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതുവരെ ഞാന്‍ ഈ പ്രാണനെ ധരിച്ചുകൊണ്ടിരിക്കും. അതിനകം വന്ന് രാവണനെ നിഗ്രഹിച്ച് എന്നെ രക്ഷിക്കുന്നതിന് നീ വേല ചെയ്യുക.'' ഹനുമാന്‍ പറഞ്ഞു-''ഞാന്‍ മടങ്ങിച്ചെന്ന് രാമനോട് ഇവിടത്തെ വര്‍ത്തമാനം അറിയിച്ചാലുടന്‍ അനുജനും സകലവാനര സൈന്യവുമായി എത്തുമെന്നതിനു സംശയമില്ല. പുത്രന്മാര്‍, സഹോദരന്മാര്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം രാവണനെയും മുഴുവന്‍ രാക്ഷസസൈന്യത്തെയും കാലാപുരിക്ക് അയക്കുമെന്നതിനും സംശയമില്ല. എന്നിട്ട് ഭവതിയേയും കൊണ്ട് അയോദ്ധ്യക്ക് എഴുന്നള്ളും.'' അപ്പോള്‍ സീതക്കൊരു സംശയം ''നൂറുയോജനയുള്ള സമുദ്രം വാനരസൈന്യത്തോടൊപ്പം കടക്കുന്നതെങ്ങനെ?'' ഇതു മനസ്സിലാക്കി ഹനുമാന്‍ പറയുന്നു. ''മനുജ പരിവൃഢനെയുമവരജനെയുമന്‍പോടു മറ്റുള്ള വാനരസൈന്യത്തെയും ക്ഷണാല്‍ മമ ചുമലില്‍ വിരവിനൊടെടുത്തു കടത്തുവന്‍ മൈഥിലീ കിം വിഷാദം വൃഥാ മാനസേ?'' ശ്രീരാമനെയും ലക്ഷ്മണനെയും വാനരസൈന്യത്തെ മുഴുവനും ഞാന്‍ എന്റെ ചുമലിലെടുത്ത് കടല്‍ കടത്തും എന്നത് എഴുത്തച്ചന്‍ ഹനുമാനെക്കൊണ്ടു പറയിക്കുന്നതാണ്. എന്നാല്‍ മൂലത്തില്‍ തീര്‍ത്വായാസ്യത്യമേയാത്മാ വാനരാനീകപൈ സഹഃ ഹനുമാനാഹ മേ സ്‌കന്ധമാരുഹ്യ പുരുഷര്‍ഷഭൗ ആയാസ്വതഃ സസൈന്യശ്ച സുഗ്രീവോ വാനരേശ്വരഃ വിഹായസാ ക്ഷണേനൈവ തീര്‍ത്യാ വാരിധി മാതതം (രാമലക്ഷ്മണന്മാരായ ആ രണ്ടു നരവീരന്മാരും എന്റെ തോളില്‍ കയറി വരും. വാനരരാജാവായ സുഗ്രീവന്‍ സേനയോടുകൂടി ക്ഷണനേരംകൊണ്ട് ആകാശമാര്‍ഗത്തിലൂടെ കടല്‍ കടന്നുവരും) എന്നാണ് ഹനുമാനെ ഒന്നുയര്‍ത്താനായിരിക്കാം മുഴുവന്‍ പേരെയും ചുമലിലെടുത്ത് ഞാന്‍ കൊണ്ടുവരുമെന്ന് എഴുത്തച്ഛന്‍ പറയിച്ചത്. അതുകഴിഞ്ഞ് ഹനുമാന്‍ സീതയോടു വിട ചോദിക്കുന്നു. ''ശ്രീരാമചന്ദ്രന് വിശ്വാസം വരാനായി ഒരടയാളവും തരണം.'' എന്നാവശ്യപ്പെട്ടു. ദേവി ഉടനെ തന്നെ ചൂഢാമണി ശിരസ്സില്‍ നിന്നെടുത്ത് ഹനുമാന്റെ കൈയില്‍ കൊടുത്തു. ചൂഡാരത്‌നം കൈയില്‍ വാങ്ങിയിട്ട് ഹനുമാന്‍ രാമനു വിശ്വാസമുണ്ടാകാന്‍ വേണ്ടി രണ്ടുപേര്‍ക്കും മാത്രമറിയാവുന്ന ഒരു സംഭവം അടയാള വാക്യമായി പറയാനാവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.