ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലേയ്ക്ക് നടക്കാന്‍ പോകുന്ന തെരെഞ്ഞടുപ്പില്‍ സമ്മതിദായകര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ഇതാദ്യമായി ദേശീയ വോട്ടേഴ്സ് സര്‍വ്വീസസ് പോര്‍ട്ടലിന് രൂപം നല്കി. വോട്ടര്‍മാരുടെ പേര്, പോളിംഗ് സ്റ്റേഷന്റെ വിലാസം, ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ മുതലായവ ഈ പോര്‍ട്ടലില്‍ നിന്ന് ലഭ്യമാണ്. ഇതേ വിവരങ്ങള്‍ ഒരു സമഗ്രമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ലഭ്യമാക്കും.
തെരഞ്ഞെടുപ്പ് കാലത്തെ പ്രസക്തമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് എസ്.എം.എസ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ലഭ്യമാക്കുന്നതിന് ഇതാദ്യമായി ഒരു ഇന്‍ഫര്‍മേഷന്‍ ഗേറ്റ്വേയും തെരെഞ്ഞെടുപ്പ് കമ്മീഷന് സജ്ജമാക്കുന്നുണ്ട്. മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് സമയപ്പട്ടിക, സമര്‍പ്പിച്ചിട്ടുള്ള നാമ നിര്‍ദേശ പത്രികകളുടെ വിശദാംശങ്ങള്‍, മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തീയതികള്‍ മുതലായവ ഇതിലൂടെ ലഭ്യമാകും.
വെബ്പോര്‍ട്ടലിലൂടെയും, മൊബൈല്‍ ആപ്പ് വഴിയും ഇ-വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് ലഭ്യമാക്കാനും സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ഫോട്ടോ കൂടാതെയുള്ള വോട്ടര്‍ പട്ടികയിലെ പേരും ക്രമനമ്പരും മറ്റും പ്രിന്റ് എടുക്കാന്‍ കഴിയും. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിനോടൊപ്പം ഈ പ്രിന്റ് ഔട്ട് കൂടി കാണിച്ചാല്‍ ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വേഗത്തില്‍ വിനിയോഗിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: