സ്ത്രീ ശാക്തീകരണത്തില്‍ കേരളം ഇന്നെവിടെ നില്‍ക്കുന്നു

Wednesday 9 March 2016 9:20 am IST

ഇന്നലെ അന്താരാഷ്ട്രവനിതാദിനമായിരുന്നല്ലോ. 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിയിലൂടെ രാജ്യത്തെ പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും സ്ത്രീ ശാക്തീകരണ വിഷയത്തില്‍ കേരളം ഇന്നെവിടെ നില്‍ക്കുന്നു എന്നത് പ്രത്യേകം ചിന്തിക്കേണ്ട ഒരു വിഷയമാണ്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ പതിനഞ്ച് വയസ്സില്‍ താഴെയുള്ള വിവാഹിതരായ സ്ത്രീകളുടെ എണ്ണം 23,183 ആണ്. അതായത് നമ്മുടെ പെണ്‍കുട്ടികളില്‍ അര ശതമാനത്തില്‍ അധികം പേര്‍ നിയമവിരുദ്ധമായി കൌമാരത്തില്‍ തന്നെ വിവാഹം കഴിക്കപ്പെട്ടുന്നു. നമ്മുടെ കുട്ടികളില്‍ പതിനായിരത്തിലേറെ പേര്‍ ഇത്തരം കൌമാരക്കാരായ അമ്മമാരില്‍ ജനിച്ചവരാണ്. യൂറോപ്യന്‍ നിലവാരത്തിലാണ് നാം എന്നൊക്കെ അഭിമാനം കൊള്ളുന്ന നാം ഗതകാല സ്മൃതിയില്‍ ഊറ്റം കൊണ്ട് ഭാവിയും വര്‍ത്തമാനവും അവഗണിക്കുക്കയല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം എത്ര പുറകിലാണ് എന്ന കാര്യം എല്ലാ മലയാളികള്‍ക്കും ഒരു അപമാനമായി ഇന്നും നിലനില്ക്കുന്നു. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 77,063 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, പൂവാലശല്യം, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് എന്തൊരു അപമാനമാണ് എന്ന് കൂടി ആലോചിക്കണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കേണ്ട സര്‍ക്കാര്‍ കേവലം വോട്ടു ബാങ്ക് മാത്രം ലക്ഷ്യമാക്കി ഇത്തരം നടപടികള്‍ കണ്ടില്ല എന്ന് നടിക്കുന്നു. നിയമങ്ങള്‍ പാസ്സാക്കിയാല്‍ മാത്രം മതി അത് അപ്രായോഗികമാണെങ്കിലും നടപ്പിലാക്കപെട്ടില്ലെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു നാല് വോട്ടു നേടിയെടുക്കാം എന്ന ലക്ഷ്യം മാത്രമുള്ള ഒരു രാഷ്ട്രീയസംസ്‌കാരം ശീലിച്ചു പോയതും നമ്മുടെ നാടിന്റെ മൂല്യശോഷണത്തിന് ഒരു കാരണമാണ്. സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് വലിയ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ തിരശ്ശീല കെട്ടി പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്ന കാഴ്ച നിരാശയുളവാക്കുന്നു. ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും സ്ത്രീകള്‍ക്ക് ലഭിക്കുന്ന അംഗീകാരം വളരെ കുറവാണ് എന്ന് കാണാം. സ്വപ്രയത്‌നത്താല്‍ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കിയ സ്ത്രീ നേതാക്കന്മാരെ ഇവിടെഎങ്ങും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ സംഘടനക്കുള്ളിലും സര്‍ക്കാര്‍ ചുമതലകളിലും സ്വന്തമായി രാഷ്ട്രീയ ഐഡന്റിറ്റി ഉള്ള പരിശ്രമശാലികളായ അനേകം സ്ത്രീ നേതാക്കളും പ്രവര്‍ത്തകരെയും കാണാം. എവിടെയാണ് നമുക്ക് തെറ്റ് പറ്റിയത് ? എവിടെ സ്ത്രീകള്‍ ആദരിക്കപെടുന്നുവോ അവിടെ ഐശ്വര്യം വിളയാടുന്നു എന്ന മനോഭാവം എങ്ങനെയാണ് നമുക്ക് നഷ്ടമായത് എന്ന് വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. സര്‍ക്കാരും, സമൂഹവും കുടുംബവും വ്യക്തികളും ഒത്തൊരുമിച്ചു സ്ത്രീകളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും മാതൃകാപരവും ക്രിയാത്മകവും ആയ മാറ്റങ്ങള്‍ വരുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്തിനായുള്ള അവസരം ആവട്ടെ ഈ വനിതാദിനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.