കുടിവെള്ളത്തിനായി കുട്ടനാട് കേഴുന്നു

Wednesday 9 March 2016 8:11 pm IST

കുട്ടനാട്: ശുദ്ധജലത്തിനായി കുട്ടനാട്ടുകാര്‍ കേഴുന്നു. ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് പഞ്ചായത്തുതോറും നല്‍കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനം എടുത്തെങ്കിലും ഇതുവരെ ആരംഭിച്ചില്ല. വേനല്‍ചൂടില്‍ കൊടും വരള്‍ച്ചയനുഭവപ്പെടുന്ന കുട്ടനാട്ടില്‍ പ്രധാനസ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് അതില്‍ കുടിവെള്ളം സംഭരിച്ചുവെയ്ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ടാങ്കുകള്‍ പലയിടത്തും എത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളം മാത്രം എത്തിയിട്ടില്ല. വള്ളത്തിലും ബോട്ടിലും ജലവിതരണം നടത്തിയിരുന്ന കൈനകരി തെക്ക്, വടക്ക്, പുളിങ്കുന്ന്, കാവാലം എന്നീ പ്രദേശങ്ങളിലും ശുദ്ധജല വിതരണം തുടങ്ങാനായിട്ടില്ല. പല പ്രദേശങ്ങളിലും ബോര്‍വെല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിതരണലൈനുകള്‍ പൊട്ടിക്കിടക്കുന്നതുകാരണം 99 ശതമാനം പൊതുടാപ്പുകളും നോക്കുകുത്തികളായി നില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം 75 ലക്ഷം രൂപ വിതരണ ലൈനിന്റെ അറ്റകുറ്റ പണിക്കായി അധികൃതര്‍ ചെലവഴിച്ചെങ്കിലും കുട്ടനാട്ടിലെ ഒരു പഞ്ചായത്തില്‍പോലും ഭാഗികമായെങ്കിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. നീരേറ്റുപുറം പ്ലാന്റില്‍നിന്ന് എപ്പോള്‍ കുടിവെള്ളവിതരണം നടത്താന്‍ കഴിയുമെന്നും കൃത്യമായ ഉറപ്പ് നല്‍കാന്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളം വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.