ഭീകര പ്രവര്‍ത്തനം: ഭാരത- യുഎസ് ഉഭയകക്ഷി ചര്‍ച്ച നടത്തി

Wednesday 9 March 2016 8:40 pm IST

വാഷിംങ്ടണ്‍ : ഭീകര പ്രവര്‍ത്തനത്തിനെതിരെ അമേരിക്കയുടെ സഹകരണം ആവശ്യപ്പെട്ട് യുഎസ് ദേശീയ സുരക്ഷാ ഉപദേശക സൂസന്‍ റൈസുമായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ചര്‍ച്ച നടത്തി. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ ഇ മൊഹമ്മദ് എന്നീ സംഘടനകളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ വളര്‍ന്നു വരികയാണ്. ഇതിനെതിരെ ഇരു രാജ്യങ്ങളുടേയും സഹകരണം ആവശ്യമാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ ജയ്ശങ്കര്‍ അറിയിച്ചു. കൂടാതെ കാലാവസ്ഥാ വ്യതിയാനം, വ്യാപാര വാണിജ്യം, പ്രതിരോധം എന്നീ വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തിയെന്നും വൈറ്റ് ഹൗസിനുവേണ്ടി ദേശീയ സുരക്ഷാസമിതി വക്താവ് നെഡ് പ്രൈസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. അടുത്തിടെ നടക്കാനിരിക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിക്കായുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിപാദിച്ചു. ഭാരതവും അമേരിക്കയും തമ്മില്‍ മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. ഭീകര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടുദിവസത്തെ യുഎസ് സന്ദര്‍ശനത്തിനായെത്തിയ ജയ്ശങ്കര്‍ വ്യാപാരവാണിജ്യ വിഭാഗം ഉന്നതതല പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ആണവ സുരക്ഷാ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം യുഎസില്‍ സന്ദര്‍ശനം നടത്തുും. അതിന്റെ മുന്നോടിയായാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.