കായല്‍ നികത്തല്‍ :സര്‍ക്കാര്‍ കീഴടങ്ങി

Thursday 10 March 2016 7:55 pm IST

തിരുവനന്തപുരം: കള്ളക്കളി പൊളിഞ്ഞപ്പോള്‍ കായല്‍നികത്തല്‍ ഉത്തരവ് റദ്ദാക്കി. എന്നാല്‍, സംഭവത്തില്‍ ഇരു മുന്നണികളുടെയും രഹസ്യ പദ്ധതികളും ഒത്തുകളിയും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. ബഹുജന പ്രതിഷേധം ഭയന്നും കോടതി ഉത്തരവിനെ തുടര്‍ന്നുമാണ് മെത്രാന്‍ കായല്‍ നികത്തി 378 ഏക്കര്‍ ഭൂമിയില്‍ ഇക്കോ ടൂറിസം പദ്ധതിക്കും എറണാകുളം കടമക്കുടിയില്‍ 47 ഏക്കറില്‍ മെഡിസിറ്റി പദ്ധതിക്കും അനുമതി നല്‍കിയ വിവാദ സര്‍ക്കാര്‍ ഉത്തരവുകള്‍ മന്ത്രിസഭ റദ്ദാക്കിയത്. ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ നടപടി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഭരണ മുന്നണിയുടെ കീഴടങ്ങല്‍ കൂടിയായി ഈ തീരുമാനം. വിവാദം ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും എല്‍ഡിഎഫ് ആഘോഷിച്ച് അനുമതി നല്‍കിയ പദ്ധതിയില്‍ കൈക്കൊണ്ട മുന്‍തീരുമാനം തെറ്റായിരുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ഇത്, ഇരു മുന്നണികളും കേരള ജനതയ്ക്കു വിരുദ്ധമായ നയമാണ് നടപ്പാക്കിവരുന്നതെന്നതിന് ഔദ്യോഗികമായ വെളിപ്പെടുത്തല്‍പോലെയായി. ഇടതുമുന്നണി സര്‍ക്കാര്‍ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കാന്‍ ആലോചിച്ച കര്‍മ്മ പദ്ധതികളില്‍ മെത്രാന്‍ കായല്‍ ഉള്‍പ്പെടുന്നു. കുമരകം ടൂറിസ്റ്റ് വില്ലേജ് പദ്ധതിയും ആറന്മുള പദ്ധതിയുമുണ്ടായിരുന്നുവെന്നും പൊതുഭരണവകുപ്പ് ഇതു സംബന്ധിച്ച് മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നതായും എന്നാല്‍, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമവും പരിസ്ഥിതി നിയമവും പാലിച്ചേ പദ്ധതി നടപ്പാക്കൂ എന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഇതിനിടെ കടമക്കുടി മെഡിസിറ്റിക്ക് 47 ഏക്കര്‍ നിലം നികത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്നതു വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു. യുഡിഎഫിനകത്തും ഉത്തരവ് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മെത്രാന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആറന്മുളയുടെ അവസ്ഥയുണ്ടാകുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ, കോണ്‍ഗ്രസിനകത്തുനിന്നും വിമര്‍ശനമുണ്ടായി. മുന്‍കാല ഭരണത്തില്‍ ഈ കായല്‍ നികത്തലിനെ പിന്തുണച്ച ഇടതുപക്ഷവും സമരം പ്രഖ്യാപിച്ചു. പുറമേ കോടതി നിലപാടുകൂടി വന്നതോടെ, സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, വൈക്കം ചെമ്പില്‍ 150 ഏക്കര്‍ ഭൂമിയില്‍ സമൃദ്ധി പദ്ധതിക്കായി അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. സ്വകാര്യ വ്യക്തിക്ക് സീലിങ് പരിധിയില്‍ ഇളവ് മാത്രമാണ് സമൃദ്ധി പദ്ധതിക്ക് നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, ബ്രഹ്മമംഗലം നീര്‍ത്തടമെന്നറിയപ്പെടുന്ന ആറാട്ടുകരി നെല്‍പാടം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനശക്തിയുടെ വിജയം: കുമ്മനം തിരുവനന്തപുരം: വിവാദ ഭൂമിനികത്തല്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത് നില്‍ക്കക്കള്ളിയില്ലാതെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് ജനശക്തിയുടെ വിജയമാണ്. ഈ വിഷയത്തിലുള്ള ഇടതുമുന്നണിയുടെ എതിര്‍പ്പ് തട്ടിപ്പാണ്. അവരാണ് പദ്ധതിയുമായി ആദ്യം രംഗത്തുവന്നത്. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്ന രീതി ഇടതുപക്ഷം അവസാനിപ്പിക്കണം. ആറന്മുള വിമാനത്താവളം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇടതു പക്ഷത്തിന്റെ നിലപാട് ഇതുതന്നെയായിരുന്നു. പിന്‍വാതിലില്‍ കൂടി ജനവിരുദ്ധ പദ്ധതികള്‍ അവതരിപ്പിക്കുകയും വിവാദമാകുമ്പോള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന പതിവ് ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭ അവസാന ദിവസങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പലതും ദുരൂഹതയുള്ളതാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം തീരുമാനങ്ങളെല്ലാം ജനകീയ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സഭകള്‍ക്ക് 15.96 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, പത്തനംതിട്ട ജില്ലയില്‍ സഭകള്‍ക്ക് കോടികള്‍ വിലമതിക്കുന്ന 15.96 എക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കി. എസ്എന്‍ഡിപിക്ക് 1.08 ഏക്കര്‍ ഭൂമിയും എന്‍എസ്എസിന് 7.61 സെന്റ് ഭൂമിയും നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ ജില്ലയില്‍, മാര്‍ച്ച് നാലിന് ഇറക്കിയ പത്ത് ഉത്തരവുകള്‍ വഴിയാണ് ഈ നടപടി. മന്ത്രിയുടെ മണ്ഡലമായ കോന്നി തണ്ണിത്തോട് വില്ലേജിലാണ് ഏറ്റവും കൂടുതല്‍. ഇവിടെ മലങ്കര കത്തോലിക്കപള്ളി അനധികൃതമായി കൈവശം വച്ചിരുന്ന 3.90 ഏക്കറാണ് പതിച്ചു നല്‍കിയത്. കൂടാതെ തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിക്ക് നല്‍കാന്‍ ഉത്തരവിട്ടത് 3.13 ഏക്കര്‍ ഭൂമിയാണ്. തണ്ണിത്തോട് വില്ലേജില്‍ 98.88 സെന്റ്ഭൂമി കരിമാന്‍കോട് മലങ്കര കത്തോലിക്കപള്ളിക്കും കോന്നി കൂടല്‍ വില്ലേജില്‍ 1.77 ഏക്കര്‍, ഏലിക്കോട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിക്കും നല്‍കി. തണ്ണിത്തോട് ബഥേല്‍ മാര്‍ത്തോമാ സഭയ്ക്ക് തണ്ണിത്തോട് വില്ലേജിലെ 1.82 ഏക്കറും അതേ വില്ലേജില്‍ 26.19 സെന്റ് ഭൂമി സെന്റ് തോമസ് സ്‌കൂളിനും നല്‍കി. കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനം കൈയേറിയ തണ്ണിത്തോട് വില്ലേജിലെ 1.64 ഏക്കര്‍ ഭൂമിയും പതിച്ചുനല്‍കിയിട്ടുണ്ട്. തണ്ണിത്തോട് വില്ലേജിലെ തണ്ണിത്തോട് എസ്എന്‍ഡിപി 1421 നമ്പര്‍ ശാഖാ യോഗത്തിന് ഒരേക്കറും ചിറ്റാര്‍ വില്ലേജിലെ എസ്എന്‍ഡിപി 1182-ാം നമ്പര്‍ ശാഖാ യോഗത്തിന് 4.32 സെന്റും നല്‍കിയപ്പോള്‍ അടൂര്‍ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലെ കറുമ്പകര എന്‍എസ്എസ് കരയോഗത്തിന് 7.61 സെന്റുമാണ് നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.