വിജയ് മല്യയെ തിരികെയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Thursday 10 March 2016 6:00 pm IST

ന്യൂദല്‍ഹി: 9000 കോടിയിലധികം രൂപ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പണവുമായി കടന്നുകളയുന്ന ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്‌വി പറഞ്ഞു. രാവിലെ ലോക്‌സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സിപിഎം എംപി എം.ബി രാജേഷും ആര്‍ജെഡി എംപി പപ്പു യാദവുമാണ് നോട്ടീസ് നല്‍കിയിരുന്നത്. സഭ അടിയന്തരമായി നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. ഒരാഴ്ച മുന്‍പ് ഇദ്ദേഹം രാജ്യം വിടുകയായിരുന്നു. മല്യയെ തിരികെയെത്തിക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഇന്നലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിനിടെ, വിജയ് മല്യ ലണ്ടനിലെ വസതിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്‌. അയല്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകരരെ മല്യയുടെ വസതിക്ക് സമീപത്തുനിന്ന് നീക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.