കെഎസ്ഇബിക്ക് ജലവകുപ്പ് നല്‍കാനുള്ളത് കോടികള്‍

Thursday 10 March 2016 1:42 pm IST

പരപ്പനങ്ങാടി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും വൈദ്യുതി ബോര്‍ഡിലേക്ക് ജലവകുപ്പ് അടക്കാനുള്ളത് കോടികളുടെ കുടിശ്ശിക. പരപ്പനങ്ങാടി സെക്ഷനിലെ ഒരു പ്രധാന പമ്പ് ഹൗസില്‍ നിന്ന് മാത്രം വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത് ഒന്നേകാല്‍ കോടി രൂപയാണ്. ജലവകുപ്പിന്റെ പരപ്പനങ്ങാടി സെക്ഷന് കീഴില്‍ വലുതും ചെറുതുമായി 12 ഓളം പമ്പ് ഹൗസുകളുണ്ട്. ഇവിടെങ്ങളിലെയെല്ലാം കുടിശ്ശിക കണക്കുകൂട്ടിയാല്‍ വൈദ്യുതി ബോര്‍ഡിന് ഭീമമായ തുകയായിരിക്കും ലഭിക്കാനുണ്ടാകുക. ഓരോ വര്‍ഷവും ജലവകുപ്പില്‍ നിന്നും പണം പിരിച്ചെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് കര്‍ശന നടപടികളാണ് സ്വീകരിക്കാറുള്ളത്. ഇതിന്റെ ഭാഗമായി കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെതടക്കം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാറാണ് പതിവ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള കടുത്ത നടപടി സ്വീകരിക്കാന്‍ ബോര്‍ഡിനായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വകുപ്പുകള്‍ തമ്മിലുള്ള പോരാട്ടം രാഷ്ട്രീയ വിരുദ്ധഫലം ചെയ്യുമെന്നതിനാല്‍ ഭരണപക്ഷത്തിന്റെ ഇടപെടല്‍ ഈകാര്യത്തിലുണ്ട്. ജലവകുപ്പിനും വിവിധ വകുപ്പുകളില്‍ നിന്നായി വന്‍സംഖ്യ പിരിഞ്ഞുകിട്ടാനുണ്ടെന്നതാണ് രസകരമായ വസ്തുത. അതിവേഗം ബഹുദൂരം മുന്നേറിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് ഈ വിഷയത്തിലൊരു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കിട്ടാനുള്ളതും കൊടുക്കാനുള്ളതും ഒരു കുടുംബത്തിലേക്ക് തന്നെയല്ലെയെന്ന മൃദുസമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്. ജില്ലയിലെ ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ നിന്ന് ജലവകുപ്പിന് പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം ഒന്നരകോടി രൂപയോളമാണ്. മഞ്ചേരി-70 ലക്ഷം, മലപ്പുറം സബ് ഡിവിഷന്‍-35ലക്ഷം, പെരിന്തല്‍മണ്ണ-17.5 ലക്ഷം, പരപ്പനങ്ങാടി-7 ലക്ഷം, എടപ്പാള്‍-85 ലക്ഷം, പൊന്നാനി സബ് ഡിവിഷന്‍-45 ലക്ഷം, തിരൂര്‍-45 ലക്ഷം എന്നിങ്ങനെയാണ് ജലവകുപ്പിന് ലഭിക്കാനുള്ള പണത്തിന്റെ കണക്ക്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പണം ലഭിക്കാനുള്ളത്. കുടിശ്ശിക പിരിച്ചെടുക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജലവകുപ്പിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല സെക്ഷനുകളിലും മീറ്റര്‍ റീഡിംഗിനും മറ്റുമായി കുടുംബശ്രീ പ്രവര്‍ത്തകരാണ് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. കുറഞ്ഞ വൈദ്യുതി ലഭ്യതമൂലം തകരാറിലാകുന്നമോട്ടറുകളുടെ അറ്റകുറ്റപ്പണിയും നിരന്തരം പൈപ്പ് ലൈന്‍ പൊട്ടുന്നതുമാണ് ജലവകുപ്പിന് നഷ്ടത്തിന്റെ കയത്തിലേക്ക് എടുത്തെറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.