തിരുവമ്പാടി സീറ്റ് പ്രശ്‌നം: യുഡിഎഫ് പ്രതിസന്ധിയില്‍

Thursday 10 March 2016 2:28 pm IST

തിരുവനന്തപുരം: മുസ്ലീം ലീഗ് സ്ഥനാര്‍ത്ഥിയെ നിശ്ചയിച്ച തിരുവമ്പാടി സീറ്റ് വീണ്ടും വിവാദത്തില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തുവന്നതാണ് വിവാദമായത്. വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് കോൺഗ്രസിന് വിട്ടുനല്‍കാമെന്ന് കാണിച്ചു കൊണ്ടുള്ള കത്താണ് പുറത്തായത്.സീറ്റില്‍ മലയോര കര്‍ഷക വികസന സമിതി അവകാശ വാദം ഉന്നയിക്കുന്നതിനിടെയാണ് കത്ത് പുറത്തുവരുന്നത്. ഉടമ്പടി കത്തില്‍ കുഞ്ഞാലിക്കുട്ടി ഒപ്പുവച്ചിട്ടുമുണ്ട്. എന്നാല്‍ കത്ത് നിഷേധിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. ഉടമ്പടി കത്ത് ചോര്‍ന്നതിലെ അസംതൃപ്തിയും കുഞ്ഞാലിക്കുട്ടി മറഞ്ഞുവച്ചില്ല. തിരുവമ്പാടിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി താന്‍ അയച്ച കത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ മുഖ്യമന്ത്രിക്ക് പല കത്തുകളും എഴുതിയിട്ടുണ്ടാകും. അന്നത്തെ കെ.പി.സി.സി പ്രസിഡന്റിന്റെയും സാന്നിധ്യത്തിലാണ് ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയത്. അത് പുറത്തുവന്നതില്‍ അവരുമായി സംസാരണിച്ചു തീര്‍ത്താല്‍ മതിയല്ലോ. തിരുവമ്പാടി സീറ്റ് ലീഗിന്റേതാണ്. അവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ആ കത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തിരുവമ്പാടി സീറ്റില്‍ അവകാശ വാദം ഉന്നയിച്ച് മലയോര കര്‍ഷക വികസന സമിതി രംഗത്തെത്തിയതോടെയാണ് മണ്ഡലം ചര്‍ച്ചവിഷയമായത്. മണ്ഡലം നല്‍കിയില്ലെങ്കില്‍ ലീഗിന് സ്വാധീനമുള്ള ഏഴിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും മലയോര കര്‍ഷക വികസന സമിതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അഞ്ചു വര്‍ഷം മുന്‍പ് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ ഉടമ്പടിക്കത്ത് പുറത്തായത്. ഈ കത്ത് എങ്ങനെ പുറത്തായി എന്ന് വ്യക്തമാക്കാന്‍ ആരും തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.