മനസ്സിന്റെ സന്തോഷം

Thursday 10 March 2016 7:23 pm IST

പെറ്റമ്മയെ ഓര്‍ക്കുമ്പോഴും ഭാര്യയെ ഓര്‍ക്കുമ്പോഴും മക്കളെ ഓര്‍ക്കുമ്പോഴും വ്യത്യസ്തഭാവങ്ങളാണ് ഒരാളില്‍ ഉണരുന്നത്. അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാതൃസ്‌നേഹവും മാതൃവാത്സല്യവുമാണ് മനസ്സിലുണരുന്നത്. ഭാര്യയെക്കുറിച്ചുള്ള ചിന്ത, സ്ത്രീപുരുഷഭാവങ്ങളും ഹൃദയങ്ങളുടെ പങ്കുവെയ്ക്കലുമാണ് ഓര്‍മ്മയില്‍ ഉണരുന്നത്. കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സലുണരുന്നത് വാത്സല്യഭാവമാണ്. ടെലഫോണില്‍ക്കൂടി ചിലര്‍ മക്കളെ വിളിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കൊഞ്ചി കൊഞ്ചി വര്‍ത്തമാനം പറയുന്നു, ദൂരത്തുള്ള കുട്ടിയുടെ മുഖം കാണുന്ന രീതിയിലാണ് അവര്‍ വാത്സല്യത്തോടെ സംസാരിക്കുന്നത്. എല്ലാം മനസ്സിനുള്ളിലുണ്ട്. ഒരോന്നും ഓരോ തരം തരംഗങ്ങള്‍ ഉണര്‍ത്തുന്നു. അതിനാല്‍ പ്രാര്‍ത്ഥന എപ്പോഴും സത്ചിന്തയോടെയായിരിക്കണം. എങ്കില്‍ മാത്രമേ, പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്കും സമൂഹത്തിനും അത് ഗുണം ചെയ്യുകയുള്ളൂ. പലരും ശ്യംഗാരപ്രധാനമായ പാട്ടുകള്‍ പാടുന്നു. അതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ? ആ സമയത്ത് എന്തെങ്കിലും കര്‍മം ചെയ്തുകൂടെ എന്നുചോദിച്ചാല്‍ എന്താണ് മറുപടി അനുഭവസ്ഥരല്ലേ പ്രയോജനം അറിയുന്നത്. സാധാരണപാട്ടുകള്‍ കേട്ട് ആളുകള്‍ ആസ്വദിക്കുന്നു. അതുപോലെ കീര്‍ത്തനം കേള്‍ക്കുമ്പോള്‍, ഭജനയിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍, ഭക്തന്മാര്‍ക്ക് അതില്‍ ലയിച്ച് എല്ലാം മറന്നിരിക്കാന്‍ കഴിയുന്നു. സാധാരണ പാട്ടുകള്‍ ലൗകികമനസ്സിന്റെ വികാരങ്ങള്‍, മറ്റു ഭൗതിക ബന്ധങ്ങള്‍, ഇവയൊക്കെ ആസ്വാദനത്തിന് വിഷയമാകും. അതിന്റെ ഭാവങ്ങളില്‍ ലയിച്ച് അവര്‍ സന്തോഷം നുകരുന്നു. എന്നാല്‍, കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ആലപിക്കുമ്പോള്‍ പാടുന്നവര്‍ക്കും വിശ്രാന്തി അനുഭവിക്കുവാന്‍ കഴിയുന്നു. ഡിസ്‌കോ പോലുള്ള, ബഹളമായ പാട്ടുകള്‍ വികാരമായ തരംഗങ്ങള്‍ ഉണര്‍ത്തുന്നു. ശൃംഗാരപ്രധാനമായ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കാമുകീ കാമുഖഭാവങ്ങളും ഉണരുന്നു. എന്നാല്‍ കീര്‍ത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നമ്മെ ഈശ്വരനുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നു. അവിടെ വികാരങ്ങള്‍ക്കുപകരം ഈശ്വരീയ ഗുണങ്ങളാണ് ഉണരുന്നത്. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് ശാന്തി പകരുന്നു. മറ്റുതരം പാട്ടുകളെ അമ്മ തള്ളിപ്പറയുകയല്ല. അതില്‍ ആനന്ദിക്കുന്നവരുണ്ട്. വിവിധ സ്വഭാവക്കാരാണ് ലോകത്തിലുള്ളത്. ഓരോരുത്തര്‍ക്കും ഓരോന്നിനോടാണിഷ്ടം. അവരവരുടെ തലത്തില്‍ ഓരോന്നിന്നും അതിന്റെതായ പ്രസക്തിയുണ്ട്. ആരും ഒന്നിനെയും തള്ളിക്കളയുന്നില്ല. കീര്‍ത്തനങ്ങള്‍ പാടുന്നതിലൂടെ ഈശ്വര സാക്ഷാത്കാരം മാത്രമല്ല ലക്ഷ്യമാക്കുന്നത്. മറ്റു ഗുണങ്ങളും ഇതുകൊണ്ടുണ്ട്. കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു. പ്രതികാര ചിന്ത അവിടെയില്ല. ശത്രുഭാവമില്ല. സകലരെയും മിത്രമാക്കാനുള്ള ഭാവമാണവിടെയുള്ളത്. പ്രാര്‍ഥനയിലൂടെ ഭക്തനില്‍ ഒരു മനനമാണ് നടക്കുന്നത്. ഒരു കുട്ടി ഒരു വാക്ക് പത്തു പ്രവശ്യം ആവര്‍ത്തിച്ച് ഉരുവിട്ട് മനഃപാഠമാക്കുന്നു. ഹൃദയത്തില്‍ ഉറപ്പിക്കുന്നു. അതുപോലെ കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ ഈശ്വരന്റെ ഗുണങ്ങള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍, അത് ഹൃദയത്തില്‍ ഉറയ്ക്കുന്നു. ജീവിതത്തില്‍ ഉണര്‍വ് ഉണ്ടാകുന്നു. കീര്‍ത്തനം എന്നത് മനസ്സിന് സന്തോഷം പകരലാണ്. മനസ്സിന്റെ വിശ്രാന്തിയാണത്. അത് പൂര്‍ണ്ണമായി ലഭിക്കുന്നതിന് 'ഞാനൊന്നുമല്ല, എല്ലാം അവിടുന്നാണ്' എന്നഭാവം ഉണ്ടാക്കണം. അതാണ് ശരിയായ പ്രാര്‍ഥന. എന്നാല്‍, മക്കളെ, ഈ ഭാവം അത്രവേഗം കിട്ടില്ല. സൂര്യനുദിച്ചാലേ ഇരുട്ടു നീങ്ങുകയുള്ളൂ. ജ്ഞാനം ഉദിക്കുമ്പോഴേ ആ അവസ്ഥ പൂര്‍ണമാകൂ. എങ്കില്‍ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. നമ്മളില്‍ ശരിയായ മനോഭാവം വളര്‍ത്തി മുന്നോട്ടുപോയാല്‍ മതി. നമ്മുടെ ശക്തി അവടുന്നാണ് എന്ന കാര്യം മറക്കരുത്. സ്വന്തം ശ്വാസം പോലും നമ്മുടെ നിയന്ത്രണത്തിലല്ല. 'ഞാനിതാ വരുന്നു' എന്ന് പറഞ്ഞുകൊണ്ട് പടിയിറങ്ങും. പക്ഷേ പറഞ്ഞുതീരുന്നതിനു മുന്‍പ് ഹൃദയസ്തംഭനം മൂലം മരിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടില്ലേ അതിനാല്‍ അവിടുത്തെ കൈയിലെ വെറും ഒരു ഉപകരണം മാത്രമാണ് ഞാന്‍ എന്ന ഭാവം വളര്‍ത്തിയെടുക്കണം. കീര്‍ത്തനവും പ്രാര്‍ഥനയും ഒക്കെ വെറും ആഗ്രഹപൂര്‍ത്തിക്കു മാത്രം ആവരുത്. ഇന്ന് പലരും പ്രാര്‍ത്ഥനയെ സ്വാര്‍ത്ഥലാഭത്തിനുള്ള ഉപാധിയായിട്ടാണ് കാണുന്നത്. പ്രാര്‍ത്ഥനയിലൂടെ നല്ല ഗുണങ്ങള്‍, നല്ല തരംഗങ്ങള്‍ ഉണര്‍ത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. മനുഷ്യന്റെ വികാരങ്ങള്‍ മാത്രം ത്യപ്തിപ്പെടുത്തി മുന്നോട്ടുപോയാല്‍ കൊള്ളയും കൊലയും വര്‍ധിക്കും. പോലീസ് സ്‌റ്റേഷനുകള്‍ ഉള്ളതുകൊണ്ട് കുറെയെങ്കിലും തെറ്റുകുറ്റങ്ങള്‍ സമൂഹത്തില്‍ കുറയുന്നു. അത് പോലീസിനെ പേടിച്ചുമാത്രമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.