ധര്‍മ്മരോഷത്തിന്റെ തീപ്പൊരികള്‍

Thursday 10 March 2016 9:46 pm IST

കലക്കത്തു കുഞ്ചന്‍ നമ്പ്യാരുടെ സാഹിത്യ വംശാവലിയില്‍പ്പെട്ട കവി ചെമ്മനം ചാക്കോയ്ക്ക് തൊണ്ണൂറിന്റെ ചെറുപ്പം. ചെമ്മനത്തിന് നവതിയായെന്ന് കേട്ട് പലതും മൂക്കത്തു വിരല്‍ വച്ചു. തൊണ്ണൂറിലെത്തിയിട്ടും അതിന്റെ അസ്വാരസ്യങ്ങളൊന്നുമേല്‍ക്കാതെ ജീവിക്കുന്നതെങ്ങനെയാണെന്നാണ് പലരുടെയും സംശയം. അസൂയയും കുശുമ്പും തട്ടിപ്പും ഒന്നുമില്ലാത്തതുകൊണ്ടാണ് താനിപ്പോഴും ഒന്‍പതു വയസ്സുള്ള കുട്ടിയായി ജീവിക്കുന്നതെന്ന് ചെമ്മനത്തിന്റെ ഭാഷ്യം. തൊണ്ണൂറാം വയസ്സിലെത്തിയെങ്കിലും മനസ്സിന്റെ യൗവ്വനം നഷ്ടപ്പെടുത്താത്ത ചോരത്തിളപ്പുള്ള കവിയാണദ്ദേഹം. മലയാള കാവ്യശാഖയിലെ ഒറ്റയാന്‍. നെറികേടിനെയും തെറ്റിനെയും സമൂഹത്തിലെ പുഴുക്കുത്തുകളെയും വിമര്‍ശിക്കാന്‍ കവിതയെ ഉപാധിയാക്കിയ ഒരേയൊരാള്‍. 'രാജാവ് നഗ്നനാ'ണെന്ന് ഉറക്കെ വിളിച്ചു പറയുന്ന നിഷ്‌കളങ്കനും ധീരനുമായ ഒരുകുട്ടി ഇന്നും ചെമ്മനം കവിതയില്‍ ഉണര്‍ന്നിരിക്കുന്നു. ശുദ്ധനായ കവി എന്നതിലുപരി ശുദ്ധനായ മനുഷ്യന്‍ കൂടിയാണ് ചെമ്മനം. ആരോടും പ്രത്യേകിച്ച് പ്രതിപത്തിയൊന്നും കാട്ടാതെ എന്തും വെട്ടിത്തുറന്നു പറയും. തന്റെ കവിത ചെമ്മനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ പുരസ്‌കാരങ്ങളെക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണ് കവിതയിലൂടെ അദ്ദേഹം സമ്പാദിച്ചത്. സമൂഹത്തോട് ദ്രോഹം ചെയ്യുന്നവരെ ദയയില്ലാതെ പ്രതിക്കൂട്ടിലാക്കുന്നു ചെമ്മനം കവിത. മലയാളത്തിലെ പ്രമുഖമായ ഒരു പത്രത്തിനെതിരെ ചെമ്മനം നടത്തിയ വിമര്‍ശനം പത്രമുതലാളിയെ ശത്രുവാക്കി. സാഹിത്യകാരന്മാര്‍ പത്രമുതലാളിമാരുടെ ഇഷ്ടക്കാരാകാന്‍ മത്സരിക്കുന്ന കാലത്ത് അത്തരം പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ ധീരമായി അദ്ദേഹം നിലകൊണ്ടു. പലതരത്തിലാണ് അതിന്റെ ദോഷം അനുഭവിച്ചത്. രചനകള്‍ക്ക് വിലക്കു കല്പിക്കുക, വര്‍ഷങ്ങളായി അയച്ചുകൊണ്ടിരുന്ന സൗജന്യ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തുക, സമ്മേളന റിപ്പോര്‍ട്ടുകളില്‍ നിന്നു പോലും പേര് വെട്ടിക്കളയുക, കൂലിയെഴുത്തുകാരെക്കൊണ്ട് തേജോവധം ചെയ്യിക്കുക....ഇത്തരത്തില്‍ നിരവധി പീഡനങ്ങളാണ് പത്രമുതലാളി ചെമ്മനത്തിനെതിരെ നടപ്പിലാക്കിയത്. ഇതുകണ്ടൊന്നും അദ്ദേഹത്തിന്റെ കവിതയുടെ മൂര്‍ച്ച കുറയ്ക്കാനായില്ല. കവിതയിലൂടെ വിമര്‍ശനം തുടരുകതന്നെ ചെയ്തു. 1991 ജൂണ്‍ മാസത്തിലൊരുനാള്‍ തിരുവനന്തപുരത്തെ ഏജീസ് ഓഫീസിന്റെ ഇടനാഴിയിലെ സ്റ്റൂളിലിരുന്നാണ് ചെമ്മനം 'ആളില്ലാക്കസേരകള്‍' എന്ന കവിതയുടെ ആദ്യ വരികല്‍ കുറിക്കുന്നത്.

കയ്യിലെ കാശും കൊടു- ത്തീവിധം തേരാപ്പാരാ വയ്യെനിക്കേജീസ് ഓഫീസ് കേറുവാന്‍ ഭഗവാനേ...!'
എന്നെഴുതിയ ചെമ്മനത്തിന്റെ തൂലിക ഏജീസ് ഓഫീസിലെ കെടുകാര്യസ്ഥതയ്‌ക്കെതിരായ ചാട്ടുളിപ്രയോഗം നടത്തുകയായിരുന്നു. ഭാര്യയുടെ പെന്‍ഷന്‍ തുകവാങ്ങാന്‍ ഏജീസ് ഓഫീസ് കയറിയിറങ്ങിയ ചെമ്മനത്തിന് അവിടെനിന്നും അനുഭവിക്കേണ്ടിവന്നതും അദ്ദേഹം കണ്ടതുമായ കാഴ്ചകളില്‍ നിന്നുണ്ടായ രോഷത്തിന്റെ കാവ്യരൂപമായിരുന്നു 'ആളില്ലാക്കസേരകള്‍'. ചെമ്മനം കവിതയുടെ മൂര്‍ച്ചയും പ്രശസ്തിയും വാനോളം ഉയര്‍ത്തി അത്. കവിത വായിച്ച അന്നത്തെ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് കവിതയുടെ പകര്‍പ്പും ചേര്‍ത്ത് ഒരു സര്‍ക്കുലര്‍ ഇറക്കി. ജീവനക്കാരുടെ ഹാജര്‍ പരിശോധന കര്‍ശനമാക്കിക്കൊണ്ടും അപേക്ഷകളില്‍ തീര്‍പ്പാക്കുന്നതില്‍ സമയം നിശ്ചയിച്ചുകൊണ്ടുമുള്ളതായിരുന്നു സര്‍ക്കുലര്‍. കേരളത്തിലെ സാഹിത്യ ചരിത്രത്തിലും ഔദ്യോഗിക ചരിത്രത്തിലും ആദ്യത്തെ സംഭവമായിരുന്നു അത്. പീന്നീട് കുറച്ചു കാലത്തേക്കെങ്കിലും ഏജീസ് ഓഫീസിലെത്തിയ സാധാരണക്കാര്‍ക്ക് ചെമ്മനം കവിതയുടെ ഗുണം ലഭിച്ചെങ്കിലും ഏജീസിലെ ജീവിനക്കാരില്‍ ഭൂരിപക്ഷം പേരും ചെമ്മനത്തെ ശത്രു പക്ഷത്തു നിര്‍ത്തി. കവിക്കെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തു വന്നു. അവിടെയും സ്വതസിദ്ധമായ ശൈലിയില്‍ ചെറുപുഞ്ചിരിയോടെ കുലുങ്ങാതെ നിന്നു ചെമ്മനം. ചെമ്മനത്തിന്റെ 'കലികാല ലഹരി' എന്ന കവിതവായിച്ച് പാലക്കാട്ടുകാരനായ ഒരു ഡ്രൈവര്‍ അദ്ദേഹത്തിന് കത്തെഴുതി. 'ഇനി ഞാന്‍ കുടിക്കില്ല. ഇരുട്ടില്‍ നിന്ന് വെളിച്ചം തന്നെ തമ്പുരാന് നമസ്‌കാരം'. മദ്യ ലഹരിയില്‍ മകളെ ബലാത്കാരം ചെയ്യുന്ന അച്ഛനെക്കുറിച്ചായിരുന്നു വായനക്കാരന്റെ ഉള്ളുലയ്ക്കുന്ന ആ കവിത. മദ്യവും ബാറും കേരളത്തിന്റെ വാര്‍ത്താമണ്ഡലത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ തികഞ്ഞ മദ്യവിരോധിയായ ചെമ്മനത്തിന് അതിനെ വിമര്‍ശിച്ച് കവിതയെഴുതാതിരിക്കാനായില്ല. 'മാധ്യമ സൃഷ്ടി' എന്ന കവിതയില്‍ ലാവ്‌ലിന്‍ കേസും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തു നടത്തിയ വിദേശ യാത്രകളുമായിരുന്നു ഇതിവൃത്തം. പിണറായി അനുകൂലികളായ സിപിഎമ്മുകാര്‍ക്ക് ചെമ്മനത്തോട് വിരോധമുണ്ടായെങ്കിലും അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തുവരാന്‍ സിപിഎം അനുകൂല സാഹിത്യപ്രഭൃതികളാരും ധൈര്യം കാട്ടിയില്ല. സിപിഎമ്മുകാരനായ മുന്‍മന്ത്രി ജി.സുധാകരന്‍ ഒരു ബദല്‍ കവിതയെഴുതിയതിലൊതുങ്ങി പ്രതിഷേധം.
പുത്രന്‍ വിദേശത്ത് കോടി മുടക്കേണ്ട വിദ്യാലയത്തില്‍ പഠിക്കുന്നതെങ്ങനെ? കട്ടയും കല്ലുമടിച്ചു തന്‍ വീടൊരു കൊട്ടാരമാക്കി പണിയുന്നതെങ്ങനെ? കാത്തിരുന്നോരോന്ന് കണ്ടു പിടിക്കുന്ന മാധ്യമങ്ങള്‍ക്കെത്ര കണ്ണുകള്‍ കാതുകള്‍, വല്ലാത്തൊരു എംബെഡഡ്- ജേര്‍ണലിസത്തിന് നല്ല നമസ്‌കാരം...''
എന്നായിരുന്നു ചെമ്മനത്തിന്റെ വിമര്‍ശനം. അനീതിക്കെതിരെ പോരാടാന്‍ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലിനെ കൂട്ടു പിടിച്ചപ്പോള്‍ ചെമ്മനം കവിത വിമര്‍ശനോപാധിയാക്കി കവിതയിലെ കുഞ്ചന്‍ നമ്പ്യാരായി. സാമൂഹ്യ വിമര്‍ശനത്തിന്റെ കൂരമ്പുകളായി ഓരോ ചെമ്മനം കവിതയും പിറന്നുവീണപ്പോള്‍ അതു കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. വൈക്കത്തെ മുളക്കുളത്തു ജനിച്ച അദ്ദേഹം സി.ജെ.സി. മുളക്കുളം എന്ന പേരിലാണ് എഴുത്തു തുടങ്ങുന്നത്. ഒരു റബ്ബര്‍ മുതലാളിയോ ഗ്രാമ പഞ്ചായത്തു പ്രസിഡന്റോ ആകേണ്ടിയിരുന്ന ചാക്കോയെ കവിതയുടെയും സാഹിത്യത്തിന്റെയും വഴിയിലേക്ക് തിരിച്ചു വിട്ടത് മുളക്കുളത്തെ ഗ്രാമീണ വായനശാലയാണ്. മുളക്കുളത്തിന്റെ നൈര്‍മല്യം അദ്ദേഹത്തിന്റെ കവിതയിലും സ്വഭാവത്തിലും പ്രതിഫലിക്കുന്നുണ്ട്.
വൈക്കത്തിന് വാടാവിളക്കുപോലെ വിലയറ്റ സ്വന്തം കവിതപോലെ മഹിയില്‍ പ്രസിദ്ധമാണെന്‍ സ്വദേശം, മഹിതം 'മുളക്കുള'മെന്ന ഗ്രാമം! .................................................... എവിടെ തിരിഞ്ഞൊന്നു നോക്കിയാലെ- അവിടെല്ലാം റബറു മരങ്ങള്‍ മാത്രം''
ദീര്‍ഘകാലം തിരുവനന്തപുരത്തായിരുന്നു താമസമെങ്കിലും ഇപ്പോള്‍ എറണാകുളത്തു കാരനാണെങ്കിലും സ്വന്തം ഗ്രാമത്തെ കുറിച്ചു പറയുമ്പോള്‍ ചെമ്മനത്തിന് നൂറുനാവുണ്ട്. ആദ്യകാലത്ത് എഴുത്ത് ലേഖനങ്ങളായിരുന്നു. ചില ലേഖന സമാഹാരങ്ങളും പുറത്തിറക്കി. 1965ലാണ് ചെമ്മനം സ്വന്തം വഴി കവിതയാണെന്ന് കണ്ടുപിടിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി പിരിഞ്ഞതോര്‍ത്താണ് 'ഉള്‍പ്പാര്‍ട്ടിയുദ്ധം' എന്ന കവിതയെഴുതുന്നത്. കവിതയിലെ ചിരികൊണ്ട് സാമൂഹ്യ വിമര്‍ശനത്തിന്റെ പുതുവഴി തുറന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചെമ്മനം ചാക്കോ എന്ന കവിയുടെ മനസ്സ് ധാര്‍മ്മിക രോഷത്തിന്റെതാണെന്ന് മലയാളി തിരിച്ചറിയാന്‍ തുടങ്ങി. ആ തിരിച്ചറിവില്‍ ഊന്നി നിന്നുകൊണ്ട് ധാര്‍മ്മിക രോഷത്തിന്റെ തീപ്പൊരികളാണ് കഴിഞ്ഞ കാലമിത്രയും ചെമ്മനം മലയാള കവിതയ്ക്ക് സമ്മാനിച്ചത്. ഇങ്ങനെയൊരാള്‍ ചെമ്മനം ചാക്കോ മാത്രമേയുള്ളു. അതിനാലാണദ്ദേഹത്തെ കവിതയിലെ ഒറ്റയാനെന്ന് വിശേഷിപ്പിക്കുന്നത്. അനുകരണം അസാധ്യമാക്കിതീര്‍ക്കുന്ന കവിയെന്നാണ് നിരൂപകര്‍ അദ്ദേഹത്തെ വാഴ്ത്തിയിട്ടുള്ളത്. മറ്റാരെയും കൂട്ടുപിടിക്കാതെ ഒറ്റയ്ക്കു നിന്നുപോരാടുന്ന കവി. അദ്ദേഹമൊരിക്കലും അനുയായികളെ സൃഷ്ടിച്ചിട്ടില്ല. തന്റെ കവിതകളെ വാഴ്ത്തിപ്പാടാന്‍ ആരേയും നിയോഗിച്ചതുമില്ല. കാവ്യാസ്വാദകര്‍ അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു. തനിക്ക് ശരിയെന്നു തോന്നിയകാര്യങ്ങളുടെ പക്ഷം ചേര്‍ന്ന് അദ്ദേഹം ഉറക്കെ പാടി. 'ഇരുട്ടു കീറുന്ന വജ്രസൂചി'യാണ് ചെമ്മനം കവിതകളെന്ന് കവി ഒഎന്‍വി കുറുപ്പ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ വാസ്തവമായി. ''കാലത്തിനൊത്തു നീ മാറേണ്ട തൂലികേ!, കാലത്തെ മാറ്റുവാന്‍ നോക്കൂ...'' എന്നാണ് സ്വന്തം എഴുത്തിനെ ചെമ്മനം ഉപദേശിക്കുന്നത്. കവിയായി ഒറ്റയ്ക്കു നിന്നുകൊണ്ട് ചെമ്മനം വലിയ സമരങ്ങള്‍ നടത്തുകയാണ്. സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ചെമ്മനത്തിന്റെ മൂര്‍ച്ചയേറിയ തൂലിക തൊണ്ണൂറാം വയസ്സിലും ചലിച്ചുകൊണ്ടേയിരിക്കുന്നു. വയസ്സു നൂറിലെത്തിയാലും താന്‍ എഴുത്തു തുടരുമെന്നാണ് കവി പറയുന്നത്. അന്നെല്ലാവരും കൂടി തന്റെ ശതാബ്ദി ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മലയാള സാഹിത്യത്തറവാടിന്റെ പൂമുഖത്ത് ആരെയും കൂസാതെ തനിക്കുള്ള കസേരയിട്ട് കവി കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരിക്കുകയാണ്.
എങ്ങുമെങ്ങുമിരുട്ടു പരക്കുമ്പോള്‍, തിങ്ങി വിങ്ങി ജളത്വം വളരുമ്പോള്‍ കൂവീടട്ടെ ഞാന്‍ ശുദ്ധ പ്രഭാതത്തില്‍ കൂറിണങ്ങും പ്രവാചകനെന്നപോല്‍ കാലഘട്ടം മലിനപ്പെടുത്തീടും കശ്മലന്മാര്‍ ഭയന്നു വിറയ്ക്കട്ടെ!'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.