ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍

Thursday 10 March 2016 9:59 pm IST

ബര്‍മിങ്ഹാം: ഇന്ത്യന്‍ താരം സായി പ്രണീതിന് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ വമ്പന്‍ അട്ടിമറിവിജയം. മുന്‍ ലോക ഒന്നാം നമ്പറും ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവുമായ മലേഷ്യയുെട ലീ ചോങ് വീയെ ആദ്യ റൗണ്ടില്‍ പ്രണീത് അട്ടിമറിച്ചു. 50 മിനിറ്റ് നീണ്ട മത്സരത്തില്‍ 24-22, 22-20 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സായി പ്രണീതിന്റെ തകര്‍പ്പന്‍ വിജയം. ഡാനിഷ് താരം ഹാന്‍സ് ക്രിസ്റ്റിയനാണ് രണ്ടാം റൗണ്ടില്‍ സായി ്രപണീതിന്റെ എതിരാളി. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറിലെത്തി. രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ബുസ്‌നാന്‍ ഓങ്ബുംറുങ്ഫാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. 41 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-16, 21-9 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം. ആദ്യ റൗണ്ടില്‍ സൈന നെഹ്‌വാള്‍ കനേഡിയന്‍ താരം മൈക്കലെ ലിയെ 21-17, 21-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയിരുന്നത്. അതേസമയം വനിതാ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേത്രി പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. തായ്‌ലന്‍ഡ് താരം പോണ്‍ടിപ് ബര്‍ണപ്രസര്‍സുക്കിനോട് മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. 58 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 18-21, 21-17, 21-12 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ പരാജയം. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത്, സമീര്‍ വര്‍മ്മ എന്നിവരും വിജയം നേടി രണ്ടാം റൗണ്ടിലെത്തി. ഇംഗ്ലണ്ടിന്റെ മലയാളി വംശജന്‍ രാജീവ് ഔസേഫിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് കെ. ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 38 മിനിറ്റ് നീണ്ട കളിയില്‍ 21-17, 21-12 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്ത് വിജയം നേടിയത്. മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ 21-10, 21-14 എന്ന സ്‌കോറിന് ഹോങ്കോങ്ങിന്റെ ഹു യെന്നിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി. അതേസമയം അജയ് ജയറാം, എച്ച്.എസ്. പ്രണോയി എന്നിവര്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.