ശാസ്താംകോട്ടയുടെ ദുരവസ്ഥ പരിഹരിക്കാന്‍ സമ്മര്‍ദം ചെലുത്തും: കുമ്മനം

Thursday 10 March 2016 10:32 pm IST

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാകം നേരിടുന്ന രൂക്ഷമായ വരള്‍ച്ചക്ക് പരിഹാരം കാണാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തടാകത്തിന്റെ ദുരവസ്ഥ നേരില്‍ കാണാന്‍ ശാസ്താംകോട്ടയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കാല്‍നൂറ്റാണ്ടായി തടാകത്തിന്റെ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ ഇരുമുന്നണിസര്‍ക്കാരുകളും അതിലൊന്നുപോലും നടപ്പാക്കാതിരുന്നത് കടുത്ത അനീതിയാണ്. അഞ്ച് ലക്ഷത്തോളം ആളുകളുടെ ദിനംപ്രതിയുള്ള കുടിവെള്ള സ്രോതസായ തടാകത്തെ സംരക്ഷിക്കാത്തത് ദേശവിരുദ്ധമായ നടപടിയാണ്. തടാകത്തിന് വേണ്ടി മാത്രമായി ഒരു അതോറിട്ടി രൂപീകരിച്ച് ആക്ട് പാസാക്കണം. ജലസ്രോതസിന്റെ പ്രശ്‌നം ഭരണഘടനാപ്രശ്‌നമായി മാറണം. ഗുരുതരമായ ജലക്ഷാമത്തെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. ഭൂഗര്‍ജല വിതാനം മൂന്ന് മീറ്റര്‍ താണുപോയി. മീനമാസം കഴിയുമ്പോള്‍ അവസ്ഥ അതിരൂക്ഷമാകും. കേരളം നേരിടുന്ന പ്രധാനപ്പെട്ട നാലു പ്രശ്‌നങ്ങള്‍ കുടിവെള്ളം, ഭക്ഷ്യക്ഷാമം, കാലാവസ്ഥാവ്യതിയാനം, ആഗോള താപനം എന്നിവയാണ്. വാചകകസര്‍ത്തുകൊണ്ട് കാര്യമില്ല. ക്രിയാത്മക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവശ്യം. കേരളം പദ്ധതി സമര്‍പ്പിച്ചാലെ കേന്ദ്രത്തിന് സഹായമെത്തിക്കാനാകൂ. എട്ടോളം ജലസംരക്ഷണപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്ത് പമ്പാ കുടിവെള്ളപദ്ധതിക്ക് 20 കോടി രൂപയാണ്‌കേന്ദ്രം അനുവദിച്ചത്. എന്നാല്‍ ആദ്യം അനുവദിച്ച തുകയുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ പിന്നീടുള്ള തുക മുടങ്ങികിടക്കുകയാണ്. എല്ലാ പദ്ധതികളുടെയും സ്ഥിതി ഇതാണ്. ഒന്നാമതായി പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാന്‍ അനുവദിക്കില്ല. രണ്ട്, തുകയനുവദിച്ചാല്‍ സംസ്ഥാനം അത് വേണ്ടവിധം ചിലവഴിക്കില്ല. സംസ്ഥാനസര്‍ക്കാര്‍ വേണ്ടത് ചെയ്താല്‍ കേന്ദ്രം അതിന് അനുസൃതമായി സഹായമെത്തിക്കുമെന്നും കുമ്മനം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ് ഇതിനാവശ്യം. അടുത്തയാഴ്ച ദില്ലിക്ക് പോകുമ്പോള്‍ കേന്ദ്രമന്ത്രിമാരായ ഉമാഭാരതി, പ്രകാശ്ജാവദേക്കര്‍ എന്നിവരെ നേരിട്ട് കണ്ട് ശാസ്താംകോട്ട തടാകത്തിന്റെ പ്രശ്‌നങ്ങള്‍ ഗൗരവമായി ഉന്നയിക്കുമെന്നും കുമ്മനം വ്യക്തമാക്കി. ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ദിനചന്ദ്രന്‍, മുരളീധരന്‍പിള്ള, വി.എസ്.ജിതിന്‍ദേവ്, ഡി.സുരേഷ് എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.