മുഖ്യമന്ത്രിപദം: വിഎസിന് രണ്ടു വര്‍ഷം; പിന്നെ പിണറായി

Thursday 10 March 2016 11:21 pm IST

ന്യൂദല്‍ഹി: സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന വിഷയം നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് പോളിറ്റ് ബ്യൂറോ. അഭിപ്രായ സമന്വയമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണിത്. വിഎസിനെയും പിണറായിയെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും പി.ബി യോഗം തീരുമാനിച്ചു. എല്ലാ പിബി അംഗങ്ങളുടേയും ഇക്കാര്യത്തിലുള്ള അഭിപ്രായം ജനറല്‍ സെക്രട്ടറി ആരാഞ്ഞ ശേഷമാണ് തീരുമാനം. ദല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. വിഎസിനെയും പിണറായിയെയും നിയമസഭയിലേക്ക് മത്സരിപ്പിക്കാനും പിബി തീരുമാനിച്ചു. വിഎസിനെ മാറ്റിനിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതു തിരിച്ചടിക്കു കാരണമായേക്കുമെന്ന് വിലയിരുത്തിയാണ് ഇരുവരെയും മത്സരിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വിഎസിന് എന്തുസ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാന്‍ പിബിക്ക് സാധിച്ചിട്ടില്ല. മുമ്പ് പശ്ചിമബംഗാളില്‍ ചെയ്തപോലെ ജ്യോതിബസു മുഖ്യമന്ത്രി ആകുകയും കുറച്ചുകാലത്തിന് ശേഷം ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്ത മാതൃക ഉള്‍പ്പെടെ പി.ബി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. വിഎസിന് ആദ്യ രണ്ടുവര്‍ഷം നല്‍കി പിന്നീട് പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. പിബിയുടെ തീരുമാനങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോര്‍ട്ട് ചെയ്യും. അവൈലബിള്‍ പി.ബി യോഗത്തില്‍ യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, എ.കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.