വീട്ടമ്മയുടെ കൊലപാതകം ചോദ്യംചെയ്യലില്‍ വെളിപ്പെട്ടത് പ്രതിയുടെ ക്രൂരത

Thursday 10 March 2016 11:17 pm IST

പള്ളുരുത്തി: ഫോര്‍ട്ടുകൊച്ചി സ്വദേശി സന്ധ്യയെന്ന വീട്ടമ്മയെ ലോറിക്കടിയില്‍ കൊന്നുതള്ളിയ കാക്കനാട് സ്വദേശി അന്‍വറിനെ (27) പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ വെളിവാകുന്നത് ക്രൂരമായ മുഖം. അന്‍വറിനെ പോലീസ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നത് വീട്ടമ്മ ഇയാളെ നിര്‍ബന്ധിച്ചു വിളിച്ചതിനാലാണ് ചേര്‍ത്തലയില്‍ പോയി സന്ധ്യയെ കാറില്‍ കൂട്ടിയതെന്നാണ് പിന്നീട് സന്ധ്യ ഇയാളോട് നിരന്തരം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പാലാരിവട്ടത്തുള്ള മറ്റൊരു യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അവരോട് ഇയാള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് 20,000 രൂപ വായ്പയായി വാങ്ങിയിരുന്നുവെന്നും അന്‍വറിനോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ പണംകൊടുക്കാതിരുന്ന സാഹചര്യത്തില്‍ പാലാരിവട്ടം പോലീസ്‌സ്‌റ്റേഷനില്‍ പണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കിയിരുന്നുവെന്നും പോലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രതിയായ അന്‍വര്‍ കൊല്ലപ്പെട്ട സന്ധ്യയോട് മുപ്പതിനായിരം രൂപ ഫോണ്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. താന്‍ അടുത്തദിവസം പണത്തിനായി വരുമെന്നും പറഞ്ഞിരുന്നു. അന്‍വര്‍ ആവശ്യപ്പെട്ട പണത്തിനായാണ് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കാറുമായെത്തി സന്ധ്യയെ കൂടെകൂട്ടിയത്. യാത്രയിലുടനീളം ഇയാള്‍ പണം ആവശ്യപ്പെട്ടു. തോപ്പുംപടി ഭാഗത്ത് എത്തിയപ്പോള്‍ വാഹനം നിര്‍ത്താന്‍ സന്ധ്യ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ കാര്‍ നിര്‍ത്താതെ സന്ധ്യയുമായി ആളൊഴിഞ്ഞ വില്ലിംഗ്ടണ്‍ ഐലന്റ് ഭാഗത്തേക്ക് പോവുകയും കാര്‍ സെന്റര്‍ലോക്ക് ചെയ്തശേഷം സന്ധ്യയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിന്നീട് സന്ധ്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലില്‍ പോലീസിനോട് ഇയാള്‍ ചെയ്ത കാര്യങ്ങള്‍ സമ്മതിച്ചുവെന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.എന്‍. അനിരുദ്ധന്‍ പറഞ്ഞു. സന്ധ്യയോടെന്നപോലെ നിരവധി വീട്ടമ്മമാരോട് ഇയാള്‍ക്ക് അവിഹിതബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് ഇതിന്റെ കൂടുതല്‍ അന്വേഷണത്തിലാണ്. കൊച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.