എംജി സര്‍വ്വകലാശാല കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

Thursday 10 March 2016 11:46 pm IST

തൊടുപുഴ: എംജി സര്‍വ്വകലാശാല കലോത്സവത്തിന് താരപ്രഭയില്‍ വര്‍ണ്ണാഭമായ തുടക്കം. തൊടുപുഴ പെരിമ്പിള്ളിച്ചിറയിലെ അല്‍-അസ്ഹര്‍ ക്യാമ്പസിലെ നിറഞ്ഞവേദിയില്‍ ഹര്‍ഷാരവങ്ങള്‍ക്കിടെ നടന്‍ ഫഹദ് ഫാസിലാണ് കലോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മാറ്റുകൂട്ടുവാനായി 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലെ അംഗങ്ങളും ഫഹദിനൊപ്പം വേദിയില്‍ എത്തി. സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍, നടന്‍ ജാഫര്‍ ഇടുക്കി എന്നിവരാണ് സമ്മേളനത്തിന് എത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത് സദസ്യരെ ആവേശത്തിലാഴ്ത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അനന്ദു ഉണ്ണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കിരണ്‍ രാജ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ്് നിസാര്‍ പഴേരി, ഡിഎസ്എസ് ഡയറക്ടര്‍ ഹരികുമാര്‍ ചങ്ങമ്പുഴ, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ വി.വി മത്തായി, അല്‍-അസ്ഹര്‍ കോളേജ് ചെയര്‍മാന്‍ കെ.എം.മൂസ, എസ്എഫ്‌ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് ആര്യാ രാജ്, യുണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ തേജസ് ജോസ്, അല്‍-അസ്ഹര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ആല്‍ബിന്‍ എന്നിവര്‍ സംസാരിച്ചു. 319 കോളേജുകളില്‍ നിന്ന് 3000ത്തോളം മത്സരാര്‍ത്ഥികളാണ് ഇത്തവണത്തെ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. എട്ട് വേദികളിലായി 58 ഇനങ്ങളിലാണ് മത്സരം. തിങ്കളാഴ്ച്ച സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.