നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കീഴില്‍ ഗ്രൗണ്ട് ഹാന്ഡ്ലിങ് ജോലികള്‍ ഉപകരാര്‍ ഏറ്റെടുത്ത് നടത്തുന്ന കുള്ളര്‍ കമ്പനി തൊഴിലാളികളുടെ റിലേ നിരാഹര സമരം 26 ദിവസം പിന്നിട്ടു.
കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നത്തില്‍ കുള്ളര്‍ കമ്പനി മാനേജ്മെന്റോ എയര്‍ ഇന്ത്യയോ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അധികൃതരോ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ചേര്‍ന്ന പ്രതിഷേധ യോഗം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ടി.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എ.ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഷിജോ തച്ചപ്പിള്ളി, സി.പി. റോബിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇരുപത്തിയാറു ദിവസം പിന്നിട്ട തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലായിരത്തോളം വരുന്ന കരാര്‍ തൊഴിലാളികള്‍ 15ന് സൂചനാ പണിമുടക്ക് നടത്തും.
പണിമുടക്കിന്റെ മുന്നോടിയായി 11 ന് രണ്ട് പ്രചരണ ജാഥകള്‍ നടത്തും. രാവിലെ എട്ടിന് വി.പി. ജോര്‍ജ് നയിക്കുന്ന കിഴക്കന്‍ മേഖല ജാഥ തുറവുങ്കരയില് നിന്നും കെ.ജെ. ഐസക്ക് നയിക്കുന്ന പടിഞ്ഞാറന്‍ മേഖല ജാഥ കാരക്കാട്ടുകുന്നില്നിന്ന് ആരംഭിക്കും. തുറവുങ്കരയില് നിന്ന് ആരംഭിക്കുന്ന കിഴക്കന്‍ മേഖല ജാഥ പാറപ്പുറം, കാഞ്ഞൂര്‍, കാലടി, മറ്റൂര്‍, അങ്കമാലി, റെയില്‍വേ സ്റ്റേഷന്, വാപ്പാലശേരി, നായത്തോട്, ചെത്തിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തും.
കാരക്കാട്ടുകുന്നില് നിന്ന് ആരംഭിക്കുന്ന പ്രചരണ ജാഥ അത്താണി, കുറുമശേരി, അയിരൂര്‍, കുന്നുകര, ചെങ്ങമനാട്, ദേശം, ചൊവ്വര, ശ്രീമൂലനഗരം, നെടുവനൂര്, ആവണംകോട് പ്രദേശങ്ങളില്‍ പര്യടനം നടത്തി. ഇരുചക്ര വാഹന പ്രചരണ ജാഥകളും വൈകിട്ട് ആറിന് വിമാനത്താവളത്തിനു സമീപം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: