ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച വില്ലേജ്കുളം മാലിന്യം കൊണ്ട് നിറയുന്നു

Friday 11 March 2016 10:53 am IST

കൊല്ലം: പരിസ്ഥിതിയെകുറിച്ച് ബോധവല്‍ക്കരണം നടത്താനും മാര്‍ഗനിര്‍ദ്ദേശം നടത്താനും പോകുന്ന ജനപ്രതിനിധികള്‍ പനയം വില്ലേജ് ഓഫീസിനോട് ചേര്‍ന്നു കിടക്കുന്ന ഈ കുളം കണ്ട മട്ടില്ല. മാലിന്യംകൊണ്ട് കുളത്തിലെ ജലം അശുദ്ധമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കുളം നവീകരിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനുവേണ്ടി ടെണ്ടര്‍ ക്ഷണിക്കുകയും കുളത്തിന്റെ സംരക്ഷണത്തിനായി സംരക്ഷണഭിത്തി നിര്‍മ്മിച്ചത് ലക്ഷങ്ങള്‍ ചെലവാക്കിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമെത്തുന്ന പണം വാങ്ങാനുള്ള ജനപ്രതിനിധികളുടെ തന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുകയാണ്. ഇന്നത്തെ ഈ കുളത്തിന്റെ അവസ്ഥ കണ്ടാല്‍ ഇതുവഴി കടന്നുപോകുന്ന ഹൃദയമുള്ള ജനപ്രതിനിധികള്‍ കരഞ്ഞുപോകും. കാടുകയറി നശിച്ചെന്ന് മാത്രമല്ല പായലുകയറിയ കുളത്തില്‍ പഞ്ചായത്തിലെ സര്‍വമാലിന്യങ്ങളുമുണ്ട്. ദിനംപ്രതി മാലിന്യസംസ്‌കരണ കുളമായി മാറിയിരിക്കുകയാണ് ഈ വില്ലേജ് കുളം. പ്രദേശത്തെ വറ്റാത്ത ഈ ജലാശയം അടുത്ത കിണറുകളില്‍ വെള്ളമെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. പ്രദേശത്ത് വേനല്‍കാലത്തുണ്ടാകുന്ന വരള്‍ച്ചയെ നേരിടുന്നത് ഈ കുളമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ ജലാശയത്തില്‍ നിന്നും വെള്ളം പോകുന്ന ഓടയും ഇപ്പോള്‍ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ സ്വകാര്യവ്യക്തി സ്വന്തമാക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.