ഉത്തരവിന് പുല്ലുവില: സര്‍ക്കാര്‍ ഓഫീസില്‍ ഫേസ്ബുക്കും ഓണ്‍ലൈന്‍ പര്‍ച്ചേസിംഗും

Friday 11 March 2016 11:07 am IST

കുന്നത്തൂര്‍: ഓഫീസ് സമയത്ത് മൊബൈല്‍ ഉപയോഗം പാടില്ലെന്ന ഉത്തരവിന് സര്‍ക്കാര്‍ ജീവനക്കാര്‍ കല്‍പ്പിക്കുന്നത് പുല്ലുവില. ഫേസ് ബുക്കും വാട്‌സ്അപ്പും കൂടാതെ ഒന്നിച്ചിരുന്നുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിംഗുമെല്ലാം തകൃതിയായി നടക്കുന്ന ഓഫീസുകളായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറി. 2015 ഡിസംബര്‍ 9ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഫീസ് സമയത്ത് ജീവനക്കാര്‍ സമൂഹമാധ്യമ സൈറ്റുകള്‍ ഉപയോഗിക്കരുതെന്നുള്ള എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ ഉത്തരവിനാണ് ഇപ്പോള്‍ ജീവനക്കാര്‍ പുല്ലുവില കല്‍പ്പിച്ചിരിക്കുന്നത്. ഉത്തരവിന് പ്രകാരം ഓഫീസ് സമയത്ത് സോഷ്യല്‍സൈറ്റുകളായ ഫേസ്ബുക്ക്, വാട്‌സ്അപ്പ്, ട്വിറ്റര്‍ തുടങ്ങിയവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു. എന്നാല്‍ ഈ ഉത്തരവുകളൊക്കെ അവിടെയിരിക്കും. തങ്ങള്‍ക്ക് എന്തുമാകാം എന്ന മട്ടിലാണ് സര്‍ക്കാര്‍ ജിവനക്കാരുടെ നിലപാട്. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അതാത് വകുപ്പ് മേധാവികളാകട്ടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ മുഴുകി ഇരിക്കുന്നത് ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നു. ചുരുക്കം ചില ഓഫീസുകള്‍ ഒഴിച്ചാല്‍ ബാക്കി പലയിടത്തും സര്‍ക്കാര്‍ ജീവനക്കാര്‍ ഓണ്‍ലൈനില്‍ തന്നെയാണ്. ഓഫീസുകളില്‍ സൈറ്റ് നിരോധിച്ചിട്ടുണ്ടെങ്കില്‍ അവിടെ മൊബൈല്‍ ഫോണിലാണ് ഇവരുടെ നെറ്റ് ഉപയോഗം. കൂടാതെ ഒന്നിച്ചിരുന്നുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിംഗും ഇവര്‍ നടത്തുന്നുണ്ട്, ചില ഓഫീസുകളില്‍ വൈഫൈ സംവിധാനവും നിലവിലുള്ളത് ഇവര്‍ക്ക് ഏറെ പ്രയോജനവും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സര്‍വ്വീസിലിരുന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗം സര്‍ക്കാരിന് അധികബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.