രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ തള്ളി മല്യ

Friday 11 March 2016 8:56 pm IST

ന്യൂദല്‍ഹി: രാജ്യം വിട്ട് ലണ്ടനിലേക്ക് പോയെന്ന വാര്‍ത്തകള്‍ തള്ളി വിജയ് മല്യ. മുങ്ങല്‍ വാര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുന്നതിനിടെ ട്വിറ്ററിലായിരുന്നു മല്യയുടെ പ്രതികരണം. താനൊരു വ്യവസായിയാണ്. ഭാരതത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്. കോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ലെന്നും മല്യ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു മല്യയുടെ ട്വീറ്റ്. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ആരോപിച്ച മല്യ രാജ്യസഭാംഗമായ താന്‍ ഭാരത ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നതായും പറഞ്ഞു. 9000 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ലണ്ടനില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരത്തില്‍ ഹെര്‍ട്‌ഫോഡ്ഷയറില്‍ സെന്റ് ആല്‍ബന്‍സിനു സമീപം ടിവെന്‍ ഗ്രാമത്തിലെ ലേഡിവോക് എന്ന ബംഗ്ലാവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ടിവെനില്‍ ക്വീന്‍ ഹൂ തെരുവിലുള്ള കൊട്ടാരസമാനമായ ഈ ബംഗ്ലാവ് ഈ കൗണ്ടിയിലെ തന്നെ ഏറ്റവും വലിയ പാര്‍പ്പിടങ്ങളിലൊന്നാണ്. 9,000 കോടിയിലേറെ കടബാധ്യതകളില്‍നിന്ന് ഒളിച്ചോടി ലണ്ടനില്‍ വന്ന മല്യക്കു ലണ്ടന്‍ നഗരമധ്യത്തിലും ബംഗ്ലാവുണ്ട്. കോടിക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ വിജയ് മല്യ രാജ്യം വിടുന്നതു തടയാന്‍ ബാങ്കുകള്‍ നേരത്തെതന്നെ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് മല്യ ഭാരതം വിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.