കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് യോഗ പരിശീലനം നല്‍കും

Friday 11 March 2016 8:56 pm IST

  കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് 26 സി.ഡി.എസുകളിലെയും അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ബാലസഭ കുട്ടികള്‍ക്കും യോഗപരിശീലനം നല്‍കും. ഓരോ സി.ഡി.എസിലും പരമാവധി 50 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. യൂണിവേഴ്‌സിറ്റിയിലെ യോഗ ആന്റ് സ്ട്രസ്സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശീലനം നല്‍കുക. പരിശീലനം ലഭിക്കുന്നവര്‍ എ.ഡി.എസുകളിലും അയല്‍ക്കൂട്ട - ബാലസഭാ തലത്തിലും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കും. ഒന്നാം ഘട്ടത്തില്‍ ലഘുവ്യായാമങ്ങളിലൂടെയും കൗണ്‍സിലിംഗുകളിലൂടെയും മറ്റും മാനസ്സിക പിരിമുറുക്കം കുറക്കുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും ഉതകുന്ന പരിശീലനമാണ് നല്‍കുന്നത്. കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യ - മാനസ്സിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള സമഗ്ര പരിശീലനമാണ് രണ്ടാംഘട്ടത്തില്‍ നല്‍കുക. അയല്‍ക്കൂട്ടാംങ്ങള്‍ക്കൊപ്പം ജില്ലാ മിഷനിലെ ഉദ്യോഗസ്ഥരെയും പരിശീലനത്തിലുള്‍പ്പെടുത്തും. സി.ഡി.എസ് തലത്തില്‍ നല്‍കുന്ന ആദ്യഘട്ട പരിശീലനംപൂര്‍ത്തിയാക്കുന്ന മുറക്ക് രണ്ടാംഘട്ട പരിശീലനം നല്‍കും. മൂന്ന് മണിക്കൂര്‍ നീളുന്നതായിരിക്കും പരിശീലനം. തൊട്ടടുത്ത രണ്ട് പഞ്ചായത്തുകളില്‍ രണ്ട് സെഷനുകളിലായാണ് ഒരു ദിവസം പരിശീലനം നല്‍കുക. രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചക്കുശേഷം 1 മുതല്‍ 4 വരെയുമാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. മാര്‍ച്ച് 31 നകം ജില്ലയിലെ മുഴുവന്‍ സി.ഡി.എസിലും പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.