കൊട്ടാരക്കര സംഭവം: എസ്‌ഐക്കെതിരെ നടപടി വേണം- ശശികല ടീച്ചര്‍

Friday 11 March 2016 11:07 pm IST

കൊട്ടാരക്കര: സ്ത്രീകളേയും കുട്ടികളേയും അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ കയറി ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത കൊട്ടാരക്കര എസ്‌ഐക്കെതിരെ അടിയന്തര നടപടി എടുക്കാന്‍ ആഭ്യന്തരവകൂപ്പ് തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അമ്മമാരേയും സമാനമനസ്‌കരേയും സംഘടിപ്പിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ മനുഷ്യാവകാശലംഘനത്തിനും തേര്‍വാഴ്ചയ്ക്കുമെതിരെ മനുഷ്യാവകാശകമ്മീഷനും വനിതാകമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ വീടുകയറിയുള്ള പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ അമ്മമാരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കൊടിക്കുന്നില്‍ സുരേഷും പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കൊട്ടാരക്കരയിലെ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമെന്ന് ശശികലടീച്ചര്‍ ചൂണ്ടിക്കാട്ടി. കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശ് ആര്‍എസ്എസ് പ്രചാരകനു നേരെ നടത്തിയ ലോക്കപ്പ്മര്‍ദ്ദനം പുറത്ത് വരാതിരിക്കാന്‍ പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. പോലീസ് വാഹനങ്ങള്‍ക്ക് നേരെ നടന്ന കല്ലേറില്‍ പ്രതികള്‍ പോലീസ് തന്നെയാണ്. സംഘപരിവാര്‍ സംഘടനകളുടെ മുന്നേറ്റം തടയാന്‍ ഇതിനെ പോലീസ് സ്റ്റേഷന്‍ ആക്രമണമായി ചിത്രീകരിക്കുകയായിരുന്നു. ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ശിവരാത്രി നാളില്‍ ആര്‍എസ്എസ് പ്രചാരകനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി വേണം. പരിക്കേറ്റ പ്രചാരകന്‍ ദിവസങ്ങളായി മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നിട്ടും ഇതുവരെ എസ്‌ഐ ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടാത്തത് കോണ്‍ഗ്രസും പോലീസും ചേര്‍ന്ന് നടത്തുന്ന നാടകത്തിന്റെ തെളിവാണെന്നും ടീച്ചര്‍ പറഞ്ഞു. സ്റ്റേഷന്‍ ആക്രമണം നടന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഈ രീതിയിലുള്ള എഫ്‌ഐആര്‍ പിന്‍വലിച്ച് സംഘപരിവാര്‍ നേതാക്കളെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ അടിയന്തിരമായി ഡിജിപി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെട്ടെന്നുണ്ടായ സംഭവത്തിന്റെ പേരില്‍ നാട്ടില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ആരാണ് പോലീസിന് അനുവാദം നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം. ആര്‍എസ്എസിനെ തകര്‍ക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് വിചാരിച്ചാല്‍ നടക്കില്ല. പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ജനലക്ഷങ്ങളുടെ ആരാധനാകേന്ദ്രമായ മഹാഗണപതിക്ഷേത്രത്തെ വിവാദത്തിലേക്ക് തള്ളിവിടാനാണ് കൊടിക്കുന്നില്‍ ശ്രമിച്ചത്. ഈ സംഭവത്തിന് പിന്നിലെ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിച്ചാല്‍ ഇത്തരക്കാരുടെ തനിനിറം പുറത്താകുമെന്നും ടീച്ചര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രചാരകനെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഡിവൈഎസ്പിയെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും അറിയിച്ചത് സംഘപരിവാര്‍ നേതാക്കളാണ്. അതനുസരിച്ച് ഈ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി നേതാക്കളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ റോഡില്‍ നിന്ന ആളുകള്‍ക്ക് നേരെ എസ്‌ഐയുടെ നേത്യത്വത്തിലുള്ള സംഘം ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു. സത്യമിതായിരിക്കെ ഒരു ക്രിമിനല്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ അതിക്രമങ്ങളെ പോലീസ് സ്റ്റേഷന്‍ ആക്രമണമായി ചിത്രീകരിക്കുകയാണെന്ന് ശശികല ടീച്ചര്‍ ആരോപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറിമാരായ വി, സുശികുമാര്‍, പൂത്തൂര്‍തുളസി, ആര്‍എസ്എസ് വിഭാഗ് പ്രചാരക് അനീഷ്, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് പി. ശശിധരന്‍പിള്ള, വൈസ്പ്രസിഡന്റ് എസ്. വിജയമോഹനന്‍, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, കെപിഎംഎസ് സംസ്ഥാനസമിതി അംഗം കോട്ടാത്തല സുരേഷ്, ഹിന്ദുഐക്യവേദി നേതാക്കളായ അജയകുമാര്‍, അനില്‍കുമാര്‍, ഡോ. മോഹന്‍ലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.