കതിരൂര്‍ മനോജ്‌ വധം: നുണപരിശോധനയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ പി.ജയരാജന്‍

Saturday 12 March 2016 1:07 am IST

കണ്ണൂര്‍/പാനൂര്‍: കതിരൂര്‍ മനോജ്‌ വധം. നുണപരിശോധനയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ പി.ജയരാജന്‍. റിമാന്‍ഡു കാലാവധി ഏപ്രില്‍ എട്ടിലേക്ക്‌ നീട്ടി. ഇന്നലെ ചോദ്യംചെയ്യല്‍ രാവിലെ പത്തേകാലോടെ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ അറിയില്ല, ഓര്‍മ്മയില്ലായെന്ന നിഷേധാത്മക മറുപടി തന്നെയാണ്‌ ജയരാജനില്‍ നിന്നും സിബിഐയ്‌ക്ക്‌ ലഭിച്ചത്‌. ഇതോടെ നുണപരിശോധനയ്‌ക്ക്‌ വിധേയമാകാന്‍ തയ്യാറാണോ എന്ന ചോദ്യം സിബിഐയില്‍ നിന്നുമുണ്ടായി. ഇതിനു തയ്യാറല്ലെന്നു ജയരാജന്റെ മറുപടിയും പൊടുന്നനെ തന്നെ വന്നു. ഒന്നാം പ്രതി വിക്രമന്‍, 11ാംപ്രതി കൃഷ്‌ണനെയും ഫോണില്‍ ബന്ധപ്പെട്ടുവെന്നത്‌ രേഖാമൂലം കാണിച്ചു കൊണ്ട്‌ സിബിഐ ചോദ്യമുയര്‍ത്തിയെങ്കിലും ഓര്‍മ്മയില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. മദ്യത്തിനടിമയായ വിക്രമനെ ബാംഗ്ലൂര്‍ നിംഹാന്‍സ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ ഏര്‍പ്പാടു ചെയ്‌തു കൊടുത്തത്‌ ജയരാജന്‍ ഏറ്റെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ബന്ധുക്കള്‍ വന്നു പറഞ്ഞപ്പോള്‍ സഹായം ചെയ്‌തതാണെന്നും മറുപടിയുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ മനോജ്‌ വധത്തില്‍ പങ്കാളികളാണെന്ന ചോദ്യത്തിനു അങ്ങിനെയുണ്ടെങ്കില്‍ അതിനു തനിക്കുത്തരവാദിത്വമില്ലായെന്ന മറുപടിയും സിബിഐയ്‌ക്ക്‌ ജയരാജന്‍ നല്‍കി. കേസില്‍ ഗൂഡാലോചനയില്‍ നിങ്ങള്‍ പങ്കെടുത്തത്‌ കേസിലെ പ്രതികളായ കിഴക്കെകതിരൂരിലെ മഹേഷ്‌, സുനില്‍കുമാര്‍ എന്നിവര്‍ സമ്മതിച്ചിട്ടുണ്ടെന്നും, തെളിവുകള്‍ കൈവശമുണ്ടെന്നും സിബിഐ പറഞ്ഞപ്പോള്‍ അതിനെപ്പറ്റി തനിക്കറിയില്ലെന്നു ജയരാജന്‍ മൊഴിഞ്ഞു. നാട്ടുകാരന്‍ എന്ന നിലയില്‍ മനോജിനെ അറിയാമായിരുന്നു. എന്നാല്‍ 16വര്‍ഷം മുന്‍പുളള പരിചയം മാത്രമാണ്‌ അത്‌. അതിനിങ്ങോട്ടു മനോജിനെ കുറിച്ചു എനിക്കറിയില്ലെന്നും, മനോജിനെ കൊല്ലാന്‍ ആസൂത്രണം നടത്തേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞ ജയരാജന്‍, മനോജ്‌ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളുടെ മകന്‍ ജെയിന്‍.പി.രാജ്‌ ഫെയ്‌സ്‌ബുക്കില്‍ കൊലയാളികള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചു വരികളെഴുതിയതിനെ കുറിച്ചു ചോദിച്ചപ്പോള്‍ പതറി. അതിനെ കുറിച്ചറിയില്ലെന്നു ആദ്യം പറഞ്ഞെങ്കിലും, സിബിഐ ആ പോസ്റ്റിനെതിരെ ജയരാജന്‍ പ്രസ്‌താവനയിറക്കിയതിന്റെ പത്രവാര്‍ത്ത കാണിച്ചപ്പോള്‍ ഓര്‍മ്മകുറവു കൊണ്ടു പറ്റിയ അബദ്ധമാണെന്നു തിരുത്തി. ഉച്ചയ്‌ക്ക്‌ 2.30ന്‌ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ജയരാജനെ കോടതി നടപടികള്‍ക്കായി മാറ്റി. നടപടികള്‍ പൂര്‍ത്തീകരിച്ച തലശേരി സെഷന്‍സ്‌ കോടതി ജഡ്‌ജി വി.ജി.അനില്‍കുമാര്‍ ഏപ്രില്‍ എട്ടിലേക്ക്‌ ജയരാജന്റെ റിമാന്‍ഡു നീട്ടി. തുടര്‍ന്ന്‌ ചോദ്യംചെയ്യല്‍ പുനരാരംഭിച്ചു.അറിയില്ല, ഓര്‍മ്മയില്ലായെന്ന ജയരാജന്റെ മറുപടിക്ക്‌, നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്‌ക്ക്‌ തയ്യാറാകുന്നതില്‍ കുഴപ്പമില്ലല്ലോയെന്നു സിബിഐയുടെ അവസാനത്തെ അടവു ജയരാജനെ കുഴയ്‌ക്കാനുളളതായിരുന്നു. അതിനു തയ്യാറല്ലായെന്ന മറുപടിയടക്കം വെച്ചു കൊണ്ടാണ്‌ സിബിഐ ഇന്നലെ കോടതിയില്‍ റിമാന്‍ഡു റിപ്പോര്‍ട്ടു നല്‍കിയത്‌. കേസന്വേഷണം മുന്നോട്ടു പോകാന്‍ കസ്റ്റഡിയില്‍ ലഭിക്കാതെ സാധ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ചോദ്യംചെയ്യാന്‍ കോടതി അനുവദിച്ച മൂന്നു ദിവസത്തെ സമയം ഇന്നലെ ആറുമണിയോടെ അവസാനിച്ചു. ഇന്നലെയും ജയില്‍സുപ്രണ്ട്‌ ചോദ്യംചെയ്യുന്ന കോണ്‍ഫറന്‍സ്‌ ഹാളില്‍ തന്നെയുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ പുറത്തുപോയെങ്കിലും ഉടനടി തിരിച്ചെത്തുകയും ചെയ്‌തു. കേസന്വേഷണത്തിന്റെ തുടര്‍നടപടികള്‍ക്കു ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത്‌ അത്യാവശ്യമാണെന്ന നിലപാടിലാണ്‌ സിബിഐ.അതിനായി കോടതിയെ അടുത്തദിവസം തന്നെ സമീപിക്കും. ഡിവൈഎസ്‌പി ഹരിഓംപ്രകാശ്‌, സിഐമാരായ സലീം, അനീഷ്‌ജോയി എന്നിവരുടെ നേതൃത്വത്തിലാണ്‌ ചോദ്യംചെയ്യല്‍ നടന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.