തെലുങ്കാനയില്‍ നിന്നുള്ള പഠനസംഘം കൊട്ടാരക്കരയില്‍

Saturday 12 March 2016 11:58 am IST

thelunkana members team visit, ktr

കൊട്ടാരക്കര: കേരളത്തിലെ ത്രിതല പഞ്ചായത്ത്‌രാജ് സംവിധാനത്തെകുറിച്ച് പഠിക്കാന്‍ തെലുങ്കാനയില്‍ നിന്നൊരു സംഘം. തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ നിന്നുള്ള ജില്ലാപഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയത്.
വാറങ്കല്‍ ജില്ലാപഞ്ചായത്ത്് പ്രസിഡന്റ് ഗദ്ദാല പദ്മ, വൈസ് പ്രസിഡന്റ് ചെട്ടുപെല്ലി മുരളീധര്‍ എന്നിവര്‍ അടങ്ങുന്ന 57 അംഗ സംഘമാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ എത്തിയത്. കേരളത്തില്‍ മൂന്നുദിവസത്തെ പഠനയാത്രയാണ് സംഘത്തിന്റെ ലക്ഷ്യം. കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ച് പഠിക്കുവാന്‍ വേണ്ടിയാണ് സംഘത്തിന്റെ വരവ്.
തെലുങ്കാന പഞ്ചായത്ത് രാജ് ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം കേരളത്തില്‍ എത്തിയത്. കേരളത്തിലെ പഞ്ചായത്ത്‌രാജ് സംവിധാനം മികച്ചതാണ്. കേട്ടറിവ് മാത്രമുള്ള കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനം തെലുങ്കാനയെക്കാള്‍ മികച്ചതാണെന്നും വനിതാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ഗദ്ദാല പദ്മ പറഞ്ഞു. കേരളത്തില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കുവാനുണ്ട്. അധികാരം പഞ്ചായത്ത് സംവിധാനങ്ങളിലേക്ക് വ്യാപിപ്പിച്ചത് ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ വളരെ വേഗം എത്തിച്ചു നല്‍കുവാന്‍ കഴിയും. അതുപോലെ തന്നെ ഗ്രാമസഭകളും അയല്‍സഭകളും കേരളത്തിന്റെ നേട്ടമാണ്. ഈ സംവിധാനങ്ങളെല്ലാം തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഗദ്ദാല പദ്മ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എത്തിയ സംഘം പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. ഭാരത സര്‍ക്കാരിന്റെ ഗവേര്‍ണന്‍സ് അവാര്‍ഡ് ലഭിച്ച പഞ്ചായത്താണ് ഇത്. വെളളിയാഴ്ച കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ 57 അംഗ സംഘം സന്ദര്‍ശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.
കൊല്ലം ജില്ലാ പഞ്ചായത്തിലെത്തി ജീവനക്കാരുമായും ജനപ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി. ഇന്ന് സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഫീല്‍ഡ്തല സന്ദര്‍ശനം നടത്തും. സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി സി.ശശിധരന്‍പിള്ള, സീനിയര്‍ ഫാക്കല്‍ട്ടി അംഗം ഡോ. ഉമ്മന്‍ ജോണ്‍ എന്നിവരാണ് പഠനയാത്രാ സംഘത്തെ കേരളത്തില്‍ നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.