ഗൃഹസ്ഥാശ്രമജീവിതം - മനസ്സിന് വിശുദ്ധിയും ഉള്‍ക്കാഴ്ചയും വെളിച്ചവും

Saturday 12 March 2016 7:56 pm IST

അച്ഛനമ്മമാരായ നിങ്ങള്‍ക്ക് ഗൃഹസ്ഥാശ്രമജീവിതം ക്ലേശകരമായ സുദീര്‍ഘ തപശ്ചര്യയാണ്. അതൊരു ധീരമായ ഉദ്യമമാണ്. സാഹസികമായ ഈശ്വരാന്വേഷണമാണ്. സത്യത്തെ കണ്ടറിയാനുള്ള ഒരു ഗവേഷണമാണത്. ഈ തപശ്ചര്യയാണ് നിങ്ങളുടെ മനസ്സിന് വിശുദ്ധിയും ഉള്‍ക്കാഴ്ചയും വെളിച്ചവും കാഴ്ചപ്പാടിനു വിശാലതയും പ്രജ്ഞക്ക് പ്രകാശവും നല്‍കുന്നത്. സകലവിധ ബന്ധനങ്ങളില്‍നിന്നും അത് നിങ്ങളെ മോചിപ്പിക്കും. ഭൗതികസുഖലോലുപതയില്‍നിന്ന് വ്യതിരിക്തമായ ഈ തപശ്ചര്യ, ഈശ്വരാന്വേഷണത്തിന്റെ ഹൃദയത്തില്‍ ജ്വലിക്കുന്ന ഭാവാത്മകമായ ആത്മീയാഗ്‌നിയാണ്. നിങ്ങളുടെ അഭിലാഷങ്ങളില്‍ ഈശ്വരന് സ്ഥാനമില്ലെങ്കില്‍ പിന്നെവിടെയാണ് സൗന്ദര്യം? എവിടെയാണ് ജീവിതം. നിങ്ങളുടെ കര്‍ത്തവ്യങ്ങളും ചുമതലകളും സാന്മാര്‍ഗികധര്‍മ്മങ്ങളും പരീക്ഷണങ്ങളും പീഡനാനുഭവങ്ങളും കഠിനമായ ദുരിതങ്ങളുമെല്ലാം ഈ തപസ്സിന്റെ വിവിധ ഭാവങ്ങളായിട്ടാണ് വീക്ഷിക്കേണ്ടത്. ഈ തപശ്ചര്യയുടെ തീനാളങ്ങളില്‍ക്കൂടി നിങ്ങള്‍ പൂര്‍വ്വാധികം ശുദ്ധീകൃതരും സുശക്തരുമായി ഭവിക്കണം. ഗാര്‍ഹികജീവിതത്തോട് ബന്ധപ്പെട്ട ഗാഢസൗഹൃദം, ആനന്ദം, ദൃഢമായ മമതാബന്ധം, സുഖം, സമാശ്രയത്വം പ്രശ്‌നങ്ങള്‍ ക്ലേശങ്ങള്‍ ഇവയെല്ലാം ഏവര്‍ക്കുമറിയാം. ഈ അറിവിന് ജീവിതത്തെയും കുടുംബത്തെയും വ്യക്തിത്വത്തെയും ധന്യമാക്കുന്ന ഘടകങ്ങള്‍ നിങ്ങളുടെ സത്യാന്വേഷണവും ഈശ്വരപ്രേമവും ധര്‍മ്മനിഷ്ഠയും സ്വാര്‍ത്ഥപരിത്യാഗത്തിനുള്ള കഴിവും ക്രമാനുഗതമായ ആധ്യാത്മികശിക്ഷണത്തിലൂടെ നിങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള നിസ്സീമശക്തിയുമാണ്. ദുര്‍ബലര്‍ക്കും ഭീരുക്കള്‍ക്കും ആധ്യാത്മികശക്തിയില്ലാത്തവര്‍ക്കും ചഞ്ചലമനസ്‌കര്‍ക്കും സംശയാലുക്കള്‍ക്കും വെറുതെ വിലപിക്കുന്നവര്‍ക്കും ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതവും ഗൃഹസ്ഥാശ്രമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളറിയാനോ പരമോല്‍കൃഷ്ടമായ ആദ്ധ്യാത്മികശക്തിയുടെ സന്ദേശം ഗ്രഹിക്കാനോ കഴിവുണ്ടായിരിക്കുകയില്ല. ശ്രീരമാദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.