ചാവേറാകാന്‍ അണികളില്ല

Saturday 12 March 2016 9:26 pm IST

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ നിലപാട് സ്വീകരിച്ചത് പാര്‍ട്ടിയില്‍ തനിക്കായി ചാവേറാകാന്‍ ആരുമില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍. പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ലോബിയോട് ഏറ്റുമുട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാനുള്ള പിന്തുണ ഇന്ന് പാര്‍ട്ടിയില്‍ വിഎസിനില്ല. കേന്ദ്രനേതൃത്വം മാത്രമാണ് വിഎസിന് ആശ്രയം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി പട്ടിക അവതരിപ്പിച്ചതോടെ ഇക്കാര്യം വ്യക്തമായി, വിഎസിനെ പാലക്കാട്ടുകാര്‍ക്കും വേണ്ട. എന്നാല്‍ ഇക്കുറി തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആരുമില്ല. 2006ലും, 2011ലും അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുമെന്ന പ്രചരണം ഉണ്ടായപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്റെ ഭീഷണി പോലും അവഗണിച്ച് നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകരാണ് വിഎസിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്. ഇവരില്‍ പലരും ഇന്ന് പാര്‍ട്ടിക്ക് പുറത്താണ്. ചിലരെ ഔദ്യോഗിക പക്ഷം തല്ലിയൊതുക്കി, പ്രമുഖ വിഎസ് പക്ഷക്കാര്‍ പലരും നിലനില്‍പ്പിനായി പിണറായി പക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി നല്ല കുട്ടികളായി. ഔദ്യോഗിക പക്ഷത്തോട് ഒരു കാലത്ത് നേര്‍ക്കു നേര്‍ പോരാടിയ വിഎസ് പക്ഷം ഇന്ന് ഛിന്നഭിന്നമായി കഴിഞ്ഞു. തനിക്കൊപ്പം അണിനിരന്നതിന്റെ പേരില്‍ വെട്ടിനിരത്തപ്പെട്ട നേതാക്കളെയോ, അണികളെയോ സംരക്ഷിക്കാന്‍ വിഎസ് ശ്രമിച്ചതുമില്ല. വിഎസിനൊപ്പം നിലകൊണ്ടു എന്നതിന്റെ പേരില്‍ മാത്രം ബ്രാഞ്ചു കമ്മറ്റിയിലും, ലോക്കല്‍ കമ്മറ്റിയിലും ഒതുക്കപ്പെട്ട യുവനേതാക്കള്‍ നിരവധിയാണ്. വിഎസിന് എറ്റവും കൂടുതല്‍ അനുയായികളുള്ള ആലപ്പുഴയില്‍ പോലും ഇത്തവണ തെരുവിലിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരുമുണ്ടാകില്ലെന്ന് ഔദ്യോഗിക പക്ഷം ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം വിഎസിനെ മാത്രമല്ല, വിഎസ് പക്ഷക്കാരുടെ കൂടി ചിറകരിയുന്നതായിരുന്നു. എക്കാലത്തും പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വിഎസിന് കരുത്തായി നിന്നത് എസ്എന്‍ഡിപിയുമായുള്ള ബന്ധവും, ഈഴവ വോട്ട് ബാങ്കുമായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരുവിനെ തെരുവില്‍ കുരിശില്‍ തറച്ച് അപമാനിച്ച സംഭവത്തിലും തുടര്‍ന്ന് മൈക്രോഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിലും എസ്എന്‍ഡിപി നേതാക്കളെ വേട്ടയാടുന്നതിലും സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെക്കാള്‍ മുന്നില്‍ നിന്നതും അച്യുതാനന്ദനായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ വിഎസിനായി കണ്ണീര്‍ പൊഴിയ്ക്കാന്‍ പാര്‍ട്ടിയിലും പുറത്തും ആരുമില്ലാത്ത അവസ്ഥയാണ്. ഔദ്യോഗിക പക്ഷം കുഴിച്ച കുഴിയില്‍ വിഎസ് കൃത്യമായി വീണു കഴിഞ്ഞു. ഇനി വിഎസിന്റെ കടിഞ്ഞാണ്‍ പിണറായി പക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. ഇത് വ്യക്തമായി മനസ്സിലായ സാഹചര്യത്തിലാണ് അച്യുതാനന്ദന്‍ താന്‍ മത്സരിക്കാനില്ലെന്ന് നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. പാര്‍ട്ടി ഘടകം പോലുമില്ലാതെ ഒരു വര്‍ഷത്തിലേറെയായി അപമാനിക്കപ്പെട്ട അച്യുതാനന്ദനെ കാത്തിരിക്കുന്നത് പാര്‍ട്ടിയില്‍ നിന്നുള്ള പൂര്‍ണമായുള്ള തമസ്‌ക്കരിക്കലാണ്. പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ള വിഎസിന് നൃപന്‍ ചക്രവര്‍ത്തിയുടെ ഗതിയാകും ഉണ്ടാകുകയെന്ന് ഔദ്യോഗിക പക്ഷ നേതാക്കളില്‍ ഒരു വിഭാഗം നേരത്തെ ആക്ഷേപിച്ചിരുന്നു. സീതാറാം യെച്ചൂരി കനിഞ്ഞില്ലെങ്കില്‍ എന്താകും വിഎസിന്റെ അവസ്ഥയെന്ന് കാത്തിരുന്ന് കാണണമെന്ന് വിഎസിന്റെ ഉറച്ച അനുയായികള്‍ പോലും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.